മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക് സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി; 3 വർഷത്തിനിടെ കിട്ടിയത് 1.72 കോടി.

Print Friendly, PDF & Email

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽനിന്ന് മാസപ്പടി ഇനത്തിൽ 3 വർഷത്തിനിടെ ലഭിച്ചത് 1.72 കോടി രൂപ. ഈ പണം നൽകിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്ന് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്‍റെ ന്യൂഡല്‍ഹി ബഞ്ച് തീര്‍പ്പു കല്‍പ്പിച്ചതോടെ അഴിമതി കഥകള്‍ മുഖ്യമന്ത്രിയുടെ വീട്ടിലേക്കും എത്തിയിരിക്കുകയാണ്.

2016ല്‍ ഐടി, മാർക്കറ്റിങ് കൺസൽറ്റൻസി, സോഫ്റ്റ്‌വെയർ സേവനങ്ങള്‍ നല്‍കാമെന്ന് വീണയുടെ സ്ഥാപനമായ ബെംഗളൂരൂ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്സാലോജിക് സൊല്യൂഷ്യൻസ് സിഎംആർഎലുമായി കരാറുണ്ടാക്കിയിരുന്നു. സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ക്കായി 2017 മാർച്ചിൽ മറ്റൊരു കരാറും ഉണ്ടാക്കി. ഇവയനുസരിച്ച് വീണയ്ക്ക് പ്രതിമാസം 5 ലക്ഷം രൂപയും എക്സാലോജിക്കിന് പ്രതിമാസം 3 ലക്ഷവും നൽകണമായിരുന്നു. ലഭ്യമായ കണക്കനുസരിച്ച് വീണയ്ക്ക് 55 ലക്ഷം, എക്സാലോജിക്കിന് 1.17 കോടി എന്നിങ്ങനെ മൊത്തം 1.72 കോടി രൂപ നല്‍കിയതായാണ് കണക്ക്. കരാർപ്രകാരം മാസം തോറും പണം നൽകിയിരുന്നുവെന്ന് സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്താ ആദായനികുതി വകുപ്പിനു മൊഴിനല്‍കിയിരുന്നു. കരാർപ്രകാരമുള്ള സേവനങ്ങളെന്തെങ്കിലും ലഭിച്ചതായി തങ്ങൾക്കും അറിയില്ലെന്ന് സിഎംആർഎലിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ കെ.എസ്.സുരേഷ്കുമാറും ചീഫ് ജനറൽ മാനേജർ പി.സുരേഷ്കുമാറും മൊഴി നൽകി. മൊഴി പിൻവലിക്കാനായി കർത്തായും കമ്പനി ഉദ്യോഗസ്ഥരും പിന്നീടു സത്യവാങ്മൂലത്തിലൂടെ ശ്രമിച്ചു എങ്കിലും എന്നാൽ, നിയമവിരുദ്ധമായാണ് വീണയ്ക്കും എക്സാലോജിക്കിനും പണം നൽകിയതെന്ന വാദത്തിൽ ആദായനികുതി വകുപ്പ് ഉറച്ചുനില്‍ക്കുകയായിരുന്നു.

സിഎംആർഎൽ ല്‍ ആദായ വകുപ്പ് നടത്തിയ റെയ്ഡിനിടെ കിട്ടിയ മാസപ്പടി ഡയറിയാണ് ആദായനികുതി വകുപ്പിന് പിടിവള്ളിയായത്. ഇത് നിക്ഷേധിക്കാന്‍ പറ്റാതെയാണ് ശശിധരൻ കർത്താ ആദായനികുതി വകുപ്പിനു മൊഴിനല്‍കുവാന്‍ നിര്‍ബ്ബന്ധിതനായത്. സോഫ്റ്റ് വെയർ അപ്ഡേഷൻ എന്ന പേരിലും കടമായിട്ടുമാണ് വീണയുടെ സ്ഥാപനത്തിന് ഒരു കോടി എഴുപത്തിരണ്ട് ലക്ഷം രൂപ പലപ്പോഴായി നൽകിയെന്നായിരുന്നു സിഎംആർഎൽ വിശദീകരണം. എന്നാല്‍ വീണയും വീണയും അവരുടെ സ്ഥാപനമായ എക്സാലോജിക് സൊല്യൂഷ്യൻസും യാതൊരു സേവനവും നൽകാതെയാണ് തുടര്‍ച്ചയായി പണം നൽകിയെന്നാണ് വിവാദമായ കണ്ടെത്തൽ.

