ഒറ്റദിവസം തന്നെ രാജ്യത്ത് ആറ് എച്ച്എംപിവി കേസുകൾ റിപ്പോർട്ട് ചെയ്തു.
ചൈനയിൽ ഹ്യൂമൺ മെറ്റാ ന്യൂമോ വൈറസ് (HMPV) രോഗബാധ വ്യാപകമായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്ന് ഒറ്റദിവസം തന്നെ ഇന്ത്യയില്‍ ആറ് എച്ച്എംപിവി കേസുകൾ റിപ്പോർട്ട് ചെയ്തു. ആദ്യം ബെംഗളൂരുവിലാണ് എച്ച്എംപിവി രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടുപിന്നാലെ ഗുജറാത്തിലും തമിഴ്നാട്ടിലും പിന്നാട് പശ്ചിമബംഗാളിലും രോഗം സ്ഥിരീകരിച്ചു, ഇന്ന് ഒറ്റ ദിവസം തന്നെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എട്ട് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബെംഗളൂരുവിൽ രണ്ട്, ഗുജറാത്തിൽ ഒന്ന്, ചെന്നൈയിൽ രണ്ട്, കൊൽക്കത്തയിൽ മൂന്ന് എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് 19 പോലെ പുതിയൊരു വൈറസല്ല എച്ച്എംപിവി എന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐസിഎംആർ അറിയിച്ചു.
ബംഗളൂരു യെലഹങ്കയിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ ചികിത്സ തേടിയ എട്ടും മൂന്നും മാസം പ്രായമുള്ള ആൺകുഞ്ഞിനും പെൺകുഞ്ഞിനുമാണ് രോഗബാധ ആദ്യം കണ്ടെത്തിയത്. ബ്രോങ്കോ ന്യുമോണിയ ബാധിച്ച് ചികിത്സ തേടിയ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിന് കഴിഞ്ഞയാഴ്ചയാണ് രോഗബാധ സ്ഥിരീകരിച്ചത്. അഡ്മിറ്റ് ചെയ്ത കുഞ്ഞിന്‍റെ സാമ്പിളുകൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായ കുഞ്ഞിനെ ഡിസ്ചാർജ് ചെയ്ത ശേഷമാണ് വൈറസ് ബാധയുണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചത്.
ജനുവരി 3-നാണ് ഇതേ ആശുപത്രിയിൽ എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനും രോഗം സ്ഥിരീകരിക്കുന്നത്. ഈ കുഞ്ഞിനും ബ്രോങ്കോന്യുമോണിയയുണ്ടായിരുന്നു. ചെന്നൈയിലെ ഗിണ്ടി, തേനാംപേട്ട് എന്നിവിടങ്ങളിൽ ചികിത്സ തേടിയ രണ്ട് കുട്ടികൾക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. കൊൽക്കത്തയിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ഈ രോഗബാധ റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ നവംബറിലാണ്. അഹമ്മദാബാദിലെ ചാന്ദ് ഖേഡയിൽ ഈ രോഗബാധ കണ്ടെത്തിയിരിക്കുന്നതും അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനാണ്.
2001-ൽ കണ്ടെത്തിയ വൈറസാണെങ്കിലും എച്ച്എംപിവിക്കായി പ്രത്യേക പരിശോധനകൾ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നടക്കാറുണ്ടായിരുന്നില്ല. കൊവിഡ് 19 പോലെ പുതിയ വൈറസല്ല എച്ച്എംപിവി. നമ്മുടെ രാജ്യത്ത് പലർക്കും ഈ രോഗബാധ വന്ന് പോയിരിക്കാം. സാധാരണ ജലദോഷപ്പനിയുടെ ലക്ഷണങ്ങൾ കാണിക്കുന്ന ഈ വൈറസ് അപൂർവം കേസുകളിൽ മാത്രമാണ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നത്.
