‘ലോകത്തിലെ ഏറ്റവും വൃത്തികെട്ട മനുഷ്യൻ’ എന്ന് വിശേഷിക്കപ്പെടുന്ന ‘അമൗ ഹാജി’ അന്തരിച്ചു.
അരനൂറ്റാണ്ടിലേറെയായി കുളിക്കാതിരുന്നതിന് “ലോകത്തിലെ ഏറ്റവും വൃത്തികെട്ട മനുഷ്യൻ” എന്ന് വിളിപ്പേരു നേടിയ ഇറാനിയൻ സന്യാസി “അമൗ ഹാജി” തന്‍റെ 94-ാം വയസ്സിൽ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്‍റെ തെക്കൻ പ്രവിശ്യയായ ഫാർസിലെ ദേജ്ഗാഹ് ഗ്രാമത്തിൽ ആണ് “അമൗ ഹാജി” ജീവിച്ചിരുന്നത്. പ്രത്യേക രോഗം ഒന്നുമില്ലാതിരുന്ന അദ്ദേഹം വാര്‍ദ്ധക്യത്തിന്‍റെ അവശതയാല്‍ കഴിഞ്ഞ ഞായറാഴ്ച ആണ് മരിച്ചതെന്ന് ഇർന വാർത്താ ഏജൻസി ആണ് റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ 60 വർഷത്തിലേറെയായി വെള്ളവും സോപ്പും ഉപയോഗിച്ച് കുളിക്കാത്ത അമൗ ഹാജി മണ്ണും ചാരവും മറ്റും നിറഞ്ഞ മലീമസമായ കരിങ്കല്ലിൽ കെട്ടിയുണ്ടാക്കിയ ഗുഹയില്‍ ആയിരുന്നു കഴിഞ്ഞിരുന്നത്. “യൗവനത്തിൽ ഉണ്ടായ വൈകാരികമായ തിരിച്ചടികൾ”കുളിക്കാനും സ്വയം കഴുകി വൃത്തിയാകാനും അദ്ദേഹം വിസമ്മതിച്ചതിനു കാരണം എന്ന് ഗ്രാമവാസികൾ പറയുന്നു, അവസാനം വാര്‍ദ്ധക്യം ബാധിച്ച് അവശനായ അമൗ ഹാജിയെ ഗ്രാമവാസികള്‍ ചേര്‍ന്ന് കുളിപ്പിച്ച് സുന്ദരനാക്കി ഏതാനും മാസങ്ങള്‍ക്കകമാണ് അമൗ ഹാജി മരണത്തിന് കീഴടങ്ങിയത്.
റോഡില്‍ വാഹനങ്ങള്‍ ഇടിച്ചു ചാകുന്ന ചെറുമൃഗങ്ങളായിരുന്നു അമൗഹാജിയുടെ പ്രധാന ഭക്ഷണമെന്നും മൃഗങ്ങളുടെ വിസർജ്ജനം നിറച്ച പൈപ്പ് വലിക്കുമെന്നും ഒരേസമയം ഒന്നിലധികം സിഗരറ്റുകൾ വലിക്കുമെന്നും ശുചിത്വം ഇല്ലായ്മ അദ്ദേഹത്തെ അധികം വൈകാതെ രോഗിയാക്കുമെന്നും 2014-ൽ, ടെഹ്‌റാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാല്‍ എല്ലാവരേയും അത്ഭുതപെടുത്തിക്കൊണ്ട് യാതൊരു രോഗപീഢകളുമില്ലാതെ 94വയസുവരെ അമൗഹാജി സുഖമായി ജീവിച്ചു.
ഹാജിയുടെ മരണശേഷം, ലോകത്തിലെ ഏറ്റവും വൃത്തികെട്ട മനുഷ്യനെന്ന റെക്കോർഡ് ഇപ്പോള്‍ ഒരു ഇന്ത്യക്കാരന് സ്വന്തമായിരിക്കുകയാണ്. വിശുദ്ധ നഗരമായ വാരണാസിക്ക് പുറത്തുള്ള ഒരു ഗ്രാമത്തിൽ നിന്നുള്ള “കലൗ” എന്നു വിളിക്കപ്പെടുന്ന കൈലാഷ് ആണ് ഇപ്പോള്‍ ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും വൃത്തികെട്ട മനുഷ്യന്‍. “രാഷ്ട്രം അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങളും” പരിഹരിക്കുവാന്‍ സഹായിക്കുന്നതിനായി കഴിഞ്ഞ 30 വർഷത്തിലേറെയായി കുളിക്കലും സ്വയം ശുചിയാക്കലും പൂര്‍ണ്ണമായും ഒഴുവാക്കിയിരിക്കുകയാണ് കലൗസിംഗ്.
ജലം ഉപേക്ഷിച്ചുവെങ്കിലും കലൗ ദിവസവും കുളിക്കുന്നുണ്ട്. അത് അഗ്നിയിലാണെന്നു മാത്രം. “എല്ലാ വൈകുന്നേരങ്ങളിലും ഗ്രാമവാസികൾ ഒത്തുകൂടുമ്പോൾ, കലൗ തീ കത്തിച്ച് അഗ്നികുണ്ഠമുണ്ടാക്കുന്നു, കഞ്ചാവ് വലിക്കുന്നു, ശിവനോട് പ്രാർത്ഥിക്കുന്നു,”അഗ്നികുണ്ഠത്തിനു ചുറ്റും നൃത്തംവച്ച് ശരീരത്തില്‍ ചൂടടുപ്പിക്കുന്നു. “അഗ്നികുളി” എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നത്. “ഇത് കുളിക്കാൻ വെള്ളം ഉപയോഗിക്കുന്നത് പോലെയാണ്. ശരീരത്തിലെ എല്ലാ അണുക്കളെയും അണുബാധകളെയും നശിപ്പിക്കാൻ അഗ്നികുളി സഹായിക്കുന്നു എന്നാണ് കലൗസിംഗ് പറയുന്നത്. എന്തായാലും പ്രത്യേക രോഗങ്ങളൊന്നുമില്ലാതെ ആരോഗ്യവാനായാണ് 70 വയസ് പിന്നിട്ട കലൗസിംഗ് തന്‍റെ അഗ്നികുളിയുമായി ഇപ്പോഴും ജീവിക്കുന്നത്.

