സിസ്റ്റര്‍ അഭയുടെ നീതിക്കുവേണ്ടിയുള്ള അലച്ചില്‍ ഇന്ന് തീരുമോ…?. കാതോര്‍ത്ത് കേരളം

Print Friendly, PDF & Email

നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷം സിസ്റ്റർ അഭയ കൊലക്കേസിൽ പ്രത്യേക സി.ബി.ഐ. കോടതി ഇന്ന് വിധിപറയും. ഫാദർ തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിൽ വിചാരണ നേരിട്ട പ്രതികൾ. പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി കെ. സനിൽകുമാറാണ് കേസ് പരിഗണിച്ചത്. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് സി.ബി.ഐ. ആശ്രയിച്ചത്. 49 സാക്ഷികളെ വിസ്തരിച്ചെങ്കിലും എട്ടു നിർണായക സാക്ഷികൾ വിസ്താരവേളയില്‍ കൂറുമാറിയിരുന്നു. എന്നാല്‍, മോഷ്ടാവായിരുന്ന അടയ്ക്കാ രാജുവിന്റെ മൊഴിയും പൊതു പ്രവർത്തകനായ കളർകോട് വേണുഗോപാലിന്റെ മൊഴിയും പ്രോസിക്യൂഷന് ഏറെ സഹായകരമായി. പ്രോസിക്യൂഷനുവേണ്ടി സി.ബി.ഐ. പ്രോസിക്യൂട്ടർ എം. നവാസാണ് ഹാജരായിരുന്നത്.

1992 മാർച്ച് 27-നാണ് കോട്ടയം പയസ്സ് ടെൻത് കോൺവെന്റിലെ അന്തേവാസിയായ സിസ്റ്റർ അഭയയുടെ മൃതദേഹം കോൺവെന്റിലെ കിണറ്റിൽ കാണപ്പെട്ടത്. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിൽ എത്തുകയായിരുന്നു. സി.ബി.ഐ. അന്വേഷണം തുടങ്ങി 15 വർഷത്തിനുശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

കേരള കത്തോലിക്കാസഭയുടെ ക്രിയാത്മക സംഭാവനകളെയെല്ലാം നിഷ്പ്രഭമാക്കുന്നതാണ് കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെ കാലത്തോളം അഭയക്കേസിൽ കോട്ടയം ക്നാനായ രൂപതയും കേരള കത്തോലിക്കാ സഭയും സ്വീകരിച്ച നിലപാടുകൾ. സഭയുടെ ധാര്‍മ്മിക ബോധത്തിനേറ്റ കനത്ത അടിയായിരുന്നു അഭയ കേസിൽ സഭ സ്വീകരിച്ച ഈ നെറികെട്ട നിലപാടുകള്‍. പ്രതികളെ രക്ഷിക്കുവാനും കേസില്‍ നിന്ന് ഊരികൊണ്ടു പോരുവാനും സഭ കെട്ടിപ്പൊക്കിയ പ്രതിരോധങ്ങളെല്ലാം ജോമോൻ പുത്തൻപുരയ്ക്കൽ എന്ന ഒറ്റയാൾ പോരാളിയുടെ നിതാന്ത ജാഗ്രതക്കും നിയമയുദ്ധങ്ങള്‍ക്കും മുന്പില്‍ തകര്‍ന്നടിയുകയായിരുന്നു.

കാല്‍നൂറ്റാണ്ട് നീണ്ടു നിന്ന അഭൂതപൂര്‍വ്വമായ നിയമ യുദ്ധങ്ങളുടെ നാള്‍വഴികള്‍.
കോട്ടയം ബി.സി.എം കോളേജിലെ രണ്ടാം വർഷ പ്രീ-ഡിഗ്രി വിദ്യാർത്ഥിനിയും ക്നാനായ കത്തോലിക്കാ സഭയുടെ കീഴിലുള്ള സെന്റ് ജോസഫ് കോൺഗ്രിഗേഷനിലെ കന്യാസ്‌ത്രീയായിരുന്നു സിസ്റ്റർ അഭയ എന്ന 21വയസുകാരി. കോട്ടയം ജില്ലയിലെ അരീക്കരയിൽ അയിക്കരകുന്നേൽ തോമസിന്റെയും ലീലാമ്മയുടെയും ഏക മകളാണ്. അച്ഛൻ തോമസും ‘അമ്മ ലീലാമ്മയും നാലു വർഷം മുൻപ് മരിച്ചു.

