കാരുണ്യത്തിന്‍റെ ഉറവ വറ്റിയെങ്കില്‍ അതിനുകാരണം പിണറായി സര്‍ക്കാര്‍ മാത്രം

Print Friendly, PDF & Email

മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവ് ആണ് അനുഭവപ്പെടുന്നത്  പലയിടങ്ങളിലും ദുരിതബാധിതരെ സഹായിക്കാന്‍ കളക്ഷന്‍ സെന്‍ററുകള്‍ തുറന്നെങ്കിലും ഭക്ഷണവും മരുന്നും നാപ്കിനുകളുമുള്‍പ്പെടെ ക്യാമ്പുകളിലേക്ക് ആവശ്യമായ വസ്തുക്കള്‍എത്തുന്നില്ലന്നാണ് റിപ്പോര്‍ട്ട്. മാധ്യമങ്ങളിലൂടെ തുടരെ നടത്തിയ അഭ്യര്‍ത്ഥനകളെ തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരത്തോടെ മാറ്റം വന്നിട്ടുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം ഉണ്ടായ മഹാപ്രളയത്തിലെ ജനപങ്കാളിത്തം വച്ചു നോക്കിയാല്‍ ഈ വര്‍ഷം പൊതുജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന സഹകരണം വളരെ കുറവാണ്.

കഴിഞ്ഞ വര്‍ഷം ക്യാന്പുകളിലെ കളക്ഷന്‍ സെന്‍ററുകളില്‍ ഉള്‍കൊള്ളാന്‍ പറ്റാത്ത വിധത്തിലായിരുന്നു അവശ്യസാധനങ്ങള്‍ എത്തിയിരുന്നത്. എന്നാല്‍ ഇപ്രവശ്യം പലയിടത്തും സാധനങ്ങള്‍ എത്താത്തതിനാല്‍ ദുരിതബാധിതരെ സഹായിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നന്മയും കരുണയും ആർദ്രതയും ഒന്നും വറ്റിപ്പോയില്ലല്ലോ? പിന്നെന്താ ഒരു സ്റ്റാർട്ടിംഗ് ട്രബിളെന്നു കോഴിക്കോട് മുന്‍ കളക്ടര്‍ എന്‍ പ്രശാന്ത് ഉയര്‍ത്തിയ ചോദ്യം വസ്തതകളുടെ നേര്‍ചിത്രമായി സമൂഹ മനസാക്ഷിയുടെ മുന്പില്‍ തെളിയുകയാണ്.

അപകടഘട്ടങ്ങളില്‍ ഒറ്റക്കെട്ടായി കൈകോര്‍ക്കുന്ന മലയാളികളുടെ പൊതുമനസാക്ഷിയുടെ കാരുണ്യ ഉറവ ഒറ്റയടിക്ക് വറ്റിപോയതു കൊണ്ടാണ് ഈ നിസഹരണം എന്ന് കരുതുക വയ്യ. അതിനു കാരണം കേരള സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥത മാത്രമാണെന്ന് കഴിഞ്ഞ മഹാപ്രളയദുരന്ത കാലഘട്ടത്തില്‍ ഇരുപത് ട്രക്കോളം അവശ്യവസ്തുക്കള്‍ കയറ്റിവിടുവാന്‍ നേതൃത്വം നല്‍കിയ ബെംഗളൂരുവിലെ ഒരു പ്രമുഖ സംഘടനയുടെ പ്രവര്‍ത്തകന്‍ പറയുന്നു. ഒരു മഹാപ്രളയത്തെ നേരിട്ട കേരളത്തെ പുനസൃഷ്ടിക്കുവാനുള്ള നടപടികള്‍ ഒരു വര്‍ഷം പിന്നിട്ടപ്പോഴും എത്രത്തോളമായി എന്ന് അദ്ദേഹത്തിന്‍റെ ചോദ്യം പ്രസക്തമാണ്.

പ്രളയനിധി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ ഉള്‍പ്പെടുത്തുവാനുള്ള നീക്കം ഹൈക്കോടതിയുടെ ഇടപെടല്‍ മൂലം മാത്രം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുവാന്‍ പിണറായി സര്‍ക്കാര്‍ നിര്‍ബ്ബന്ധിതരാവുകയായിരുന്നു. കേരളം തകര്‍ന്നടിഞ്ഞ് രക്ഷക്കായി മുറവിളി കൂട്ടിയ കഴിഞ്ഞ ഒരു വര്‍ഷവും അനാവശ്യ ചിലവുകളൊന്നും നിയന്ത്രിക്കുവാന്‍ കേരള സര്‍ക്കാര്‍ തയ്യാറായില്ല. അതിന്‍റെ അവസാന തെളിവാണ് മന്ത്രി പദവിയില്‍ സംന്പത്തിന്‍റെ ഡല്‍ഹി നിയമനം. പ്രളയത്തെ പറ്റി പഠിക്കുവാനായി യൂറോപ്യന്‍ രാജ്യങ്ങളില്‍ കുടുബസമേതം ഊരുചുറ്റുന്ന മുഖ്യമന്ത്രിയും പരിവാരങ്ങളും ഉള്ള നാട്ടില്‍ സര്‍ക്കാരിന്‍റെ ധൂര്‍ത്തും കെടുകാര്യസ്ഥതയും മാത്രമാണ് ജനങ്ങളെ പിന്നോട്ട് വലിക്കുന്നത്. അല്ലാതെ ആര്‍ദ്രമായ മലയാളിയുടെ മനസ്സിലെ കാരുണ്യത്തിന്‍റെ ഉറവ വറ്റിപോയതു കൊണ്ടല്ല. മഹാപ്രളയം കഴിഞ്ഞ് വര്‍ഷം ഒന്ന് പിന്നിട്ടപ്പോഴും കേരളം പുനര്‍ നിര്‍മ്മിക്കുവാനുള്ള കൃത്യമായ ഒരുപദ്ധതിക്കു രൂപം കൊടുക്കുവാവാനോ… ദുര്‍വ്യയത്തിനൊരു നിയന്ത്രണം ഏര്‍പ്പെടുത്തുവാനോ പോലും കഴിയാത്ത കേരള സര്‍ക്കാര്‍ മാത്രമാണ് മലയാളിയുടെ മനസ്സില്‍ കാരുണ്യത്തിന്‍റെ ഉറവ വറ്റിപോയെന്ന് തോന്നുന്നുണ്ടെങ്കില്‍ അതിനു കാരണം.