റഷ്യ – യുക്രൈന്‍ രണ്ടാംവട്ട ചര്‍ച്ചയും പരാജയം. വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

Print Friendly, PDF & Email

അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം, റഷ്യന്‍സേന പൂര്‍ണമായി യുക്രൈനില്‍നിന്ന് പിന്മാറണം എന്നീ രണ്ട് ആവശ്യങ്ങളായിരുന്നു യുക്രൈന്‍ മുന്നോട്ടുവച്ചിരുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ റഷ്യന്‍ സംഘം തയാറാകാതിരുന്നതോടെ ഇന്നത്തെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. എന്നാല്‍ തുടര്‍ ചര്‍ച്ചകള്‍ക്കുള്ള സാധ്യത നിലനിര്‍ത്തിക്കൊണ്ടാണ് ഇന്നത്തെ ചര്‍ച്ചയും അവസാനിച്ചത്. ബെലാറസ് -പോളണ്ട് അതിര്‍ത്തിയിലാണ് രണ്ടാംവട്ട ചര്‍ച്ച നടന്നത്. ചര്‍ച്ച പരാജയമായിരുന്നു എങ്കിലും സാധാരണ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ ചില ധാരണയിലെത്തിയതായി സൂചനകളുണ്ട്.

ചര്‍ച്ച പരാജയപ്പെട്ടുവെങ്കിലും പൗരൻമാരെ ഒഴിപ്പിക്കാൻ പ്രത്യേകമേഖലകൾ നിശ്ചയിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഒഴിപ്പിക്കൽ, രക്ഷാപ്രവർത്തനങ്ങൾ എന്നിവയ്ക്കായി പ്രത്യേകമേഖലകൾ ഉണ്ടാകും. അവിടെ സൈനിക നടപടികൾ ഒഴിവാക്കുകയോ നിർത്തിവയ്ക്കുകയോ ചെയ്യും. യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ അജ്ഞാതമായ ഒരു മേഖലയിൽ വച്ചായിരുന്നു പ്രതിനിധിചർച്ച. ചർച്ചയിൽ ആഗ്രഹിച്ച ഫലമുണ്ടായില്ലെന്നും യുക്രൈനിയൻ പ്രസിഡന്‍റിന്‍റെ ഉപദേശകൻ മിഖായിലോ പൊദോല്യാക് ട്വിറ്ററിൽ കുറിച്ചു.

ഇതിനിടയില്‍ ഹാർകീവിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും കർശനമുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്. ഇപ്പോഴുള്ളതിലും കടുത്ത ആക്രമണങ്ങൾ ഹാർകീവിൽ നടക്കാൻ സാധ്യതയുണ്ടെന്ന് വ്യക്തമായതോടെയാണ് കർശന നിർദേശങ്ങളുമായി എംബസി പുതിയ മാർഗനിർദേശം പുറത്തിറക്കിയിരിക്കുന്നത്. എല്ലാ വിദ്യാർത്ഥികളും ഈ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് എംബസി പറയുന്നു.

വ്യോമാക്രമണം, ഡ്രോൺ വഴിയുള്ള ആക്രമണം, മിസൈലാക്രമണം, ആർട്ടിലറി ഷെല്ലിംഗ്, വെടിവെപ്പ്, ഗ്രനേഡ് സ്ഫോടനങ്ങൾ, പ്രാദേശികരും സൈനികരും തമ്മിലുള്ള പെട്രോൾ ബോംബേറ്, കെട്ടിടങ്ങൾ തകരാനുള്ള സാധ്യത, തകർന്ന കെട്ടിടങ്ങൾക്കിടയിൽ പെടാനുള്ള സാധ്യത, ഇന്‍റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെടൽ, വൈദ്യുതി, വെള്ളം, ഭക്ഷണം എന്നിവയ്ക്ക് ക്ഷാമം, കൊടും തണുപ്പിൽ പെട്ടുപോകൽ, കടുത്ത മാനസികസംഘർഷത്തിന് അടിമപ്പെടൽ, പരിക്കേൽക്കൽ, വേണ്ടത്ര ചികിത്സ ലഭിക്കാതെ വരൽ, യാത്ര ചെയ്യാൻ വഴിയില്ലാതാകൽ, സൈനികരുമായോ സായുധരായ മറ്റ് പോരാളികളെയോ നേർക്കുനേർ വരേണ്ട സാഹചര്യം എന്നിവ ഹാർകീവിൽ തുടരുന്നവർക്കും അവിടെ നിന്ന് യാത്ര ചെയ്ത് അതിർത്തികളിലേക്ക് എത്താൻ ശ്രമിക്കുന്നവർക്കും നേരിടേണ്ടി വരാമെന്നും, അത്തരത്തിലുള്ളവർ അടിയന്തരമായി ഈ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നുമാണ് എംബസി വ്യക്തമാക്കുന്നത്.

