‘വീണാ വിജയന്‍റെ മാസപ്പടി’ വിവാദമാക്കേണ്ടതില്ലന്ന് പ്രതിപക്ഷം. നിയമസഭയില്‍ അടിയന്തര പ്രമേയമില്ല
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് മാസപ്പടി കൈപ്പറ്റി എന്ന ആരോപണത്തില്‍ മറുപടി മൗനം മാത്രം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയോ മകള്‍ വീണയോ ഭര്‍ത്താവ് മുഹമ്മദ് റിയാസോ ഒരു വിശദീകരണവും നല്‍കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍, പ്രതിപക്ഷത്തു നിന്നും കാര്യമായ പ്രതികരണം ഉണ്ടായിട്ടില്ല എന്നാതാണ് അത്ഭുതകരം. അടിയന്തര പ്രമേയമായി ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കണ്ടതില്ല എന്ന തീരുമാനത്തിലാണ് പ്രതിപക്ഷം.
നിയമസഭ നടക്കുന്ന ഘട്ടമായിട്ടും ഇത്തരമൊരു കാര്യം സഭയില്‍ പരാമര്‍ശിക്കേണ്ടതില്ല എന്ന കാര്യത്തില്‍ ഭരണ പ്രതിപക്ഷ കക്ഷി ഭേദമന്യേ പ്രധാന രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ എല്ലാം ഒറ്റക്കെട്ടാണ്. വീണക്കു പുറമേ, പിണറായി വിജയന്‍, ഉമ്മന്‍ചാണ്ടി. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കളുടേയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടേയും പേരുകള്‍ കമ്പനി പണം നല്‍കിയവരുടെ ലിസ്റ്റില്‍ ഉണ്ടന്ന രേഖകൂടി പുറത്തുവന്നതാണ് പ്രതിപക്ഷം പെട്ടന്ന് നിശബ്ദരാകുവാന്‍ കാരണം. കേരള രാഷ്ട്രീയം എത്രമാത്രം ജീര്‍ണ്ണിച്ചിരിക്കുന്നു എന്നതിന്‍റെ നേര്‍കാഴ്ചയായി വീണ വിജയന്‍റെ മാസപ്പടി വിവാദം മാറുകയാണ്.
ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള മൂന്നുവര്‍ഷമാണ് വീണയ്ക്ക് സി.എം.ആര്‍.എലില്‍ നിന്ന് പണം കിട്ടിയതെന്നാണ് കമ്പനിയുടെ രേഖകളിലുള്ളത്. ഇതിന് പ്രത്യേകമായ ഒരു സേവനവും ഐ.ടി. സംരംഭകയായ വീണയില്‍നിന്നോ, അവരുടെ കമ്പനിയില്‍നിന്നോ ലഭിച്ചിട്ടില്ലെന്നാണ് കമ്പനി പ്രതിനിധി ആദായനികുതി വകുപ്പിന്റെ ഇന്ററിം ബോര്‍ഡ് ഓഫ് സെറ്റില്‍മെന്റിന് നല്‍കിയ മൊഴിയിലുള്ളത്. ഇക്കാലയിളവില്‍ തന്നെയായിരുന്നു കരിമണല്‍ ഖനനം കേരള രാഷ്ട്രീയത്തില്‍ വിവാദമായി നിലനിന്നിരുന്നത്. കരിമണല്‍ ഖനനത്തിന് വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്ന കമ്പനിയാണ് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് എന്ന കാര്യം കൂടി കൂട്ടി വായിക്കുമ്പോഴാണ് മാസപ്പടി വിവാദത്തിന്‍റെ പിന്നാമ്പുറങ്ങളില്‍ നിന്ന് ദുര്‍ഗ്ഗന്ധം വമിക്കുന്ന അഴിമതി കഥകളുടെ രൂക്ഷത മനസ്സിലാവുക.

