ദിലീപും കൂട്ടുപ്രതികളും ഫോണുകളിലെ തെളിവുകള്‍ പൂര്‍ണ്ണമായും നശിപ്പിച്ചു.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ തെളിവുകള്‍ ദിലീപും കൂട്ടുപ്രതികളും നശിപ്പിച്ചെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. കേസിലെ എഫ്‌ഐആര്‍ ഇട്ടതിന് ശേഷം ജനുവരി 30നാണ് പ്രതികള്‍ ഹാജരാക്കിയ ഫോണുകളിലെ തെളിവുകള്‍ പൂര്‍ണ്ണമായും നശിപ്പിച്ചത്. ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യം ബോധ്യപ്പെട്ടതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അന്വേഷണ അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് ഒന്നിന് സമര്‍പ്പിക്കാന്‍ സാധിക്കില്ലെന്ന് പ്രോസിക്യൂഷനും കോടതിയില്‍ വ്യക്തമാക്കി. ശബ്ദ സാമ്പിള്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും ഇതിനായി കൂടുതല്‍ സമയം ആവശ്യമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസിന്റെ തുടരന്വേഷണം മാര്‍ച്ച് ഒന്നിന് പൂര്‍ത്തിയാക്കണമെന്ന് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. കേസില്‍ എന്താണ് ഇത്ര മാത്രം പ്രത്യേകത എന്ന് ചോദിച്ചുകൊണ്ടാണ് അന്തിമറിപ്പോര്‍ട്ട് മാര്‍ച്ച് ഒന്നാം തീയതി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടത്. ഒരാളുടെ വെളിപ്പെടുത്തലില്‍ എന്താണ് ഇത്രമാത്രം അന്വേഷിക്കാനുള്ളതെന്നും കോടതി ചോദിച്ചിരുന്നു. ഇതിനെയാണ് പ്രോസിക്യൂഷന്‍ എതിര്‍ത്തത്. കേസിന്റെ തുടരന്വേഷണം അന്തിമഘട്ടത്തിലാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 20 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് അപേക്ഷകളില്‍ കോടതി തീരുമാനം വൈകിയത് അന്വേഷണത്തെ ബാധിച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എങ്ങനെയും വിചാരണ നീട്ടുകയാണ് പ്രോസിക്യൂഷന്റെ ശ്രമമെന്നാണ് കേസിലെ പ്രതിയായ ദിലീപ് കോടതിയില്‍ വാദിച്ചത്. അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണം തടയണമെന്ന പ്രതി ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റി. ദിലീപിന്റെ ഹര്‍ജിയെ എതിര്‍ത്ത് ആക്രമിക്കപ്പെട്ട നടിയും രംഗത്തെത്തി. സത്യത്തിലേക്കെത്താന്‍ തുടരന്വേഷണം അനിവാര്യമാണെന്ന് നടി ഹൈക്കോടതിയെ അറിയിച്ചു.