കൊവിഡിന്റെ പുതിയ വകഭേദം ജെഎൻ വൺ, കേസുകൾ കൂടുന്നു.
കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ജെഎൻ വൺ വ്യാപനത്തിന്റെ ഭാഗമായി കേരളത്തിൽ കേസുകളിൽ വർദ്ധന. നവംബർ രണ്ടാംവാരം മുതൽ ആരംഭിച്ച വൈറസിന്റെ വ്യാപനം ക്രമേണ ഉയരുകയാണ്. നിലവിൽ 1523 പേർ ചികിത്സയിലുണ്ട്. നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച 302 പേരാണ് കൊവിഡ് ബാധിതരായത്. മേയ് 15ന് ശേഷം ഇത്രയധികം രോഗികളുണ്ടാകുന്നത് ആദ്യമായാണ്.
പകർച്ചപ്പനി ബാധിച്ച് ദിവസേന ആശുപത്രികളിൽ ചികിത്സതേടുന്ന 10,000ലധികം പേരിൽ അതിയായ ക്ഷീണവും തളർച്ചയും ശ്വാസതടസവും അനുഭവപ്പെടുന്നവരെ മാത്രമാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇവരിൽ നിന്നാണ് ഇത്രയധികം കേസുകൾ കണ്ടെത്തുന്നത്. രാജ്യത്ത് കേരളത്തിൽ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളവരിലെങ്കിലും കൊവിഡ് പരിശോധിക്കുന്നത്. രാജ്യത്ത് ശനിയാഴ്ച 335 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 302ഉം കേരളത്തിലായത് ഈ സാഹചര്യത്തിലാണ്. വാക്‌സിനെടുത്തവരിൽ വൈറസ് പൊതുവേ അപകടകരമാകില്ല. എന്നാൽ പ്രായമായവരിലും മറ്റ് രോഗങ്ങളുള്ളവരിലും ഗർഭിണികളിലും ഗുരുതരമായേക്കാം.
ലോകവ്യാപകമായി കൊവിഡ് വ്യാപനത്തിൽ വർദ്ധനവുണ്ട്. അമേരിക്കയിലും സിംഗപ്പൂരിലും അതിവ്യാപനമാണിപ്പോൾ. അമേരിക്കയിൽ 23000ത്തോളം പേർ ആശുപത്രിയിൽ ചികിത്സയിലുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.