മഠത്തിലെ തടങ്കലില്‍ നിന്ന് കന്യാസ്ത്രീയെ പോലീസ് മോചിപ്പിച്ചു.
ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ സാക്ഷിപറഞ്ഞതിന്‍റെ പേരില്‍ മഠാധികൃതര്‍ തടഞ്ഞുവച്ച് പീഢീപ്പിച്ച കന്യാസ്‌ത്രീയെ പോലീസ് എത്തി മോചിപ്പിച്ചു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയായ സിസ്‌റ്റര്‍ ലിസിയാണ് മൂവാറ്റുപുഴ തൃക്ക ഭാഗത്തുള്ള മഠത്തില്‍ നിന്ന് മൂവാറ്റുപുഴ പോലീസ് മോചിപ്പിച്ചത്. സിസ്റ്റര്‍ ലസി തടങ്കലിലെന്ന ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നാണ് മഠത്തില്‍ പോലീസ് എത്തി മോചിപ്പിച്ചത്. മഠാധികാരികള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സ്‌റ്റേഷനില്‍ എത്തിച്ച കന്യാസ്‌ത്രീയില്‍ നിന്നു പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. സഭാ നേതൃത്വത്തില്‍നിന്നും മഠത്തില്‍നിന്നും മോശം അനുഭവം ഉണ്ടായതായി കന്യാസ്‌ത്രീ മൊഴി നല്‍കിയതായാണു വിവരം. മഠത്തില്‍ താന്‍ തടങ്കലിലായിരുന്നുവെന്ന് കന്യാസ്ത്രീ പൊലീസിന് മൊഴി നല്‍കി. ഇനി മഠത്തില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും ഭവനത്തിലേക്കു മടങ്ങിപ്പോകുകയാണെന്നും സിസ്റ്റര്‍ ലിസി പോലീസിനെ അറിയിച്ചു. കന്യാസ്‌ത്രീയെ പിന്നീടു പോലീസ് മൂവാറ്റുപുഴ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ കന്യാസ്‌ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കന്യാസ്ത്രീക്ക് ആവശ്യമായ പൊലീസ് സുരക്ഷ നല്‍കാന്‍ മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
പീഢനവിവരം കന്യാസ്ത്രീ ആദ്യം പറഞ്ഞത് സിസ്റ്റര്‍ ലിസിയോടായിരുന്നു. ഇതുസംബന്ധിച്ച മൊഴി സിസ്റ്റര്‍ ലിസി പോലീസിന് നല്‍കിയിരുന്നു. ബിഷപ് വിവാദം കത്തിനിന്നപ്പോഴും ഇക്കാര്യം സിസ്റ്റര്‍ ലിസി ആരോടും പറഞ്ഞിരുന്നില്ല. അടുത്ത കാലത്താണ് സിസ്റ്റര്‍ ലിസികേസിലെ സാക്ഷിയാണെന്ന വിവരം മഠാധികൃതര്‍ അറിുന്നത്. തുടര്‍ന്ന് സിസ്റ്റര്‍ ലിസിയെ വിജയവാഡയിലേക്ക് സ്ഥലംമാറ്റി. തുടര്‍ന്ന് അവിടെ താന്‍ സുരക്ഷിതയല്ലന്ന ബോധ്യത്താല്‍ സിസ്റ്റര്‍ തിരികെ കേരള്ത്തിലേക്ക് വരുകയായിരുന്നു. അതോടെയാണ് സിസ്റ്ററിനെ മഠാധികൃതര്‍ തടങ്കലിലാക്കിയത്. പിന്നീട് സിസ്റ്ററിനെപറ്റി യാതൊരു വിവരവും അറിയാഞ്ഞതിനെതുടര്‍ന്നാണ് ബനധുക്കള്‍ പരാതിയുമായി പോലീസിനെ സമീപിക്കുവാന്‍ നിര്‍ബന്ധിതരായത്. ഫ്രാങ്കോ മുളയ്‌ക്കലിനെതിരേ പരാതി നല്‍കിയ കന്യാസ്‌ത്രീയെ പിന്തുണച്ച അഞ്ചു കന്യാസ്‌ത്രീകള്‍ സഭാ നേതൃത്വത്തിനെതിരേ നേരത്തെ രംഗത്തുവന്നിരുന്നു. സിസ്‌റ്റര്‍ ലിസിയും ഇതേ പാത സ്വീകരിച്ചതോടെ എണ്ണം ആറായി. മറ്റുള്ളവര്‍ കുറവിലങ്ങാട് മഠത്തിലാണു കഴിയുന്നത്.
സിസ്‌റ്റര്‍ ലിസിയെ കാണാനില്ലെന്നും സഭാകേന്ദ്രത്തില്‍ തടങ്കലിലാണെന്നു സംശയിക്കുന്നെന്നും കാട്ടി കുടുംബാംഗങ്ങളാണു പോലീസില്‍ പരാതി നല്‍കിയത്. ബിഷപ്പിനെതിരേ മൊഴി പറഞ്ഞതാണ് സഭാനേതൃത്വം സിസ്‌റ്റര്‍ ലിസിക്കെതിരേ തിരിയാന്‍ കാരണമെന്നു ബന്ധുക്കള്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നില്ല. മറ്റു കന്യാസ്‌ത്രീകളോട് ഇടപഴകുന്നതുപോലും തടഞ്ഞതായി പരാതിയിലുണ്ട്. സഹോദരിയെ കേരളത്തില്‍ നില്‍ക്കാന്‍ അനുവദിക്കാതെ വിജയവാഡയിലേക്കു തിരികെക്കൊണ്ടുപോകാന്‍ സഭാ അധികൃതര്‍ നിര്‍ബന്ധിക്കുകയാണെന്നു സഹോദരനും പോലീസിനു മൊഴി നല്‍കി.

