പീഢന പരാതികള്‍ നേരിട്ടു നല്‍കാന്‍ ‘ഷീബോക്സ്’ പോര്‍ട്ടലുമായി കേന്ദ്രസര്‍ക്കാര്‍.
കേരളത്തിൽ സിനിമാമേഖലയുമായി ബന്ധപ്പെട്ട ഹേമകമ്മിറ്റി റിപ്പോർട്ട് ചർച്ചയായിരിക്കെ സ്ത്രീകൾക്ക് ലൈംഗികാതിക്രമങ്ങളിൽ നിന്ന് മുക്തവും സുരക്ഷിതവുമായ ജോലിസ്ഥലം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ, സ്ത്രീകൾക്കെതിരായി ജോലി സ്ഥലങ്ങളില്‍ ഉണ്ടാകുന്ന ലൈംഗിക പീഡന പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള കേന്ദ്രീകൃത പ്ലാറ്റ്‌ഫോമായ ഷീ-ബോക്‌സ് പോർട്ടലിന് കേന്ദ്ര വനിത ശിശുവികസന മന്ത്രാലയം തുടക്കം കുറിച്ചു. https://shebox.wcd.gov.in/ എന്ന പോർട്ടൽ ആണ് വനിത ശിശുക്ഷേമ മന്ത്രി അന്നപൂർണാദേവി ഉദ്ഘാടനം ചെയ്തത്.
വ്യക്തിപരമായ വിവരങ്ങളും പരാതികളും പൊതുജനങ്ങൾക്ക് ലഭ്യമാക്കാതെ സുരക്ഷിതമായി ഇതിൽ രജിസ്റ്റർ ചെയ്യാം. ഷീ-ബോക്സിലൂടെ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിന്, സാധുവായ ഒരു ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും ആവശ്യമാണ്. രജിസ്റ്റര്‍ ചെയ്യുന്ന പരാതികള്‍ ജോലിസ്ഥലത്ത് സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക പീഡനം (തടയൽ, നിരോധനം, പരിഹാരം) നിയമം, 2013 (എസ്എച്ച് ആക്ട്) പ്രകാരം രാജ്യത്തുടനീളം രൂപീകരിച്ച ഇന്റേണൽ കമ്മിറ്റികള്‍ വഴി വിഷയത്തിൽ നടപടിയെടുക്കാൻ അധികാരപരിധിയുള്ള ബന്ധപ്പെട്ട അതോറിറ്റിക്ക് അത് നേരിട്ട് എത്തും. ഫയൽ ചെയ്യപ്പെടുന്ന പരാതികളുടെ തൽസ്ഥിതി അറിയാനും പോര്‍ട്ടലില്‍ സൗകര്യം ഒരുക്കിയിരിക്കുന്നു. സംഘടിതമോ അസംഘടിതമോ ആയി ജോലി ചെയ്യുന്ന എല്ലാ സ്ത്രീകൾക്കും അവളുടെ ജോലി നില പരിഗണിക്കാതെ ഒരു ഏകജാലക ആക്‌സസ് നൽകാനുള്ളകേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമത്തിന്‍റെ ഭാഗമാണ് ഈ ലൈംഗിക പീഡന ഇലക്ട്രോണിക് ബോക്‌സ് (SHe-Box).
2013-ലെ ജോലിസ്ഥലത്ത് സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമം (തടയൽ, നിരോധനം, പരിഹാരം) നിയമം ഇന്ത്യാ ഗവൺമെൻ്റ് (GoI) നടപ്പിലാക്കി. ഈ നിയമം സംഘടിതവും അസംഘടിതവുമായ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകളെ പരിപാലിക്കുകയും അവരുടെ പരാതികൾ തീർപ്പാക്കുന്നതിന് ഒരു പരിഹാര സംവിധാനം സ്ഥാപിക്കുകയും ചെയ്യുന്നു. അധികാരശ്രേണി പരിഗണിക്കാതെ, സംഘടിതമോ അസംഘടിതമോ, പൊതുമേഖലയോ സ്വകാര്യമോ ആയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ, അവരുടെ തൊഴിൽ നില പരിഗണിക്കാതെ എല്ലാ സ്ത്രീകളെയും ഈ നിയമം ഉൾക്കൊള്ളുന്നു. ഗാർഹിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളേയും ഈ നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.