1992 മാർച്ച് 27 ന് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ അഭയയുടെ മൃതദേഹം കാണപ്പെട്ടു. ആദ്യം കേസ് അന്വേഷിച്ച ലോക്കല്‍ പോലീസ് തെളിവുകള്‍ പൂര്‍ണ്ണമായും നശിപ്പിച്ച് അഭയയുടെ മരണം ആത്മഹത്യയാക്കാൻ വേണ്ടതെല്ലാം ചെയ്തിരുന്നു. ലോക്കൽ പോലീസിന്റെ ശ്രമത്തിനെതിരെ 1992 മാർച്ച് 31ന് കോട്ടയം മുനിസിപ്പൽ ചെയർമാൻ പി.സി.ചെറിയാൻ മടുക്കാനി പ്രസിഡന്റും, ജോമോൻ പുത്തൻപുരയ്ക്കൽ കൺവീനറുമായി ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതിനെ 17 ദിവസങ്ങള്‍ക്കു ശേഷം ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. ഒമ്പതര മാസത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ അഭയയുടെ മരണം ആത്മഹത്യ ആണെന്ന ലോക്കല്‍ പോലീസിന്‍റെ നിഗമനം ശരിവച്ചു കൊണ്ട് 1993 ജനുവരി 30 ന് കോട്ടയം ആർ.ഡി.ഒ കോടതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചു റിപ്പോർട്ട് നൽകി. എന്നാല്‍ ആക്‍ഷന്‍ കൗണ്‍സിലിന്‍റെ പരാതിയില്‍ 1992 മെയ് 18ന് സിബിഐ അന്വേഷണ ശുപാർശ ചെയ്‌തു കൊണ്ട് മുഖ്യമന്ത്രി കെ. കരുണാകരന്‍ ഉത്തരവിട്ടു.

സംസ്ഥാന സർക്കാരിന്റെ ശുപാർശയെത്തുടർന്ന് സിബിഐ അഭയ കേസിന്റെ അന്വേഷണം ഏറ്റെടുത്തു. സിബിഐ കൊച്ചി യൂണിറ്റ് ഡി.വൈ.എസ്.പി വർഗീസ് പി.തോമസിന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘത്തിനായിരുന്നു അന്വേഷണ ചുമതല. അഭയയുടെ മരണം ആത്മഹത്യയാണെന്നുള്ള ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് തള്ളികൊണ്ട് കൊലപാതകമാണെന്ന് സിബിഐ കണ്ടെത്തി. സിബിഐയുടെ കേസ് ഡയറിയിൽ കൊലപാതകമാണെന്ന് രേഖപ്പെടുത്തുകയും ചെയ്‌തു.1993 മാർച്ച് 29 ന് എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സിബിഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തു.എന്നാല്‍ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി വര്‍ഗ്ഗീസ് തോമസ് രാജിവക്കുന്നതാണ് ലോകം കണ്ടത്. 1994 മാർച്ച് 7 ന് എറണാകുളത്ത് പത്ര സമ്മേളനത്തിൽ അഭയയുടെ മരണം ആത്മഹത്യയാക്കാൻ അന്നത്തെ സിബിഐ എസ്.പി വി.ത്യാഗരാജൻ തൻ്റെ മേൽ സമ്മർദം ചെലുത്തിയെന്നും അതിന് വഴങ്ങാതെ വന്നപ്പോൾ പീഡിപ്പിച്ചെന്നും അതിനാലാണ് താന്‍ രാജി വച്ചതെന്നും സിബിഐ ഡി.വൈ.എസ്.പി വർഗീസ് പി.തോമസ് വെളിപ്പെടുത്തിയതോടെ അഭയക്കേസ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. വർഗീസ്.പി.തോമസിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അഭയക്കേസിന്റെ മേൽനോട്ട ചുമതലയിൽ നിന്നും സിബിഐ കൊച്ചി യൂണിറ്റ് എസ്.പി സ്ഥാനത്ത് നിന്നും വി.ത്യാഗരാജനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജോമോൻ പുത്തൻപുരയ്ക്കൽ 1994 മാർച്ച് 17 ന് ഹൈക്കോടതിയിൽ ഹർജി നൽകി. തുടര്‍ന്ന് അന്നത്തെ സിബിഐ ഡി.ഐ.ജി എം.എൽ ശർമയുടെ നേത്യത്വത്തിലുള്ള സിബിഐ സംഘം അഭയക്കേസ് അന്വേഷണം ഏറ്റെടുത്തു.

