ദേശീയ പണിമുടക്ക് ആരംഭിച്ചു. കേരളത്തില്‍ ബന്ദ്…!
രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് തുടങ്ങി. അർധരാത്രി 12 മണിക്ക് ആരംഭിച്ച ദേശീയ പണിമുടക്ക് കേരളത്തിൽ അക്ഷരാർത്ഥത്തിൽ ബന്ദ് ആകാനാണ് സാധ്യത. പണിമുടക്ക് നേരിടാൻ സംസ്ഥാന സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ സ്പോൺസേഡ് പണിമുടക്ക് എന്ന വിമർശനങ്ങൾക്കിടെയാണ് ഡയസ്നോൺ നടപടി. ശുദ്ധജലം, പാൽ, പത്ര വിതരണം, ആശുപത്രി പ്രവർത്തനം തുടങ്ങിയവയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കെ എസ് ആർ ടി സി സർവീസുകൾ പതിവു പോലെയെന്ന് ഗതാഗതമന്ത്രി പറഞ്ഞത് സർക്കാരിനെയും മുന്നണിയെയും സി പി എമ്മിനെയും ഞെട്ടിച്ചുണ്ട്. ബസുകൾ നിരത്തിലിറക്കിയാൽ അപ്പോൾ കാണാമെന്ന് സി ഐ ടി യു സംസ്ഥാന അധ്യക്ഷനും എല്‍ഡിഎഫ് കണ്‍വീനറുമായ ടി പി രാമകൃഷ്ണൻ തന്നെ വെല്ലുവിളിച്ചെങ്കിലും സർവീസുമായി മുന്നോട്ട് പോകാനാണ് കെ എസ് ആർ ടി സിയുടെ തീരുമാനം. ഇതിനായി കെ എസ് ആർ ടി സി ആവശ്യപ്പെട്ടതനുസരിച്ച് പൊലീസ് സംരക്ഷണമടക്കം ലഭിച്ചിട്ടുണ്ട്. എങ്കിലും നിലവിലെ സാഹചര്യത്തിൽ കെ എസ് ആർ ടി സി, സ്വകാര്യ ബസുകൾ, ടാക്സി, ഓട്ടോ, സ്കൂളുകൾ, ബാങ്ക്, സർക്കാർ ഓഫിസുകൾ തുടങ്ങിയവയെ എല്ലാം പണിമുടക്ക് ബാധിക്കാനാണ് സാധ്യത. കെ എസ് ആർ ടി സിയിലെ ബഹുഭൂരിപക്ഷം ജീവനക്കാരും സ്വകാര്യ ബസ് ജീവനക്കാരും ഓട്ടോ, ടാക്സി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കും. അതു കൊണ്ടു തന്നെ സ്വകാര്യ വാഹനങ്ങൾ മാത്രമേ റോഡിലിറങ്ങാൻ സാധ്യതയുള്ളൂ.
പണിമുടക്കുന്നവരിൽ ബാങ്ക് ജീവനക്കാരും ഉൾപ്പെടുന്നതിനാൽ ബാങ്കുകളും പൂട്ടിക്കിടക്കും. കളക്റ്ററേറ്റ് ഉൾപ്പെടെ ഉള്ള കേന്ദ്ര – സംസ്ഥാന സർക്കാർ ഓഫിസുകളും നിശ്ചലമാകുമെന്ന് ഉറപ്പാണ്. സ്കൂൾ, കോളേജ് അധ്യാപകരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിട്ടില്ല. സ്വകാര്യ സ്കൂളുകൾ പ്രവർത്തിക്കുമെന്ന് അറിയിപ്പുണ്ടെങ്കിലും പ്രായോഗികമാകുമോ എന്നത് കണ്ടറിയണം. സർക്കാർ സ്കൂളുകൾ പ്രവർത്തിക്കാൻ സാധ്യതയില്ല. കാലിക്കറ്റ്, കണ്ണൂർ, കേരള, എം ജി സർവകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. ഫാക്ടറികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയും അറഞ്ഞു കിടക്കും. മാളുകളും കടകളും മറ്റു വാണിജ്യ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല. സ്വകാര്യ വാഹനങ്ങൾ പുറത്തിറക്കാതെയും കടകൾ തുറക്കാതെയും സഹകരിക്കണമെന്ന് വിവിധ തൊഴിലാളി യൂണിയനുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

