ശ്രീലേഖ മിത്ര പരാതി നല്‍കി. രഞ്ജിത്തിനെതിരെ ജാമ്യമില്ലാ കുറ്റംചുമത്തി കേസെടുത്തു.
ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതി ലഭിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ശ്യാം സുന്ദർ. പരാതി നോർത്ത് പൊലീസിന് കൈമാറിയെന്നും ഐപിസി 354 (സ്ത്രീത്വത്തെ അപമാനിക്കൽ) പ്രകാരം പൊലീസ് കേസെടുത്തു. എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. കേസിലെ തുടർനടപടികൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദേശപ്രകാരം എടുക്കുമെന്നും കമ്മീഷ്ണർ പറഞ്ഞു. ജാമ്യമില്ല വകുപ്പാണ് ചുമത്തിയിട്ടുള്ളത്. ഇതോടെ അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യം തേടേണ്ട സാഹചര്യമാണ് രഞ്ജിത്തിനുള്ളത്. ആരോപണം ഉയര്‍ന്നതോടെ ചലച്ചിത്ര അക്കാദമി ചെയർമാന്‍ സ്ഥാനം രാജിവക്കുവാന്‍ രഞ്ജിത്ത് നിര്‍ബ്ബന്ധിതനാവുകയായിരുന്നു.
അതിക്രമം നടന്നത് കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ വെച്ചാണെന്നും പരാതിയില്‍ പറയുന്നുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ക്രിമിനല്‍ നിയമനടപടി സ്വീകരിക്കണമെന്നും ശ്രീലേഖ മിത്ര അയച്ച ഇമെയില്‍ പരാതിയിലുണ്ട്. രഞ്ജിത്ത് നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ശ്രീലേഖ പരാതി നല്‍കിയിരിക്കുന്നത്. സുപ്രീ കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച് സ്ത്രീകള്‍ക്കു നേരെ നടക്കുന്ന കുറ്റങ്ങള്‍ക്ക് സ്വമേധയ കേസെടുക്കാമെന്നിരിക്കെ കേസെടുക്കാന്‍ പരാതി വേണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് അറിഞ്ഞു. അതുകൊണ്ടാണ് രേഖാമൂലം ഇപ്പോള്‍ പരാതി നല്‍കുന്നതെന്നും ശ്രീലേഖ മിത്ര പരാതിയില്‍ ചൂണ്ടിക്കാട്ടി.
2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ എന്ന സിനിമയിൽ അഭിനയിക്കാൻ ക്ഷണിക്കുകയുണ്ടായി. തുടർന്ന് ചർച്ചയുടെ ഭാഗമായി കൊച്ചി കലൂർ കടവന്ത്രയിൽ രഞ്ജിത്ത് താമസിച്ചിരുന്ന ഫ്ലാറ്റിലേക്ക് വിളിച്ചു. ചർച്ചയ്ക്കിടെ, കൈയിൽ മുറുകെ പിടിക്കുകയും പിന്നീട് ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ഫ്ലാറ്റിൽനിന്ന് രക്ഷപ്പെട്ട് താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങിയെന്നും നടി പരാതിയിൽ പറയുന്നു.
സംഭവത്തിൽ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെൻ്ററി സംവിധായകൻ ജോഷി ജോസഫിനോടാണ്. എന്നാൽ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി വ്യക്തമാക്കിയിരുന്നു. പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്നായിരുന്നു ശ്രീലേഖ മിത്രയുടെ പ്രതികരണം.