എം.എൽ ശർമയുടെ നേതൃത്വത്തിലുള്ള സിബിഐ സംഘം കോട്ടയത്ത് എത്തി പയസ് ടെൻത്കോൺവെന്റിലെ കിണറ്റിൽ ജയ്‌പൂരിലെ ഫോറൻസിക് വിദ്ധഗ്ധരുടെ സാന്നിധ്യത്തിൽ അഭയയുടെ ഡമ്മി പരീക്ഷണം നടത്തി. അഭയയുടെ മരണം കൊലപാതകമാണെങ്കിലും പ്രതികളെ പിടിക്കുവാൻ സിബിഐ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ലന്ന് കാണിച്ചു കൊണ്ട് അന്വേഷണം അവസാനിപ്പിക്കുവാൻ അനുമതി ചോദിച്ചു എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ 1996 ഡിസംബർ 6 ന് റിപ്പോർട്ട് കൊടുത്തു. സിബിഐ റിപ്പോർട്ട് തള്ളിക്കൊണ്ട് തുടരന്വേഷണം നടത്തുവാൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കെ.കെ.ഉത്തരൻ 1997 മാർച്ച് 20 ന് ഉത്തരവ് നൽകി.

രണ്ടാം തവണയും സിബിഐ അന്വേഷണം അവസാനിപ്പിച്ച് കൊണ്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ 1999 ജൂലൈ 12 ന് റിപ്പോർട്ട് സമർപ്പിച്ചു. സിബിഐ സമർപ്പിച്ച റിപ്പോർട്ട് തള്ളി കൊണ്ട് അഭയ കേസിൽ രണ്ടാം തവണയും തുടരന്വേഷണം നടത്താൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആന്റണി.റ്റി. മൊറൈസ് 2000 ജൂൺ 23 ന് ഉത്തരവിട്ടു. സിബിഐ അഭയ കേസിന്റെ അന്വേഷണം മൂന്നാം തവണയും അവസാനിപ്പിക്കാൻ അനുമതി ചോദിച്ച് കൊണ്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ 2005 ആഗസ്റ്റ് 30 ന് റിപ്പോർട്ട് സമർപ്പിച്ചു.

രണ്ടാം തവണയും സിബിഐ അന്വേഷണം അവസാനിപ്പിച്ച് കൊണ്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ 1999 ജൂലൈ 12 ന് റിപ്പോർട്ട് സമർപ്പിച്ചു. സിബിഐ സമർപ്പിച്ച റിപ്പോർട്ട് തള്ളി കൊണ്ട് അഭയ കേസിൽ രണ്ടാം തവണയും തുടരന്വേഷണം നടത്താൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആന്റണി.റ്റി. മൊറൈസ് 2000 ജൂൺ 23 ന് ഉത്തരവിട്ടു. സിബിഐ അഭയ കേസിന്റെ അന്വേഷണം മൂന്നാം തവണയും അവസാനിപ്പിക്കാൻ അനുമതി ചോദിച്ച് കൊണ്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ 2005 ആഗസ്റ്റ് 30 ന് റിപ്പോർട്ട് സമർപ്പിച്ചു. സിബിഐ അഭയ കേസിന്റെ അന്വേഷണം മൂന്നാം തവണയും അവസാനിപ്പിക്കാൻ അനുമതി ചോദിച്ച് കൊണ്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ 2005 ആഗസ്റ്റ് 30 ന് റിപ്പോർട്ട് സമർപ്പിച്ചു. സിബിഐ റിപ്പോർട്ട് തള്ളി കൊണ്ട് അഭയ കേസിൽ തുടരന്വേഷണം നടത്താൻ 2006 ആഗസ്റ്റ് 21 ന് മൂന്നാം തവണ ഉത്തരവിട്ടത് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പി.ഡി. ശാരങ്ധരൻ ആണ്. അങ്ങനെ മൂന്നു തവണയാണ് സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമാണെങ്കിലും തെളിവുകള്‍ എല്ലാം നഷ്ടപ്പെട്ട സാഹചര്യത്തില്‍ പ്രതികളെ കണ്ടെത്തുവാന്‍ കഴിയില്ല അതിനാല്‍ കേസ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിച്ചത്. എന്നാല്‍ ജോമോന്‍ പുത്തന്‍ പുരക്കല്‍ എന്ന ആക്ടിവിസ്റ്റിന്‍റെ തടസ്സ വാദത്തില്‍ മൂന്നു തവണയും പുനരന്വേഷണത്തിന് കോടതി ഉത്തരവിടുകയായിരുന്നു.