സുരക്ഷാ മുൻകരുതലുകൾ: 

# കൃത്യമായി നിങ്ങൾക്കൊപ്പമുള്ള ഇന്ത്യൻ പൗരൻമാർക്കൊപ്പം വിവരം പങ്കുവയ്ക്കുക, അവർക്കൊപ്പം സഞ്ചരിക്കുക
# പരിഭ്രാന്തരാകരുത്, മാനസികസംഘ‍ർഷത്തിലാകരുത്
# ചെറുസംഘങ്ങളായി മാത്രം നീങ്ങുക. പരമാവധി ഒരു സംഘത്തിൽ പത്ത് വിദ്യാർത്ഥികൾ മാത്രം. കൃത്യമായി ഒരു യാത്രാ പങ്കാളിയെ കണ്ടെത്തുക. സ്വയം ആ സംഘം രണ്ട് കോർഡിനേറ്റർമാരെ തെരഞ്ഞെടുക്കുക. 
# നിങ്ങളുടെ വിവരങ്ങൾ നിങ്ങളുടെ യാത്രാപങ്കാളിയുമായി കൃത്യമായി പങ്കുവയ്ക്കണം. 
# വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കുക. നിങ്ങളുടെ സംഘത്തിലുള്ളവരുടെ പേര്, വിലാസം, മൊബൈൽ നമ്പർ, ഇന്ത്യയിലെ കോണ്ടാക്ട് നമ്പർ, ഇന്ത്യയിലെ വിലാസം, നിലവിലുള്ള ലൊക്കേഷൻ, ദില്ലിയിലെയോ അതിർത്തി രാജ്യങ്ങളിലെയോ എംബസി കൺട്രോൾ റൂം നമ്പറുകൾ എന്നിവ പങ്കുവയ്ക്കുക. ഓരോ എട്ട് മണിക്കൂർ കൂടുമ്പോഴും വിവരം പുതുക്കാൻ മറക്കാതിരിക്കുക. കൃത്യമായി പത്ത് പേർ ഒപ്പമുണ്ടെന്ന് കോർഡിനേറ്റർ ഉറപ്പ് വരുത്തി നിങ്ങളുടെ ഇപ്പോഴത്തെ ലൊക്കേഷൻ കൺട്രോൾ റൂം/ ഹെൽപ് ലൈൻ നമ്പറുകളിൽ അറിയിക്കുക.
# എംബസി/ കൺട്രോൾ റൂം/ പ്രാദേശിക അധികൃതർ എന്നിവരുമായി കോർഡിനേറ്റർ മാത്രം സംസാരിക്കുക. 

# ഫോണിലെ ബാറ്ററികൾ പരമാവധി സേവ് ചെയ്യുക.  # അവശ്യസാധനങ്ങളടങ്ങിയ ഒരു കിറ്റ് എപ്പോഴും കയ്യിൽ കരുതുക
# പാസ്പോർട്ട്, ഐഡി കാർഡ്, അവശ്യമരുന്നുകൾ, ജീവൻരക്ഷാ മരുന്നുകൾ, ടോർച്ച്,  തീപ്പെട്ടി, ലൈറ്റർ, മെഴുകുതിരികൾ, പണം, കഴിക്കാൻ എനർജി ബാറുകൾ, പവർ ബാങ്ക്, വെള്ളം, ഫസ്റ്റ് എയ്‍ഡ് കിറ്റ്, ഹെഡ് ഗിയർ, മഫ്ളർ, ഗ്ലൗസ്, വാം ജാക്കറ്റ്, വാം സോക്സ്, ഷൂ എന്നിവ അവശ്യസാധനങ്ങളുടെ കിറ്റിൽ വേണം.
# പരമാവധി വെള്ളവും ഭക്ഷണവും കരുതുക, പങ്കുവയ്ക്കുക. വയറുനിറയെ കഴിക്കരുത്. കുറച്ചുകുറച്ചായി പല സമയങ്ങളിൽ കഴിക്കുക. ഇത് ഉടൻ വിശക്കാതിരിക്കാൻ സഹായിക്കും. നല്ലവണ്ണം വെള്ളം കുടിക്കുക. തുറന്ന സ്ഥലങ്ങളിൽ പറ്റുമെങ്കിൽ മഞ്ഞുരുക്കി വെള്ളം ശേഖരിക്കുക.
# വലിയ ഗാർബേജ് ബാഗ് കയ്യിൽ കരുതുക. നിലത്ത് വിരിക്കാനോ, മഴയിൽ നിന്ന് രക്ഷ നേടാനോ, മഞ്ഞ് കൊള്ളാതിരിക്കാനോ ഇത് സഹായിക്കും. 
# അസുഖബാധിതരാകുകയോ പരിക്കേൽക്കുകയോ ചെയ്താൽ ഉടനടി എമർജൻസി ഹെൽപ് ലൈൻ/കൺട്രോൾ റൂം നമ്പറുകളിൽ വിളിക്കുക. 

