മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢ സംഘം പ്രവര്‍ത്തിക്കുന്നു – ഐ.ജി ലക്ഷ്മണ്‍
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു ഗൂഢ സംഘം പ്രവര്‍ത്തിക്കുന്നു. ആരോപണം ഉന്നയിച്ചിരിക്കുന്നത് ഐജി റാങ്കില്‍ സര്‍വ്വീസിലുള്ള ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന് ഉന്നയിച്ചിരിക്കുന്നതോ ഹൈക്കോടതിയിലും. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അസാധാരണ ഭരണഘടനാ അതോറിറ്റി പ്രവര്‍ത്തിക്കുന്നുണ്ടെന്ന അതീവ ഗുരുതര ആരോപണമാണ് ഐ.ജി ഗുഗലോത്ത് ലക്ഷ്മണ്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ സാമ്പത്തീക തർക്കങ്ങളിലും ഇടപാടുകളിലും ഇടനിലക്കാരനായി നിൽക്കുന്ന ഒരു അധികാര കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നാണ് ലക്ഷ്മണ്‍ന്‍റെ വെളിപ്പെടുത്തല്‍. മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തീക തട്ടിപ്പ് കേസിൽ തന്നെ പ്രതി ചേർത്തതിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഗുരുതര ആരോപണം അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. ഐജി ലക്ഷ്മണനെ മൂന്നാം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ചിന്‍റെ കേസ്. ഇതിൽ മറ്റന്നാൾ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസും നൽകി. ഇത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിനകത്തെ ദുരൂഹ നടപടികളെ പറ്റി ഐജി ലക്ഷ്മണൻ ഗുരുതര ആരോപണം ഉന്നയിക്കുന്നത്. മോൻസനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ 15 മാസത്തെ സസ്പെൻഷനുശേഷം സർവീസിൽ തിരിച്ചെത്തിയ ലക്ഷ്മണ്‍, പൊലീസിനെ പരിശീലിപ്പിക്കുന്ന ചുമതല വഹിക്കുന്ന ഐജി റാങ്കുള്ള ഉദ്യോഗസ്ഥനാണ്.
മുഖ്യമന്ത്രിയുടെ ഓഫീസിനകത്തെ ഭരണഘടനാപരമായ ചുമതലകൾ വഹിക്കാത്ത ഒരു ശക്തി സംസ്ഥാനവുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തീക കാര്യങ്ങളിലും ഇടപെടുന്നു. കോടതി വ്യവഹാരങ്ങളിൽ ഉൾപെട്ട സാമ്പത്തീക തർക്കങ്ങളിൽ പോലും ഈ ശക്തി കൈകടത്തുന്നുണ്ട്. മധ്യസ്ഥനായും ഇടനിലക്കാരനായും പ്രവർത്തിക്കുന്ന ഇതേ ശക്തിയുടെ അദൃശ്യ കരങ്ങളാണ് തന്നെ മോൻസൻ കേസിൽ പ്രതിയാക്കിയതെന്നും ഹർജിയിയിൽ ആരോപണം ഉന്നയിക്കുന്നു.
കള്ളക്കടത്തും ഡോളര്‍ക്കടത്തും അടക്കം കേരളത്തെ കൊള്ളയടിക്കുന്ന എല്ലാതരം വിദ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന സ്വപ്ന സുരേക്ഷിന്‍റെ വെളിപ്പെടുത്തലുകളെ ശരിവക്കുന്നത് ഐജി റാങ്കില്‍ സര്‍വ്വീസിലുള്ള ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ് എന്നത് മുഖ്യമന്ത്രി പിണറായി വിജയനെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ്. കൂടാതെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് അദ്ദേഹം ഈ ആരോപണം ഉന്നയിക്കുന്നത് എന്നുള്ളത് വിഷയത്തിന്റെ ഗുരുതര സ്വഭാവം വ്യക്തമാക്കുന്നു.
കേരള പോലീസിന് നാണക്കേടുണ്ടാക്കിയ മൈക്ക് വിവാദത്തിലടക്കം കേസെടുക്കുവാന്‍ നിര്‍ദ്ദേശം വന്നത് മുഖ്യമന്ത്രിയുടെ ഓഫീസ്സില്‍ നിന്ന് നേരിട്ടാണെന്നും, കേരള പോലീസില്‍ നിന്നുണ്ടായ നിയമവിരുദ്ധമായ പല വിവാദ നടപടികളിലും ഉത്തരവുണ്ടായത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആണെന്നും കേരള പോലീസിനെ നിയന്ത്രിക്കുന്നത് ഡിഐജിയല്ല പ്രത്യുത മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കുന്ന ഗൂഢ സംഘമാണെന്നും നാളിതുവരെ പ്രതിക്ഷം ഉന്നയിച്ചു കൊണ്ടിരുന്ന ആരോപണങ്ങളെ ശരിവക്കുന്നതാണ് ഐജി ഗുഗലോത്ത് ലക്ഷ്മണ്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍.