കടലമ്മ കനിയുന്നില്ല..!! കടലോരം പരിഭ്രാന്തിയിൽ
ആലപ്പുഴ കടലോര നിവാസികൾ പരിഭ്രാന്തിയിൽ കഴിയാൻ തുടങ്ങിയിട്ട് ആഴ്ചകൾ ആയി. കടലിന്റെ ഓരോ ഇരമ്പലും കടലോരഹൃദയങ്ങളിൽ തീ കോരിയിടുന്നു
ആലപ്പുഴ/അന്പലപ്പുഴ: കാലവർഷം കനക്കും മുന്പേ കടൽ കലിതുള്ളിയതോടെ തീരവാസികൾ ദുരിതക്കയത്തിൽ. അന്പലപ്പുഴ, ചേർത്തല, കാർത്തികപ്പള്ളി താലൂക്കുകളിലെ വിവിധ പ്രദേശങ്ങളിലാണ് രൂക്ഷമായ കടലാക്രമണം അനുഭവപ്പെടുന്നത്. ശക്തമായ കടൽ പലയിടങ്ങളിലും കരകവരുകയാണ്. അന്പലപ്പുഴ താലൂക്കിലാണ് കടൽക്ഷോഭം കൂടുതൽ ശക്തം. അന്പലപ്പുഴ, കാട്ടൂർ മേഖലകളിലെ തീരപ്രദേശങ്ങളിലാണ് കടലാക്രണം കൂടുതൽ. അഞ്ചുവീടുകൾ പൂർണമായും 25വീടുകൾ ഭാഗികമായും കടലേറ്റത്തിൽ തകർന്നു. ഏകദേശം 28 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.
അന്പലപ്പുഴ വടക്ക് പഞ്ചായത്തിലെ ഒന്ന്, 15,.17 വാർഡുകളിലാണ് കടൽക്ഷോഭം രൂക്ഷമായത്. വീടുകളിലടക്കം വെള്ളം കയറിയതിനാൽ ജനങ്ങൾ പ്രദേശത്തുനിന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിയിട്ടുണ്ട്. 49 കുടുംബങ്ങൾ എസ്ഡിവി ഗവ. യുപി സ്കൂളിലാരംഭിച്ച ദുരിതാശ്വാസ ക്യാന്പിലുണ്ട്. കടൽഭിത്തിയുള്ള പ്രദേശങ്ങളിൽപ്പോലും തിരമാലകൾ തീരത്തേക്ക് എത്തുന്നത് ജനങ്ങളിൽ ആശങ്ക വളർത്തുന്നു. കാക്കാഴം മുതൽ പുന്നപ്ര ഫിഷ്ലാൻഡിംഗ് പ്രദേശത്താണ് കടലാക്രമണം കൂടുതൽ രൂക്ഷം.
തൃക്കുന്നപ്പുഴ ഭാഗത്തു നിന്നു വരുന്ന ബസുകൾ ആറാട്ടുപുഴ ബസ് സ്റ്റാൻഡിൽ യാത്ര അവസാനിപ്പിച്ചു മടങ്ങുകയാണ്. കായംകുളത്തു നിന്നു വരുന്നവ കളളിക്കാട്ട് വരെയെത്തി തിരികെപ്പോകും. കല്ലുകൾ നിരന്ന റോഡിൽ തിങ്കളാഴ്ച ഉച്ചയ്ക്കു സ്കൂട്ടർ യാത്രികനും അപകടത്തിൽപെട്ടു. ചിലയിടങ്ങളിൽ കടൽ തിരമാലകൾ കടൽ ഭിത്തിക്കു മുകളിലൂടെ തീരദേശപാതയിലേക്കു പതിക്കുന്നുണ്ട്.