തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേളികൊട്ടുമായി കെജ്രിവാള്‍ എറണാകുളത്ത്.

Print Friendly, PDF & Email

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിടി തോമസിന്റെ നിര്യാണത്തെ ത്തുടര്‍ന്ന് നടക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ കേരളത്തില്‍ എത്തുന്നു. മെയ് 15ന് ട്വിന്റി 20 കിഴക്കമ്പലത്ത് സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായാണ് കെജ്രിവാള്‍ എറണാകുളത്ത് എത്തുന്നത്. അര ലക്ഷം പേരെ പങ്കെടുപ്പിച്ചു കൊണ്ട് കെജ്രിവാള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ കേളികൊട്ടായാണ് ആംആദ്മി പാര്‍ട്ടി കരുതുന്നത്. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലും കെജ്രിവാള്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന.

ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയും ട്വന്റി 20യും കൈകോര്‍ത്ത് ആയിരിക്കും മത്സരിക്കുക. ഇരുപാര്‍ട്ടികള്‍ക്കും വേണ്ടി ഒറ്റ സ്ഥാനാര്‍ത്ഥിയാകും ഉണ്ടാവുകയെന്ന് ട്വന്റി 20 ചെയര്‍മാന്‍ സാബു എം ജേക്കബ് അറിയിച്ചിരുന്നു. ഉപതെരഞ്ഞടുപ്പില്‍ പിടിയുടെ ഭാര്യ ഉമാ തോമസിനെ മത്സര രംഗത്തിറക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. നിലവിലുള്ള ശക്തമായ സ്വാധീനം, ഉമാ തോമസ് സ്ഥാനാര്‍ത്ഥിയായി വരുന്നതോടെയുണ്ടാകുന്ന സഹതാപ തരംഗം, ഭരണവിരുദ്ധ വികാരം ഉയര്‍ത്തിയുള്ള പ്രചരണം എന്നിവയിലൂടെ സീറ്റ് നിലനിര്‍ത്താമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ തൃക്കാക്കര പിടിച്ചെടുക്കാനാകുമെന്നാണ് സിപിഐഎം വിലയിരുത്തല്‍. സ്വതന്ത്രന് പകരം ഇത്തവണ പാര്‍ട്ടിയിലെ കരുത്തനായ ഒരാളെ നിര്‍ത്തണമെന്ന് എല്‍ഡിഎഫ് അണികള്‍ക്കിടയില്‍ ആവശ്യമുയരുന്നുണ്ട്. മേയര്‍ എം അനില്‍കുമാറിന്റെയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിന്റെയും പേരുകളാണ് സിപിഐഎമ്മിന്റെ ആദ്യ ചര്‍ച്ചകളിലുള്ളത്. ബിജെപി സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന്‍ ആവുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ശക്തമായ ചതുഷ്കോണ മത്സരത്തിനാണ് തൃക്കാക്കര ഇത്തവണ സാക്ഷിയാവുക.

  •  
  •  
  •  
  •  
  •  
  •  
  •