INDIANEWS MAIN

പോത്തുകളെ അറുക്കാമെങ്കിൽ, പശുവിനെ കശാപ്പുചെയ്യുന്നതിൽ എന്താണ് തെറ്റ്? കർണാടക മൃഗസംരക്ഷണ വകുപ്പ് മന്ത്രി

“എരുമകളെയും കാളകളെയും പോത്തുകളെയും കശാപ്പ് ചെയ്യാമെങ്കിൽ പശുവിനെ കൊല്ലുന്നതിൽ എന്താണ് തെറ്റ്?” ചോദിക്കുന്നത് കര്‍ണാടക മൃഗസംരക്ഷണ-വെറ്ററിനറി സയൻസസ് മന്ത്രി കെ.വെങ്കടേഷ്. പ്രായമായ മൃഗങ്ങളെ പരിപാലിക്കുന്നതിലും ചത്തവയെ സംസ്കരിക്കുന്നതിലും കർഷകർ നേരിടുന്ന വെല്ലുവിളികളെ പരാമർശിക്കുകയായിരുന്നു ഗോവധ നിരോധനം നിരോധനം നടപ്പിലാക്കിയിട്ടുള്ള കർണാടകയിലെ മൃഗസംരക്ഷണ വകുപ്പ് മന്ത്രി.

2021ൽ ബിജെപി സർക്കാർ പശുക്കളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള ബിൽ പാസാക്കി. എന്നാൽ, കർക്കശമായ നിയമം ഭേദഗതി ചെയ്യുന്ന കാര്യം കോൺഗ്രസ് സർക്കാർ പരിഗണിക്കുന്നുണ്ട്. ബില്ലിലെ ഭേദഗതി സംസ്ഥാനത്തെ കർഷകർക്ക് ഗുണം ചെയ്യുമെന്ന് വെങ്കിടേഷ് പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

2021ൽ ബിജെപി സർക്കാർ കൊണ്ടുവന്ന കർണാടക പ്രിവൻഷൻ ഓഫ് സ്‌ലോട്ടർ ആൻഡ് പ്രിസർവേഷൻ ഓഫ് കന്നുകാലി നിയമം സംസ്ഥാനത്ത് കന്നുകാലികളെ കശാപ്പുചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി. മാരകരോഗമുള്ള കന്നുകാലികളെയും 13 വയസ്സിന് മുകളിലുള്ള എരുമകളെയും മാത്രമേ കശാപ്പ് ചെയ്യാൻ അനുവദിക്കൂ. അന്ന് പ്രതിപക്ഷത്തായിരുന്ന കോൺഗ്രസ് ഈ നിയമത്തെ എതിർത്തിരുന്നു.

നിയമപ്രകാരം, കന്നുകാലികളെ കശാപ്പ് ചെയ്താൽ 3-7 വർഷം വരെ തടവും 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. കുറ്റം ആവർത്തിക്കുന്നവർക്ക് ഏഴ് വർഷം തടവും ഒരു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.

അതിനിടെ, എരുമകളെ അറുക്കാമെങ്കിൽ പശുക്കളെ അറുക്കരുതെന്ന മൃഗസംരക്ഷണ മന്ത്രി കെ വെങ്കിടേഷിന്റെ പ്രസ്താവനയ്‌ക്കെതിരെ കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മൈ ഞായറാഴ്ച ശക്തമായി പ്രതികരിച്ചു. പ്രസ്താവനയെ അപലപിച്ച ബൊമ്മൈ, ഇന്ത്യക്കാർക്ക് പശുക്കളോട് വൈകാരിക ബന്ധമുണ്ടെന്നും അവയെ മാതാവായി ആരാധിക്കുന്നുവെന്നും ട്വീറ്റുകളുടെ പരമ്പരയിൽ പറഞ്ഞു.

മൃഗസംരക്ഷണ മന്ത്രി കെ വെങ്കിടേഷിന്റെ പ്രസ്താവന ഞെട്ടിക്കുന്നതാണ്. അദ്ദേഹത്തിന്റെ പ്രസ്താവനയെ ഞങ്ങൾ അപലപിക്കുന്നു. ഇന്ത്യക്കാർക്ക് പശുവുമായി വൈകാരിക ബന്ധമുണ്ടെന്നും അവയെ അമ്മയായി ആരാധിക്കുന്നുവെന്നും ബൊമ്മൈ പറഞ്ഞു.

0