റെയ്സന കുന്നിലേക്ക് പുതിയ അതിഥി. ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി

Print Friendly, PDF & Email

ഒഡീഷയിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയാവും. രാഷ്ട്രപതി തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ മൂന്നാം റൗണ്ടിലേക്ക് കടന്നപ്പോൾ ജയിക്കാൻ വേണ്ട മിനിമം വോട്ടുകൾ ദ്രൗപദി മുര്‍മു നേടി. തമിഴ്നാട് അടക്കം ചില സംസ്ഥാനങ്ങളിൽ കൂടി വോട്ടുകൾ ഇനി എണ്ണാൻ ബാക്കിയുണ്ടെങ്കിലും മികച്ച ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്ന ദ്രൗപദി മുര്‍മു ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കാണും. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ വിജയം ഉറപ്പായതിന് പിന്നാലെ ദ്രൗപദി മുര്‍മുവിനെ നേരിൽ കണ്ട് അനുമോദനം അ‍ര്‍പ്പിച്ചു.

ആകെ 4025 എംഎൽഎമാർക്കും 771 എംപിമാർക്കുമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുണ്ടായിരുന്നത്. ഇതിൽ 99 ശതമാനം പേർ വോട്ടു ചെയ്തു. കേരളം ഉൾപ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാം എംഎൽഎമാരും വോട്ടു രേഖപ്പെടുത്തി. വോട്ടെടുപ്പിന് മുൻപേ തന്നെ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിൻറെ വിജയം എൻഡിഎ ഉറപ്പിച്ചിരുന്നു. ചില സംസ്ഥാനങ്ങളിൽ വോട്ടുചോർച്ച ഉണ്ടായെന്ന റിപ്പോർട്ടുകളെ തുടർന്ന് പ്രതിപക്ഷത്ത് ആശങ്ക ദൃശ്യമായിരുന്നു. ആ ആശങ്ക ശരിയാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള ഫലമാണ് ഒടുവിൽ പുറത്തു വരുന്നതും.

രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ആധികാരിക ജയത്തോടെ 2024-ലെ പൊതുതെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാൻ ബിജെപിക്കാവും. പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ മുൻപേ പ്രഖ്യാപിച്ചിട്ടും ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപദി മുര്‍മുവിൻ്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ ബിജെപിയേയും മോദിയേയും എതിര്‍ത്തു നിന്ന പാര്‍‍ട്ടികളുടെ വരെ വോട്ട് നേടാൻ എൻഡിഎയ്ക്ക് സാധിച്ചു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ മോദിയുടേയും അമിത് ഷായുടേയും രാഷ്ട്രീയ തന്ത്രങ്ങളെല്ലാം നൂറു ശതമാനം വിജയം കാണുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പിൽ കണ്ടത്.

See the source image
ആശംസകളുമായി പ്രധാനമന്ത്രി. പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുര്‍മുവിനെ പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നു.

ഒഡീഷയില സന്താൾ ഗോത്ര വർഗ്ഗ വിഭാഗത്തിൽപ്പെട്ടയാളാണ് ദ്രൌപദി മുർമു. ഉപർഭേദയിലെ അവരുടെ ഗ്രാമത്തിൽ ആദ്യമായി കോളേജ് വിദ്യാഭ്യാസം നേടുന്ന പെൺകുട്ടി. അവിടെ തുടങ്ങിയ വെല്ലുവിളികളിൽ ഒന്നിലും പതറാതെ പോരാടിയാണ് ദ്രൗപദി മുർമു റെയ്സിന കുന്നിലെ രാഷ്ട്രപതി ഭവനിലെത്തുന്നത്. ഭുവനേശ്വരിലെ രമാ ദേവി സർവകലാശാലയിൽ നിന്ന് ആർട്സിലായിരുന്നു ബിരുദം. ആദ്യ ജോലി ജലസേചന വകുപ്പിൽ ജൂനിയർ അസിസ്റ്റൻറായി. പിന്നീട് സ്കൂൾ അധ്യാപികയായും പ്രവർത്തിച്ചു. അധ്യാപികയായിരുന്ന കാലത്താണ് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടക്കുന്നത്. 1997ൽ മുർമ്മു റായ്റംഗ്പൂർ മുൻസിപ്പൽ കൌൺസിലറായി. അക്കാലത്ത് ഒഡീഷയിൽ മികച്ച നേതാക്കളെ തേടിയിരുന്ന ബിജെപിക്ക് ദ്രൌപദി മുർമ്മു മുതൽക്കൂട്ടായി. ബിജെഡി – ബിജെപി സഖ്യം മത്സരിച്ച രണ്ടായിരത്തിലും രണ്ടായിരത്തി നാലിലും രണ്ട് തവണ മുർമ്മു ഒഡീഷയിൽ എംഎൽഎ ആയി. നാല് വർഷം സംസ്ഥാനത്തെ മന്ത്രിയായി. ട്രാൻസ്പോട്ട്, ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളായിരുന്നു കൈകാര്യം ചെയ്തത്. 2009ൽ ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ബിജെഡി – ബിജെപി സഖ്യം തകർന്നതിനാൽ മുർമ്മു പരാജയപ്പെട്ടു. തുടർന്നിങ്ങോട്ട് വ്യക്തി ജീവിതത്തിൽ ഏറെ നഷ്ടങ്ങൾ നേരിട്ടു മുർമ്മു. ഭർത്താവിൻറെയും രണ്ടാൺമക്കളുടെയും മരണം മുർമ്മുവിനെ ഉലച്ചു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാർഖണ്ഡ് ഗവർണറായി ആയിരുന്നു മുർമ്മുവിൻറെ തിരിച്ചുവരവ്. ജാർഖണ്ഡിലെ ഭൂനിയമങ്ങൾക്കെതിരായ ആദിവാസി സമരങ്ങൾക്കിടയിലായിരുന്നു ദ്രൌപദി മുർമ്മു ഗവർണറായി എത്തിയത്. ജാർഖണ്ഡ് സർക്കാർ കൊണ്ടുവന്ന രണ്ട് നിയമങ്ങൾ ആദിവാസികളുടെ അവകാശങ്ങൾ ലംഘിക്കുന്നുവെന്ന് ചൂണ്ടുകാണിച്ച് ദ്രൌപദി മുർമ്മു ഒപ്പ് വെക്കാതെ മടക്കി അയച്ചിട്ടുണ്ട്. മന്ത്രിയായും ഗവർണ്ണറായുമുള്ള ഭരണമമികവ് കൂടിയാണ് മുർമുവിനെ പരമോന്നത പദവിയിൽ എത്തിച്ചത്. ആദ്യമായി ഗോത്രവിഭാഗത്തിൽ നിന്ന് ഒരു വനിത റായ്സിന കുന്നിലെത്തുമ്പോൾ ദ്രൗപദി മുർമുവിൻറെ നയവും രീതിയും എന്താവും എന്നറിയാൻ ഇന്ത്യയും കാത്തിരിക്കുന്നു.

  •  
  •  
  •  
  •  
  •  
  •  
  •