മാധ്യമങ്ങളെ ഭയപ്പെടുത്തുവാന്‍ ഇപ്പോഴുള്ള ശ്രമം മുമ്പുണ്ടായിട്ടില്ല- എന്‍.റാം
മുമ്പെന്നെത്തേക്കാള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് മാധ്യമമേഖലയെ ആകെ ചൂഴ്ന്നുനില്‍ക്കുന്ന ഒരു ഭീതിയുടെ കാലാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഇതുകണ്ട് ജനങ്ങള്‍ പേടിക്കരുത്. ഇത്തരത്തിലുള്ള അടിച്ചമര്‍ത്തലുകള്‍ കാണണമെങ്കില്‍ നാം അടിയന്തരാവസ്ഥയുടെ കാലത്തേക്ക് തിരിഞ്ഞുനോക്കണം. മാധ്യമങ്ങളെ പേടിപ്പിക്കാന്‍ ഇപ്പോള്‍ നടക്കുന്നതുപോലുള്ള ശ്രമങ്ങള്‍ സമീപ കാലത്തൊന്നും ഉണ്ടായിട്ടില്ല. എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടുന്നതും അതാണ്. ദ ഹിന്ദു ഗ്രൂപ്പിന്റെ ചെയര്‍മാനും മുന്‍ എഡിറ്ററുമായ എന്‍ റാം ദ വയര്‍ എന്ന ന്യൂസ് പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തിലാണ് ഇന്നു വാര്‍ത്താമാധ്യമ രംഗത്ത് നിലല്‍ക്കുന്ന ഭയപ്പെടുത്തലിന്‍റെ രാഷ്ട്രീയത്തെ കുറിച്ച് തുറന്നു പറയുന്നത്.
ഇന്ന് സ്വതന്ത്ര മാധ്യമങ്ങള്‍ക്കും ഒരു മുഖ്യ പങ്കാണ് വഹിക്കുവാനുള്ളത്. ഡിജിറ്റല്‍ മാധ്യമങ്ങളായ ദ വയര്‍, കാരവന്‍, സ്‌ക്രോള്‍ എന്നിവയുടെ പങ്ക് പ്രശംസനീയമാണ്. ബോഫോഴ്‌സിലെപ്പോലെ റഫാലിലും ദ ഹിന്ദു മുന്നില്‍ത്തന്നെയുണ്ട്. ഇത് ഏതെങ്കിലും ഒരു മാധ്യമസ്ഥാപനത്തിന്റെ മാത്രം പണിയല്ല. പരസ്പരം മത്സരമുള്ളപ്പോള്‍ത്തന്നെ ഒന്നിച്ചുള്ള ചില പരിശ്രമങ്ങളും ആവശ്യമാണ്. ഒരാളുടെ കയ്യിലുള്ളതില്‍ നിന്ന് മറ്റൊരാള്‍ മറ്റൊന്ന് കണ്ടെത്തുന്നതുപോലെ. ഉദാഹരണത്തിന്, ദ വയറിന്റെ കൈവശമുണ്ടായിരുന്ന ചില രേഖകള്‍ ഞങ്ങള്‍ ഉപയോഗപ്പെടുത്തി. കാരവന്റെ പക്കലും ചില രേഖകളുണ്ടായിരുന്നു. പരസ്പരം മത്സരിക്കുമ്പോള്‍ത്തന്നെ അതൊരു കൂട്ടായ പ്രവര്‍ത്തനം കൂടിയാണ്. ജേണലിസം മുന്നോട്ടുപോകുന്നത് അങ്ങനെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.അല്ലാതെ ഞങ്ങള്‍ എവിടെനിന്നും ഒരു രേഖയും മോഷ്ടിച്ചിട്ടില്ല. ആ രേഖകള്‍ ഞങ്ങള്‍ പണം കൊടുത്ത് വാങ്ങിയതുമല്ല. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)എ ഞങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കും. പെന്റഗണ്‍ പേപ്പേഴ്‌സ് സംബന്ധിച്ച അന്വേഷണത്തിന്റെ പാരമ്യത്തില്‍ ന്യൂയോര്‍ക്ക് ടൈംസും വാഷിങ്ടണ്‍ പോസ്റ്റും കൈകോര്‍ത്തത് നാം കണ്ടതാണ്. വിക്കി ലീക്‌സ് രേഖകള്‍ പ്രസിദ്ധീകരിക്കുന്ന കാര്യത്തില്‍ ദ ഹിന്ദുവിനും ഒരു പങ്കുണ്ടായിരുന്നു എന്ന് എന്‍ റാം പറഞ്ഞു.
പുല്‍വാമ ഭീകരാക്രണത്തിനും ബാലാക്കോട്ട് വ്യോമാക്രമണത്തിനും ശേഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ നറേറ്റീവ് നിര്‍ണയിക്കാന്‍ കഴിയുമെന്ന് ബിജെപി കരുതിയിട്ടുണ്ടാവും. അതിദേശീയതയ്ക്കും ജിങ്കോയിസത്തിനും ‘അവരെ പാഠം പഠിപ്പിക്കൂ’ എന്ന കൊലവിളികള്‍ക്കും ജനങ്ങള്‍ കൂടുതല്‍ വശംവദരാകുന്ന ഹിന്ദി മേഖലയില്‍ ഇത് സ്വാധീനമുണ്ടാക്കുമെന്ന് അവര്‍ കരുതിയിരിക്കാം. അതിനാലാണ് റഫാല്‍ ഇടപാടില്‍ ഹിന്ദു ദിനപ്പത്രം പുറത്തുവിട്ട സുപ്രധാന രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍നിന്ന് മോഷ്ടിക്കപ്പെട്ടവ ആണെന്ന് അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ സുപ്രീം കോടതിയില്‍ പറഞ്ഞത്.
ഇന്ത്യയില്‍ അഴിമതി ഒരിക്കലും തെരഞ്ഞെടുപ്പിലെ ഒന്നാമത്തെ വിഷയമാകാറില്ല. അത് ബോഫോഴ്‌സ് കേസിലാണെങ്കിലും ടുജി സ്‌പെക്ട്രം കേസിലാണെങ്കിലും അങ്ങനെയായിരുന്നു. തൊഴിലില്ലായ്മ, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി എന്നിവയാണ് ഇത്തവണത്തെ പ്രധാന പ്രശ്‌നങ്ങള്‍ എന്നാണ് അഭിപ്രായ സര്‍വ്വെകള്‍ പറയുന്നത്. അഴിമതി മൂന്നാത്തെയോ നാലാമത്തെയോ കാര്യം മാത്രമാണ്. എന്നാല്‍, അഴിമതിക്കേസുകള്‍ എല്ലായിപ്പോഴും പ്രതിപക്ഷത്തിന്റെ കയ്യിലെ പ്രധാന ആയുധമാകും. അതവര്‍ക്ക് വലിയ ഊര്‍ജ്ജം നല്‍കും. ഇത്തവണ രാഹുല്‍ ഗാന്ധി അത് പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. റഫാല്‍ പ്രശ്‌നം അദ്ദേഹം വിടാതെ പിന്തുടരുകയും ആവര്‍ത്തിച്ച് ഉന്നയിക്കുകയും ചെയ്യുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഈ രാജ്യത്ത് ഇപ്പോഴും നിര്‍ണായക സ്വാധീനമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അവര്‍ ഒരു തിരിച്ചുവരവിന്റെ ഘട്ടത്തിലാണ്ന്നും എന്‍ റാം പറഞ്ഞു.