[ഈ അവസരത്തില്‍ മറക്കുവാന്‍ പറ്റില്ലാത്ത ഒരു പേരാണ് അഭയ കേസില്‍ സി .ബി .ഐ യുടെ എഫ്. ഐ. ആർലെ പരാതിക്കാരിയായി ആലുവ മൗണ്ട് കാർമ്മൽ കോൺവെന്റിലെ സിസ്റ്റർ ബെനികാസിയയുടേത്. പയസ് ടെൻത് കോൺവെന്റുമായോ ക്നാനായ കത്തോലിക്കാ സഭയുമായോ യാതൊരു ബന്ധവുമില്ലാത്ത ആലുവായിലെ മൗണ്ട് കാർമൽ കോൺവെന്റിലെ കന്യാസ്ത്രീ ആയിരുന്നു സിസ്റ്റർ ബെനികാസിയ. അഭയയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന് ആദ്യം പരാതി നല്‍കിയത് സിസ്റ്റര്‍ ബെനസ്കിയ ആയിരുന്നു. അവരുടെ നിവേദനത്തിലാണ് 1992 ജൂൺ ഒന്നാം തീയതി സിബിഐ അന്വേഷണം പരിഗണിച്ച് മുഖ്യമന്ത്രി ഉത്തരവ് ഇട്ടത്. അതിനാല്‍‍ സിബിഐയുടെ എഫ്ഐആര്‍ലെ “പരാതി ഇല്ലാതെ പരാതിക്കാരി “ആയി മാറിയ ആളാണ് സിസ്റ്റർ ബെനികാസിയ. പക്ഷെ ഒരു തവണപോലും സിസ്റ്റര്‍ ബെനസ്കിയയെ ചോദ്യം ചെയ്യുവാന്‍ സിബിഐ തയ്യാറായില്ല. അതിനാല്‍ തന്നെ ഒരു ഘട്ടത്തില്‍ പോലും സിബിഐക്ക് മൊഴി കൊടുക്കാത്ത – സിബിഐ കേസ് അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഒരു ഘട്ടത്തിലും തടസ്സവാദമുന്നയിക്കാത്ത – പരാതിക്കാരിയായി തന്നെ സിസ്റ്റർ ബെനികാസിയ 2008 ൽ മരിച്ചു]

തുടര്‍ന്ന് സിബിഐ ഡൽഹി ക്രൈം യൂണിറ്റ് എസ്.പിയും യു.പി മുഖ്യമന്ത്രിയായിരുന്ന മായാവതിക്കെതിരെയുള്ള താജ് ഇടനാഴി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനുമായ ആർ.എം കൃഷ്‌ണയുടേയും സിബിഐ ഡി.വൈ.എസ്.പി ആർ.കെ അഗർവാളിന്റെയും നേതത്വത്തിൽ സ്‌പെഷ്യൽ സംഘം അഭയ കേസിന്റെ അന്വേഷണം നടത്തുവാൻ സിബിഐ ഡയറക്ടർ ഉത്തരവിട്ടു. അന്വേഷണ സംഘം കോട്ടയത്ത് ക്യാമ്പ് ചെയ്‌ത്‌ അന്വേഷണം നടത്തി. പ്രതികളെന്നു സംശയിക്കുന്നവരെ ബാംഗ്ലൂരിൽ നാർകോ അനാലിസിസ് ടെസ്റ്റ് നടത്തി. നാർകോ അനാലിസിസ് ടെസ്റ്റ് റിസൾട്ട് കോടതയിൽ ഹാജരാക്കാൻ ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഹർജിയിന്മേൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പിന്നീട് അഭയ കേസിന്റെ അന്വേഷണം ഡൽഹി യൂണിറ്റിൽ നിന്നും കൊച്ചിൻ യൂണിറ്റിലേക്ക് 2008 സെപ്റ്റംബർ 4 ന് മാറ്റി. അതിനെ തുടർന്ന് കൊച്ചി യൂണിറ്റ് സിബിഐ ഡി.വൈ.എസ്.പി നന്തകുമാർ നായർ 2008 നവംബർ 1 ന് അന്വേഷണം ഏറ്റെടുത്തു. അതോടെയാണ് കേസന്വേഷണം യഥാര്‍ത്ഥ ട്രാക്കിലേക്ക് എത്തിയത്.

