ചന്ദ്രയാൻ ചന്ദ്രനിലേക്ക്…

ചന്ദ്രയാൻ രണ്ട് ഭൂകേന്ദ്രീകൃത ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചു. ഇന്ന് പുലർച്ചെ 2:21നാണ് ചന്ദ്രയാൻ രണ്ടിനെ 1203 സെക്കൻഡ് (20.05 മിനുട്ട്) നേരം പേടകത്തിലെ പ്രൊപ്പൽഷൻ സിസ്റ്റം പ്രവ‍ർത്തിപ്പിച്ച് ഭൂകേന്ദ്രീകൃത ഭ്രമണപഥം ലൂണാർ ട്രാൻസ്ഫർ ട്രജക്ടറിയിലേക്ക് മാറ്റിയത്. ഈ മാസം 20ന് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും. പിന്നീട് സെപ്റ്റംബര്‍ ഏഴ് വരെ ചാന്ദ്ര കേന്ദ്രീകൃത ഭ്രമണപഥത്തിലൂടെ ചന്ദ്രനെ ചുറ്റിയായിരിക്കും ചന്ദ്രയാനിന്‍റെ സഞ്ചാരം. സെപ്റ്റംബർ രണ്ടിനാണ് വിക്രം ലാൻഡറും ചന്ദ്രയാൻ രണ്ട് ഓ‌ർബിറ്ററും വേർപെടുക. സെപ്റ്റംബർ ഏഴിനായിരിക്കും ചരിത്രപരമായ ലൂണാർ സോഫ്റ്റ് ലാൻഡിംഗ്. ജൂലൈ 22നാണ് ചന്ദ്രയാൻ രണ്ട് ഉപഗ്രഹം വിക്ഷേപിച്ചത്. ജൂലൈ 23 മുതൽ ഈ മാസം 6 വരെ അഞ്ച് തവണ പേടകത്തിന്റെ ഭ്രമണപഥം വികസിപ്പിച്ച ശേഷമാണ് ചന്ദ്രയാന്‍ ചന്ദ്രനെ ലക്ഷ്യമാക്കിയുള്ള യാത്ര തുടങ്ങിയത്. ചന്ദ്രയാൻ രണ്ടിലെ എല്ലാ ഘടകങ്ങളും സാധാരണനിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇസ്‍റോ അറിയിച്ചു..