സില്‍വര്‍ലൈന്‍: ജനകീയ ബദല്‍ സംവാദത്തിലേക്ക് മുഖ്യമന്ത്രിക്കും സിസ്ട്രക്കും ക്ഷണം.

Print Friendly, PDF & Email

കെ-റെയില്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച സില്‍വര്‍ലൈന്‍ സംവാദത്തിനു ബദലായി മെയ് 4ന് ജനകീയ പ്രതിരോധ വേദി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സംവാദം കൂടുതല്‍ ജനാധിപത്യപരമാക്കാന്‍ നീക്കം. സംവാദത്തിനായി മുഖ്യമന്ത്രിയെ ക്ഷണിച്ച ജനകീയ പ്രതിരോധ വേദി, പദ്ധതിക്കായി ഡി.പി.ആര്‍. തയാറാക്കിയ സിസ്‌ട്രയേയും ക്ഷണിച്ചു. കെ-റെയില്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിച്ചതുപോലെ ഏകപക്ഷീയമായല്ല തങ്ങള്‍ വിഷയത്തെ സമീപിക്കുന്നതെന്നാണ്‌ ജനകീയ പ്രതിരോധ വേദി വ്യക്‌തമാക്കുന്നത്‌.

കെ-റെയില്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച സില്‍വര്‍ലൈന്‍ സംവാദത്തില്‍ പാരിസ്‌ഥിതിക സാമൂഹിക-സാമ്പത്തിക സ്‌ഥിതികള്‍ ചര്‍ച്ചയായില്ലെന്ന പരാതി വ്യാപകമായുണ്ട്‌. മാത്രമല്ല, ആ സംവാദം ഏകപക്ഷീയമായിരുന്നുവെന്നും പദ്ധതിയെ എതിര്‍ക്കുന്നവര്‍ ചുണ്ടിക്കാട്ടുന്നു. അതേസമയം എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും ഒരുപോലെ അംഗീകരിക്കുന്ന തരത്തിലുള്ള ഒരു ചര്‍ച്ചയാണ്‌ ഇക്കാര്യത്തില്‍ വേണ്ടതെന്നാണ്‌ ജനകീയപ്രതിരോധ വേദിയുടെ നിലപാട്‌. കേരളത്തിന്റെ പരിസ്‌ഥിതിയേയും സാമൂഹിക സാമ്പത്തിക സ്‌ഥിതിയേയും മറ്റും ഗുരുതരമായി ബാധിക്കുന്നതാണ്‌ പദ്ധതി. അതുകൊണ്ടുതന്നെ അതിന്റെ പ്രത്യാഘാതങ്ങളെ സംബന്ധിച്ച്‌ ശാസ്‌ത്രീയവും സൂക്ഷ്‌മവുമായ പഠനം ആവശ്യമാണ്‌. അതിനാലാണ്‌ എല്ലാ വിദഗ്‌ധരെയും ഉള്‍പ്പെടുത്തി ഇത്തരമൊരു സംവാദം സംഘടിപ്പിക്കുന്നതെന്നാണു വേദിയുടെ വിശദീകരണം.

അതുകൊണ്ടുതന്നെയാണ്‌ സര്‍ക്കാരിലെയും കെ-റെയില്‍ കോര്‍പ്പറേഷന്റെയും പ്രതിനിധികളെ സംവാദത്തിലേക്ക്‌ ക്ഷണിക്കുന്നത്‌. കെ-റെയില്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച സംവാദത്തില്‍ സര്‍ക്കാരിനു പങ്കില്ലെന്നായിരുന്നു അത്‌ ബഹിഷ്‌ക്കരിച്ചവരുടെ പരാതി. ഈ സംവാദത്തില്‍ അത്‌ ഒഴിവാക്കും. ഇതിന്റെ ഭാഗമായി കെ-റെയില്‍ കോര്‍പ്പറേഷന്റെ എം.ഡിയേയും സംവാദത്തിന്‌ ക്ഷണിച്ചിട്ടുണ്ട്‌. കഴിഞ്ഞദിവസം ജനകീയ പ്രതിരോധ വേദിയുടെ പ്രതിനിധികള്‍ നേരിട്ട്‌ എത്തിയാണ്‌ കെ-റെയില്‍ എം.ഡിക്ക്‌ ക്ഷണക്കത്ത്‌ കൈമാറിയത്‌. സംവാദത്തില്‍ പങ്കെടുക്കുന്ന കാര്യം പരിശോധിച്ചതിന് ശേഷം തീരുമാനിക്കുമെന്ന് കെ റെയിൽ എംഡി അജിത് കുമാര്‍ അറിയിച്ചു

ഇതിനു പിന്നാലെയാണ്‌ സില്‍വര്‍ലൈന്‍ പദ്ധതിയുടെ കണ്‍സല്‍ട്ടന്റ്‌ സിസ്‌ട്രയുടെ പ്രജക്‌റ്റ്‌ ഡയറക്‌ടര്‍ സ്വയംഭൂ ലിംഗത്തെയും സംവാദത്തിലേക്ക്‌ ക്ഷണിച്ചിരിക്കുന്നത്‌. ഇദ്ദേഹത്തെ ക്ഷണിച്ചുകൊണ്ട്‌ ഇ-മെയില്‍ അയച്ചിട്ടുണ്ട്‌. കൂടാതെ ഗതാഗതസെക്രട്ടറിയേയും ചര്‍ച്ചയിലേക്ക്‌ പ്രത്യേകം ക്ഷണിക്കും. അതേസമയം അനുകൂലികളായ ഡോ. കുഞ്ചറിയ പി ഐസക്, എസ് എന്‍ രഘുചന്ദ്രന്‍ എന്നിവരെയും പാനലില്‍ ഉള്‍പ്പെടുത്തിയതായി സമതി ഭാരവാഹികൾ അറിയിച്ചു.

മുന്‍മന്ത്രി തോമസ് ഐസക്കിനേയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ചികിത്സാ സംബന്ധമായ കാരണങ്ങളാല്‍ എത്താന്‍ കഴിയില്ലെന്ന് ഐസക്ക് അറിയിച്ചു. രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികള്‍ക്ക് സംവാദത്തില്‍ ക്ഷണമില്ല. വിദഗ്ദരെ മാത്രം ഉള്‍പ്പെടുത്തിയാണ് സംവാദം. കെ റെയില്‍ നടത്തിയ സംവാദത്തില്‍ നിന്ന് പിന്‍മാറിയ അലോക് വര്‍മ്മക്കും ക്ഷണമുണ്ട്.

  •  
  •  
  •  
  •  
  •  
  •  
  •