16 വർഷങ്ങൾക്ക് ശേഷം അഭയ കൊലക്കേസില്‍ മൂന്നു പ്രതികളെ സിബിഐ അറസ്റ്റ് ചെയ്‌തു. ഫാ.തോമസ് കോട്ടൂർ, ഫാ.ജോസ് പൂതൃക്കയില്‍, സിസ്റ്റർ സെഫി എന്നിവരെയാണ് ഡി.വൈ.എസ്.പി നന്ദകുമാർ നായരുടെ നേതൃത്തിലുള്ള സിബിഐ സംഘം 2008 നവംബർ 18ന് അറസ്റ്റ് ചെയ്തത്. 2009 ജൂലൈ 17 ന് പ്രതികള്‍ക്കെതിരെ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകി. ഒന്നും രണ്ടും പ്രതികള്‍ മൂന്നാം പ്രതിയുമായി നടത്തിയ അവിഹിത വേഴ്ച സിസ്റ്റര്‍ അഭയ നേരില്‍ കണ്ടതുകൊണ്ട് മാനം രക്ഷിക്കുവാനായി മനപൂര്‍വ്വം നടത്തിയ കൊലപാതമായിരുന്നു ഇതെന്നായിരുന്നു കുറ്റപത്രം.

അഭയ കേസിൽ തെളിവ് നശിപ്പിച്ച ക്രൈംബ്രാഞ്ച് എസ്.പിആയിരുന്ന കെ.റ്റി.മൈക്കിൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ സിബിഐ തുടരന്വേഷണം നടത്തുവാൻ ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഹർജിയിൽ 2014 മാർച്ച് 19 ന് ഹൈക്കോടതി ഉത്തരവ് ഇട്ടിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അഭയ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിആയിരുന്ന കെ.സാമുവലിനെ പ്രതിയാക്കി 2015 ജൂൺ 30 ന് തിരുവനന്തപുരം സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകി. അഭയ കേസിൽ തെളിവ് നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് എസ്.പിആയിരുന്ന കെ.റ്റി.മൈക്കിളിനെ നാലാം പ്രതിയാക്കി തിരുവനന്തപുരം സിബിഐ കോടതി സ്‌പെഷ്യൽ ജഡ്‌ജി ജെ.നാസർ 2018 ജനുവരി 22 ന് ഉത്തരവ് ഇട്ടിരുന്നു. ഈ ഉത്തരവിനെതിരെ കെ.റ്റി.മൈക്കിൾ ഹൈകോടതിയിൽ നൽകിയ ഹർജിയിൽ സിബിഐ കോടതി ഉത്തരവ് റദ്ദു ചെയ്‌ത്‌ കൊണ്ട് സിബിഐ കോടതിയിൽ അഭയ കേസിന്റെ വിചാരണ വേളയിൽ ക്രിമിനൽ നടപടി ക്രമം 319 വകുപ്പ് പ്രകാരം കെ.റ്റി.മൈക്കിളിനെതിരെ വിചാരണ ഘട്ടത്തിൽ തെളിവ് ലഭിച്ചാൽ സിബിഐ കോടതിക്ക് പ്രതിയാക്കാമെന്ന് 2019 ഏപ്രിൽ 9 ന് ഹൈക്കോടതി ഉത്തരവ് ഇട്ടിരുന്നു.

