‘ക്വാഡ്’ നേതൃതല യോഗത്തിനായി പ്രധാനമന്ത്രി ജപ്പാനില്‍ ‘
ക്വാഡ്’ ഉച്ചക്കോടിയുടെ നേതൃതലയോഗത്തിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലേക്ക് പുറപ്പെട്ടു. ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുള്‍പ്പെടുന്ന ‘ക്വാഡി’ന്റെ നേതൃതലയോഗം തിങ്കളാഴ്ച ടോക്കിയോയിൽ ആരംഭിക്കും. തിങ്കളാഴ്ച രാവിലെ ടോക്കിയോയിലെത്തുന്ന പ്രധാനമന്ത്രി ജപ്പാനില്‍ 40 മണിക്കൂര്‍ ചെലവിടും. ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ജപ്പാനിലേക്ക് പുറപ്പെട്ടത്.
രണ്ടു ദിവസമാണ് ക്വാഡ് ഉച്ചക്കോടിയുടെ നേതൃതലയോഗം. നേതൃതലയോഗത്തിന്റെ ഭാഗമായുളള 23 പരിപാടികളിൽ മോദി പങ്കെടുക്കും. 36 ജാപ്പനീസ് കമ്പനികളുടെ മേധാവികളെ മോദി കാണും, ജപ്പാനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ യോഗത്തിലും പ്രധാനമന്ത്രി സംബന്ധിക്കും. ചൊവ്വാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്തോ-പസഫിക് മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും പരസ്പരം താത്പര്യമുള്ള ആഗോളപ്രശ്‌നങ്ങളെക്കുറിച്ചും ചര്‍ച്ച നടക്കും. വിവിധ സംരംഭങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനും നേതാക്കൾക്ക് വീണ്ടും അവസരം ലഭിക്കുമെന്ന് ടോക്കിയോയിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി പറഞ്ഞു. യുഎസുമായി വിവിധ മേഖലകളിലുളള സഹകരണത്തിന്റെ പുരോഗതി കൂടിക്കാഴ്ചയില്‍ വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