എന്നാൽ ചൈനയിൽ രോഗബാധ പൊട്ടിപ്പുറപ്പെട്ടതോടെയാണ് ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളിലും പരിശോധനകൾ ശക്തമാക്കിയത്. ചൈനയിലെ രോഗബാധയുടെ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ലോകാരോഗ്യസംഘടന മറ്റ് രാജ്യങ്ങൾക്കും നൽകുന്നുണ്ട്. അതിനാൽ സ്ഥിതി സമഗ്രമായി വിലയിരുത്തി മുന്നോട്ട് പോകുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയവും അറിയിക്കുന്നു. ശ്വാസകോശസംബന്ധിയായ അസുഖങ്ങളുടെ സാഹചര്യം വിലയിരുത്തി വരികയാണെന്നും വലിയ ക്ലസ്റ്ററുകളായുള്ള വർദ്ധന ഇത്തരം രോഗങ്ങളിൽ ഇന്ത്യയിലുണ്ടായിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്എംപിവി) ഒരു പുതിയ വൈറസല്ലെന്നും 2001ലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞതെന്നും വർഷങ്ങളായി ഈ വൈറസ് ലോകമെമ്പാടും വ്യാപിക്കുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ തിങ്കളാഴ്ച പറഞ്ഞു. തിങ്കളാഴ്ച ഇന്ത്യയിൽ ആകെ എട്ട് എച്ച്എംപിവി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പരാമർശം. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള എച്ച് എം പിവി രോഗത്തിന്‍റെ ഏത് വ്യാപനവും കൈകാര്യം ചെയ്യാൻ രാജ്യം സുസജ്ജമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചു പറഞ്ഞു. ഇത് വായുവിലൂടെയും ശ്വസനത്തിലൂടെയും പടരുന്നുവെന്നും എല്ലാ പ്രായത്തിലുമുള്ള ആളുകളെ ബാധിക്കുമെന്നും എടുത്തുകാണിച്ചു. ശൈത്യകാലത്തും വസന്തത്തിൻ്റെ തുടക്കത്തിലുമാണ് വൈറസ് കൂടുതൽ പടരുന്നത്, ജെപി നദ്ദ കൂട്ടിച്ചേർത്തു. “രാജ്യത്തെ ആരോഗ്യ സംവിധാനങ്ങളും നിരീക്ഷണ ശൃംഖലകളും ജാഗ്രതയോടെ തുടരുന്നു, ഉയർന്നുവരുന്ന ആരോഗ്യ വെല്ലുവിളികളോട് ഉടനടി പ്രതികരിക്കാൻ രാജ്യം തയ്യാറാണെന്ന് ഉറപ്പാക്കുന്നു. വിഷമിക്കേണ്ട കാര്യമില്ല. ഞങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്,” നദ്ദ പറഞ്ഞു.
“സമീപകാല റിപ്പോർട്ടുകളിൽ, ചൈനയിലെ എച്ച്എംപിവി കേസുകൾ, ആരോഗ്യ മന്ത്രാലയം, ഐസിഎംആർ, നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ എന്നിവ ചൈനയിലെയും അയൽ രാജ്യങ്ങളിലെയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. WHO വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ സ്ഥിതിഗതികൾ മനസ്സിലാക്കി, അതിൻ്റെ റിപ്പോർട്ട് ഉടൻ ഞങ്ങളുമായി പങ്കിടും. ഐസിഎംആർ, ഇൻ്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം എന്നിവയ്‌ക്കൊപ്പം ലഭ്യമായ ശ്വാസകോശ വൈറസുകൾക്കായുള്ള രാജ്യ ഡാറ്റയും അവലോകനം ചെയ്തിട്ടുണ്ട്, കൂടാതെ ഇന്ത്യയിൽ സാധാരണ ശ്വാസകോശ വൈറൽ രോഗകാരികളിൽ ഒരു കുതിച്ചുചാട്ടവും നിരീക്ഷിക്കപ്പെടുന്നില്ല. സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ജനുവരി 4 ന് ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറലിൻ്റെ അധ്യക്ഷതയിൽ സംയുക്ത മോണിറ്ററിംഗ് ഗ്രൂപ്പ് യോഗം ചേർന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
HMPV ആദ്യമായി കണ്ടെത്തിയത് 2001 ലാണ്, ഇത് Paramyxoviridae കുടുംബത്തിൽ പെട്ടതാണ്. ഇത് റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസുമായി അടുത്ത ബന്ധമുള്ളതാണ്. ചുമ, തുമ്മൽ എന്നിവയിൽ നിന്നുള്ള ശ്വസന തുള്ളികളിലൂടെയും അതുപോലെ മലിനമായ പ്രതലങ്ങളിൽ സ്പർശിക്കുന്നതിലൂടെയോ രോഗബാധിതരായ വ്യക്തികളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെയോ ഇത് പടരുന്നു.