മൂന്നു പ്രതികളും വിചാരണ കൂടതെ കുറ്റവിമുക്തരാക്കണം എന്ന് ആവശ്യപ്പെട്ട് 2011 മാർച്ച് 16 ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പ്രതികൾ വിടുതൽ ഹർജി നൽകി. കുറ്റപത്രം നൽകി രണ്ടു വർഷം കഴിഞ്ഞാണ് പ്രതികൾ കോടതിയിൽ വിടുതൽ ഹർജി നൽകിയത്. പലകാരണങ്ങളാല്‍ ഒന്പതു വര്‍ഷം നീണ്ടു വിടുതല്‍ ഹര്‍ജിയില്‍ വിധിപറയവാന്‍. തിരുവനന്തപുരം സിബിഐ കോടതി ജഡ്‌ജി ജെ.നാസർ 2018 മാർച്ച് 7 ന് ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരാന്‍റേയും മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫിയുടെയും വിടുതൽ ഹർജി തള്ളി. അതേ സമയം രണ്ടാം പ്രതി ഫാ.ജോസ്പൂതൃക്കയിലിനെയും ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിആയിരുന്ന കെ.സാമുവലിനെയും വിചാരണ കൂടാതെ വെറുതെ വിടുവാൻ കോടതി ഉത്തരവിട്ടു.

സിസ്റ്റർ അഭയ മരിക്കുന്നതിന് കുറച്ച് ദിവസം മുൻപ് രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലിനെ രാത്രി 11 മണിക്ക് ശേഷം പയസ് ടെന്റ് കോൺവെന്റി മുൻ വശത്ത് സ്‌കൂട്ടർ വച്ചിട്ട് കോൺവെന്റ മതിൽ ചാടി കിണറ്റിന്റെ ഭാഗത്തേക്ക് പോയിട്ട് പുലർച്ചെ 5 മണിക്ക് തിരിച്ചു വന്നത് കണ്ടെന്നും വീണ്ടും കുറച്ച് ദിവസം കഴിഞ്ഞു അതെ ആള് തന്നെ വീണ്ടും രാത്രി 11 മണിക്ക് വന്ന് മതിൽ ചാടി കോണ്‍വെന്‍റിന്‍റെ കിണറ്റിന്റെ സൈഡിലേക്ക് പോകുന്നത് കണ്ടെന്നും “നൈറ്റ് വാച്ച്മാനായ ചെല്ലമ്മ ദാസ് 2008 നവംബർ 27 ന് സിബിഐക്ക് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും അഭയ മരിച്ച ദിവസം എന്ന തീയതി സിബിഐ മൊഴിയിൽ രേഖപ്പെടുത്താത്തതിന്റെ അനുകൂല്യത്താലാണ് രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലിനെ സിബിഐ കോടതി വെറുതെ വിട്ടത്. കോട്ടയം പാറം പുഴ കൊശമറ്റം കോളനിയിലുള്ള നൈറ്റ് വാച്ച്മാൻ ചെല്ലമ്മ ദാസ് (64) 2014 ഫെബ്രുവരി 28 ൽ മരിച്ചതിനാൽ വിചാരണ ഘട്ടത്തിൽ പ്രോസിക്യൂഷന്റെ ദൃക്‌സാക്ഷിയായ പ്രധാന സാക്ഷിയെ സിബിഐ കോടതിയിൽ വിസ്തരിക്കാൻ കഴിയാതെ പോയി. അതോടൊപ്പം അഭയ മരിച്ച ദിവസം പുലർച്ചെ അഞ്ചു മണിക്ക് രണ്ട് വൈദികരെ കോണ്വെന്റിന്റെ സമീപം കണ്ടു എന്ന് ദൃക്‌സാക്ഷി അടയ്ക്ക രാജു സിബിഐക്ക് 2007 ജൂലൈ 11 ന് കൊടുത്ത മൊഴി കോടതിയിൽ സ്ഥാപിച്ചെടുക്കുവാന്‍ സിബിഐക്ക് കഴിഞ്ഞുമില്ലഇതെല്ലാമാണ് ഫാ.ജോസ് പൂതൃക്കയിലിന് രക്ഷപെടുവാനുള്ള കാരണമായത്.

ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സെഫിയും വിചാരണ കൂടാതെ വെറുതെ വിടണമെന്നുള്ള ആവശ്യം സിബിഐ കോടതിയും ഹൈക്കോടതിയും തള്ളിയതിനെതിരെ സുപ്രീം കോടതിയിൽ നൽകിയ സ്പെഷ്യല്‍ ലീവ് പെറ്റീഷനില്‍ ഒന്നാം പ്രതി തോമസ് കോട്ടൂരിന് വേണ്ടി സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകരായ മുഖൽ റോത്തിക്കിയും, സിസ്റ്റർ സെഫിക്ക് വേണ്ടി അഭിഷേക് മനു സിംഘ്‌വിയും ഹാജരായെങ്കിലും 2019 ജൂലൈ 15 ന് പ്രതികളുടെ ഹർജി സുപ്രീം കോടതിയിൽ ജസ്റ്റിസ് അബ്‌ദുൾ നാസ്സർ അധ്യക്ഷനായ ബെഞ്ച് ഫയലിൽ പോലും സ്വീകരിക്കാതെ അപ്പോൾ തന്നെ തള്ളുകയും സിബിഐ കോടതിയിൽ വിചാരണ നേരിടുവാനും ഉത്തരവിടുകയും ചെയ്തു. തുടർന്ന് ഒന്നാം പ്രതി തോമസ് കോട്ടൂരിനും, മൂന്നാം പ്രതി സിസ്റ്റർ സെഫിക്കും എതിരെ ചാർജ് ഫ്രെയിം ചെയ്‌ത്‌ കുറ്റപത്രം തിരുവനന്തപുരം സിബിഐ കോടതി സ്‌പെഷ്യൽ ജഡ്‌ജി കെ.സനൽ കുമാർ 2019 ആഗസ്റ്റ് 5 ന് വായിച്ചു കേൾപ്പിച്ചു. 2019 ആഗസ്റ്റ് 26 മുതൽ സിബിഐ കോടതിയിൽ അഭയ കേസിന്റെ വിചാരണ ആരംഭിച്ചു.

പിന്നേയും കേസ് നീട്ടികൊണ്ടു പോകുവാന്‍ പ്രതികള്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. കൊറോണ വൈറസിന്റെ പശ്‌ചാത്തലത്തിൽ വിചാരണ നിറുത്തിവയ്ക്കണമെന്നായിരുന്നു ഇക്കുറി പ്രതികളുടെ ഹർജി. പക്ഷെ, ആ ഹര്‍ജിയും ഹൈ കോടതി തള്ളിയതിനെ തുടർന്നാണ് കഴിഞ്ഞ ഒക്‌ടോബർ 20 മുതൽ അഭയ കേസിന്റെ വിചാരണ സിബിഐ കോടതിയിൽ പുനരാരംഭിച്ചത്. സിബിഐയുടെ കുറ്റപത്രത്തിൽ 133 പ്രോസിക്യൂഷൻ സാക്ഷികളാണ് ആകെയുണ്ടായിരുന്നത്. 28 വർഷം കാലപ്പഴക്കംചെന്ന കേസ് ആയതിനാൽ പല സാക്ഷികളും മരിച്ചു പോയിരുന്നു. അതുകൊണ്ട് പ്രോസിക്യൂഷന് 49 സാക്ഷികളെ വിസ്തരിക്കാനേ കഴിഞ്ഞുള്ളു. പ്രതിഭാഗത്തിന് ഒരു സാക്ഷിയെ പോലും വിസ്തരിക്കുവാനും കഴിഞ്ഞില്ല. ഡിസംബർ 22 ന് വിധിവരുമ്പോൾ അഭയ കൊല്ലപ്പെട്ടിട്ട് 28 വർഷവും 9 മാസവും തികയുകയാണ്. ഇത്രമാത്രം വിവാദം ഉണ്ടാക്കിയതും ജനശ്രദ്ധ ആകര്‍ഷിച്ചതുമായ മറ്റൊരു കേസ് കേരളത്തില്‍ വേറെ കാണുകയില്ല. ഏതാണ്ട് 500 കോടിയില്‍ പരം രൂപ കേസ് നടത്തിപ്പിനായി സഭക്ക് ചിലവഴിക്കേണ്ടി വന്നുവെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. ഇത് ശരിയാണെങ്കിലും തെറ്റാണെങ്കിലും കേസിന്‍റെ ആരംഭം മുതല്‍ ഏതോ അജ്ഞാതകരങ്ങള്‍ കേസ് ഒതുക്കിതീര്‍ക്കാന്‍ പ്രതികള്‍ക്കൊപ്പം അണിയറയിലിരുന്ന് കരുക്കള്‍ നീക്കിയിരുന്നു എന്നതില്‍ തര്‍ക്കമില്ല.