മീഡിയവണ്‍ സംപ്രേക്ഷണ വിലക്കിനെതിരെ ഇന്ന് സുപ്രീംകോടതിയില്‍.
മീഡിയവണ്‍ സംപ്രേക്ഷണ വിലക്കിനെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയതോടെ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സുപ്രീംകോടതിയില്‍. ചീഫ് ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണ, ഹിമ കോഹ്ലി എന്നിവര്‍ അടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് അടിയന്തിരമായി ഹര്‍ജി പരിഗണിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി എത്തുക. മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോത്തഗി, ദുഷ്യന്ത് ദാവെ, അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ എന്നിവരാണ് സുപ്രീംകോടതിയില്‍ ഹാജരാവുക. ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറന്‍സില്ലെന്നതിന്റെ പേരിലായിരുന്നു ചാനലിന്റെ സംപ്രേഷണം വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ജനുവരി 31ന് വിലക്കിയത്.