ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്നു പുറത്താക്കാന്‍ ബില്ലിനു പകരം ഓര്‍ഡിനന്‍സ്
ചാന്‍സലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റാൻ സർക്കാർ ഓർഡിനൻസ് ഇറക്കും. ഗവർണർക്ക് പകരം വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരെ വിവിധ സർവകലാശാലകളിൽ ചാന്‍സലറായി നിയമിക്കാനാണ് തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഗവർണറെ വെട്ടാനുള്ള ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്. നിയമ സർവകലാശാല ഒഴികെ സംസ്ഥാനത്തെ 14 സർവകലാശാലകളുടേയും ചാന്‍സലർ നിലവില്‍ ഗവർണറാണ്. 14 സർവകലാശാലകളുടെയും ചട്ടങ്ങളിൽ ഓർഡിനൻസ് വഴി ഭേദഗതി കൊണ്ട് വന്നാണ് ഗവർണറെ പുറത്താക്കുന്നത്. ഗവർണർക്ക് പകരം അക്കാദമിക് രംഗത്തെ വിദഗ്ധരെ ചാന്‍സലറാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ നീക്കി സർക്കാർ ഇറക്കുന്ന ഓർഡിനൻസിന്റെ ഭാവിയും ഗവർണർ തന്നെ നിശ്ചയിക്കും. ഓർഡിനൻസ് നടപ്പാവണമെങ്കിൽ ഗവർണർ ഒപ്പിടണം. നിയമസഭയിൽ ബില്ല് പാസാക്കിയാലും സാധുത ലഭിക്കണമെങ്കിൽ ഗവർണറുടെ അനുമതിവേണം. ഗവർണറെ വെട്ടുന്ന തീരുമാനം ഗവർണർ തന്നെ അംഗീകരിച്ചുനൽകുമെന്ന പ്രതീക്ഷ ഭരണപക്ഷത്തിനു പോലുമില്ല. അതേസമയം ഓർഡിനൻസിനു പകരം നിയമസഭയിൽ നേരിട്ട് ബിൽ അവതരിപ്പിച്ച് പാസാക്കിയിരുന്നെങ്കിൽ ഗവർണറുടെമേൽ സമ്മർദം മുറുകുമായിരുന്നു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഗവര്‍ണര്‍ ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുവാനാണ് സാധ്യത. ഇതിന്‍റെ സൂചന ഗവര്‍ണര്‍ തന്നെ നല്‍കി കഴിഞ്ഞു. ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചാല്‍ സാധാരണ ഗതിയിൽ വര്‍ഷങ്ങളെടുക്കും ഒരു തീരുമാനം വരുവാന്‍. രാഷ്ട്രപതിഭവനിൽ നിന്ന് തീരുമാനം വരുന്നതുവരെ ഇക്കാര്യത്തിൽ നിയമനിർമാണവും അസാധ്യമാണ്.