# മൊബൈലിലെ അനാവശ്യ ആപ്പുകളെല്ലാം ഡിലീറ്റ് ചെയ്യുക. ബാറ്ററി സേവ് ചെയ്യുക. പരമാവധി സംസാരം കുറയ്ക്കുക. 
# സുരക്ഷിതമായ ബങ്കറുകളിലോ സേഫ് സോണിലോ, ബേസ്മെന്‍റുകളിലോ പരമാവധി കഴിയാൻ ശ്രമിക്കുക. 
# തെരുവിലാണെങ്കിൽ റോഡിന് നടുവിലൂടെ നടക്കരുത്. കെട്ടിടങ്ങളുടെ മറവിൽ നടക്കുക. പരമാവധി കുനിഞ്ഞ് നടക്കുക. സിറ്റി സെന്‍ററുകൾ ഒഴിവാക്കുക. ഡൗൺ ടൗൺ പ്രദേശങ്ങൾ ഒഴിവാക്കുക. സ്ട്രീറ്റ് കോർണറുകൾ കടക്കുമ്പോൾ പരമാവധി ശ്രദ്ധിക്കുക. 
# സംഘങ്ങളായി സ‌ഞ്ചരിക്കുമ്പോൾ പരമാവധി വെള്ള വസ്ത്രം കരുതുക – ആവശ്യമെങ്കിൽ വീശിക്കാണിക്കുക. 
# റഷ്യനിൽ സംസാരിക്കാൻ അത്യാവശ്യം പഠിക്കുക. ഉദാഹരണം – യാ സ്റ്റുഡന്‍റ് ഇസ് ഇൻഡി (ഞാൻ ഇന്ത്യൻ വിദ്യാർത്ഥിയാണ്), യാ നീകോംബറ്റന്‍റ് (ഞാൻ നിരായുധനാ/യാണ്), പൊഴാലുസ്ത പൊമോജിത് മിൻ (എന്നെ സഹായിക്കൂ) എന്നീ വാചകങ്ങൾ പഠിക്കണം. 
# യാത്ര ചെയ്യാതിരിക്കുമ്പോൾ പരമാവധി നീട്ടി ശ്വാസമെടുക്കുക. കൈകാലുകൾ അനക്കുക. രക്തചംക്രമണം കൃത്യമായിരിക്കാൻ ശ്രദ്ധിക്കുക. 

# അവശ്യകിറ്റിന് പുറമേ അത്യാവശ്യം വേണ്ട സാധനങ്ങൾ മാത്രമെടുക്കുക. ദൂരയാത്ര വേണ്ടി വരുന്നതിനാൽ ചെറുബാഗുകൾ അഭികാമ്യം. 
# അടിയന്തരസാഹചര്യം വന്നാൽ ഉടനടി നിലവിലുള്ള ഇടത്ത് നിന്ന് മാറാൻ തയ്യാറായിരിക്കുക.
# മിലിട്ടറി ചെക്ക് പോസ്റ്റുകളിൽ തടഞ്ഞാൽ അവർ പറയുന്നത് അനുസരിക്കുക. കൈയുയർത്തി അവരുടെ അടുത്തേക്ക് നടന്നെത്തുക. 
# പരമാവധി മര്യാദയോടെ മാത്രം അവരോച് പെരുമാറുക. അവർക്ക് വേണ്ട വിവരം നൽകുക. അടിയന്തര ഇടപെടൽ വേണ്ടി വന്നാൽ കൺട്രോൾ റൂമിലോ ഹെൽപ് ലൈനിലോ വിളിക്കുക. 
# കൺട്രോൾ റൂമും ഹെൽപ് ലൈനും നിർദേശിക്കുന്നതിനനുസരിച്ച് കൃത്യമായി മാത്രം അതിർത്തികളിലേക്ക് യാത്ര ചെയ്യുക.