ഇന്ത്യയുടെ ജുലൻ ഗോസ്വാമി 200 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ വനിതാ താരം
കിബർലി: വനിതാ ഏകദിന ക്രിക്കറ്റിൽ 200 വിക്കറ്റ് വീഴ്ത്തുന്ന ലോകത്തെ ആദ്യ താരമായി ഇന്ത്യയുടെ ജുലൻ ഗോസ്വാമി. ഇന്ന് ദക്ഷിണാഫ്രിക്കയുടെ ലോറ വൊൾവാർട്ടിനെ പുറത്താക്കിയാണ് ജുലൻ ചരിത്രനേട്ടം സ്വന്തമാക്കിയത്.
കിബർലി ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയുടെ ലോറ വോൾവാർട്ടിനെ വിക്കറ്റ് കീപ്പർ സുഷമാ വർമ്മയുടെ കൈകളിലെത്തിച്ചപ്പോൾ ഇന്ത്യൻ പേസർ ജുലൻ ഗോസ്വാമി ഇടം നേടിയത് ചരിത്രത്തിലാണ്. ഒരിക്കലും മായ്ച്ചുകളയാനാവാത്ത നേട്ടത്തിലൂടെ. വനിതാ ഏകദിനത്തിൽ 200 വിക്കറ്റ് വീഴ്ത്തുന്ന ലോകത്തെ ആദ്യ വനിത എന്ന നേട്ടം.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി ഇന്ത്യയുടെ ബൗളിംഗ് കുന്തമുനയായ ജുലൻ തന്‍റെ 166-ാം ഏകിദനത്തിലാണ് 200 വിക്കറ്റ് തികച്ചത്. കഴിഞ്ഞ ജൂലൈയിൽ ഓസ്ട്രേലിയയുടെ കാതറിൻ ഫിറ്റ്സ്പാട്രിക്കിന്‍റെ 180 വിക്കറ്റ് മറികടന്ന ജുലൻ വിക്കറ്റ് വേട്ടയിൽ മുന്നിലെത്തി.
2002 ജനുവരി ആറിന് ഇംഗ്ലണ്ടിനെതിരെയായിരുന്നു ബംഗാൾ സ്വദേശിയായ ജുലന്‍റെ അരങ്ങേറ്റം. 2007 ൽ ഐസിസിയുടെ വനിതാ ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡ് ജുലൻ നേടി. 2010 ൽ അർജ്ജുനയും തൊട്ടടുത്ത വർഷം പത്മശ്രീയും ജുലനെ തേടിയെത്തി.
പരിചയസമ്പന്നയായ ഈ പ്രതിഭാശാലി ഇന്ത്യയുടെ യുവ ബൗളർമാരുടെ മാർഗ്ഗദർശി കൂടിയാണ് ഇന്ന്. ജുലന്‍റെ ചരിത്ര നേട്ടം പിറന്ന കിമ്പർലിയിൽ ഇന്ന് ഇന്ത്യ, ദക്ഷിണാഫ്രിക്കയെ 178 റൺസിന് തകർത്തു. ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പര ഇന്ത്യൻ വനിതകൾ സ്വന്തമാക്കുകയും ചെയ്തു.
ആദ്യ മത്സരത്തിൽ 88 റൺസിനാണ് ഇന്ത്യ ജയിച്ചത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ നാല് വിക്കറ്റ് വീഴ്ത്തി ഇന്നും ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളർമാരിൽ ഒരാളാണ് താനെന്ന് അടിവരയിട്ടു.