2019 ജനുവരി 25നായിരുന്നു കൊച്ചിൻ മിനറൽസ് ആന്‍റ് റൂട്ടെയിൽ ലിമിറ്റഡ് കമ്പനിയുടെ ഓഫീസിലും മാനേജിങ് ഡയറക്ടായ ശശിധരൻ കർത്തയുടെ വീട്ടിലും ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം റെയ്ഡ് നടത്തിയത്. പരിശോധനയ്ക്കിടെ യാദൃശ്ചികമായിക്കിട്ടിയ ഡയറിയിലായുന്നു മാസപ്പടികണക്കുണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ഉടമസ്ഥതയിലുളള എക്സാലോജിക് കമ്പനിക്ക് 2017 മുതൽ മൂന്ന് വ‍ർഷം നൽകിവന്ന പണത്തിന്‍റെ കണക്കും ഉണ്ടായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എതിർകക്ഷികൾക്ക് വിശദീകരിക്കാനാകാത്ത ഇടപാടുകളെന്ന് കേന്ദ്ര ഏജൻസിക്ക് ബോധ്യപ്പെട്ടത്. കേരളതീരത്തെ കരിമണൽ ഖനനത്തിനായി പതിറ്റാണ്ടുകളായി ശ്രമം നടത്തുന്ന സിഎംആർഎല്ലിന്‍റെ സോഫ്റ്റ് വെയർ അ‍പ്ഡേഷനുവേണ്ടിയാരുന്നു വീണാ വിജയന്‍റെ ഉടമസ്ഥയിലുള്ള എക്സാലോജിക്കിന് പണം നൽകിയതെന്നായിരുന്നു വിശദീകരണം.

എന്നാൽ, ഇത്തരമൊരു സോഫ്റ്റ് വെയർ അപ്ഡേഷൻ ഈ സ്ഥാപനത്തിൽ നടന്നിട്ടില്ലെന്ന് ആദായ നികുതി വകുപ്പിന് ബോധ്യപ്പെട്ടു. ബാങ്ക് മുഖേനയാണ് പണം കൈമാറിയതെന്നും കളളപ്പണ ഇടപാടല്ലെന്നുമായിരുന്നു സിഎംആർഎൽ നിലപാട്. എന്നാൽ ഇല്ലാത്ത സേവനത്തിന് മാസം തോറും പണം നൽകിയത് വഴിവിട്ട ഇടപാടെന്ന നിലയിലിയിരുന്നു ഇൻക് ടാക്സ് കണക്കാക്കിയത്. ഇത് സാധൂകരിക്കും വിധമാണ് ആദായ നികുതി വകുപ്പ് തർക്കപരിഹാര ബോർഡിന്‍റെ കണ്ടെത്തൽ.

എന്നാൽ വീണയുടെ സ്ഥാപനവുമായി യാതൊരു സാമ്പത്തിക ഇടപാടും ഇല്ലെന്നും ഒന്നും ഓർക്കുന്നില്ലെന്നുമാണ് സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഇപ്പോഴത്തെ നിലപാട്.സോഫ്റ്റ് വെയർ അപ്ഡേഷൻ എന്ന പേരിലും കടമായിട്ടുമാണ് വീണയുടെ സ്ഥാപനത്തിന് ഒരു കോടി എഴുപത്തിരണ്ട് ലക്ഷം രൂപ പലപ്പോഴായി നൽകിയെന്നായിരുന്നു സിഎംആർഎൽ വിശദീകരണം. പല പാർട്ടികളിലേയും മുതിർന്ന നേതാക്കൾ മുതൽ പൊലീസ് ഉദ്യോഗസ്ഥർ വരെ മാസപ്പടി പറ്റുന്നവരുടെ കണക്കും ഈ ഡയറിയിലുണ്ടായിരുന്നു.

നാളിതുവരെ സാമ്പത്തിക ക്രമക്കേടുകളുടേയും അഴിമതികളുടേയും നിരവധി ആരോപണങ്ങള്‍ മുഖ്യമന്ത്രിയുടേയും കുടുംബത്തിന്‍റേയും പേരില്‍ ഉയര്‍ന്നിരുന്നു വെങ്കിലും അതെല്ലാം വെറും ആരോപണങ്ങള്‍ എന്ന പേരില്‍ എഴുതിതള്ളുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിഷേധിക്കുവാനാകാത്ത തെളിവുകളോടു കൂടി തന്നെ ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്‍റെ വിധിതീര്‍പ്പുണ്ടായതോടെ അഴിമതി കഥകളുടെ ദുര്‍ഗ്ഗന്ധം മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്നു തന്നെ ഉയരുവാന്‍ തുടങ്ങിയിരിക്കുന്നു. ആദായനികുതി നിയമത്തിലെ 245എഎ വകുപ്പു പ്രകാരമുള്ളതാണ് ഇന്ററിം സെറ്റിൽമെന്റ് ബോർഡ്. ഇവരുടെ തീരുമാനം അന്തിമമാണ്, അപ്പീലിനു വ്യവസ്ഥയില്ല. ഇത് മുഖ്യമന്ത്രിയേയും കുടുംബത്തേയും കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു.