ബിജെപി മുക്ത ദക്ഷിണേന്ത്യ; കർണാടകയില്‍ കോണ്‍ഗ്രസ്സിന് മിന്നും ജയം.

Print Friendly, PDF & Email

കർണാടകയില്‍ കോണ്‍ഗ്രസ്സിന് മിന്നും ജയം. സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റിൽ 136 സീറ്റിലാണ് കോൺഗ്രസിന്റെ മുന്നേറ്റം. ബിജെപി 65 സീറ്റിലേക്ക് താഴ്ന്നു. കിങ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെഡിഎസിന് വെറും 19 സീറ്റ് മാത്രം. നാല് സ്വതന്ത്രരും വിജയം കണ്ടെത്തി.

ഇക്കുറി ആറ് ശതമാനം വോട്ടിന്റെ വർധനയാണ് കോൺഗ്രസിന് ഉണ്ടായത്. മൈസൂർ മേഖലയിൽ മാത്രം ആകെയുള്ള 61 സീറ്റിൽ 35 ഉം കോൺഗ്രസ് നേടി. ജെഡിഎസിന്റെ ശക്തികേന്ദ്രമായിരുന്നു ഇവിടം. മധ്യ കർണാടകയിൽ 25 ൽ 16 സീറ്റും ഹൈദരാബാദ് കർണാടകയിൽ 41 ൽ 23 സീറ്റും കോൺഗ്രസ് നേടി. വടക്കൻ കർണാടകയിൽ അൻപതിൽ 32 സീറ്റിൽ കോൺഗ്രസ് ജയിച്ചു. തീര മേഖലയും ബംഗളൂരുവും ആണ് ബിജെപിക്ക് ഒപ്പം നിന്നത്. ഈ രണ്ടു മേഖലകളിലെ 47 സീറ്റിൽ 29 എണ്ണം ബിജെപി നേടി. ന്യൂനപക്ഷ മേഖലകളിൽ മിക്കയിടത്തും കോൺഗ്രസിന് അനുകൂലമായി വോട്ടുകളുടെ ഏകീകരണം ഉണ്ടായി.

കർണാടക നിയമസഭ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തോടെ നാല് സംസ്ഥാനങ്ങളിൽ കോൺ​ഗ്രസ് ഭരിക്കുന്ന നിലയിലേക്കുയർന്നു. രാജസ്ഥാൻ, ഛത്തീസ്​ഗഢ്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലായിരുന്നു കോൺ​ഗ്രസ് ഒറ്റക്ക് ഭരിച്ചിരുന്നത്. കർണാടകയിലെ ജയത്തോടെ അക്കൗണ്ട് വർധിപ്പിച്ചു. 2014ൽ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന കോൺ​ഗ്രസിന് കർണാടകയിലെ തെരഞ്ഞെടുപ്പ് വിജയം ഊർജമായി. കഴിഞ്ഞ വർഷമാണ് ഹിമാചൽ പിടിച്ചെടുത്തത്. അതിന് മുമ്പ് വെറും രണ്ട് സംസ്ഥാനങ്ങളിൽ മാത്രമായിരുന്നു കോൺ​ഗ്രസിന്റെ ഭരണം.

കർണാടകയിലെ വിജയത്തോടെ ദേശീയതലത്തിൽ ബിജെപിയെ നേരിടാൻ ഏറ്റവും ശക്തിയുള്ള പാർട്ടിയാണ് കോൺ​ഗ്രസ് എന്ന അവകാശവാദത്തിന് അരക്കിട്ടുറപ്പിക്കാനും സാധിച്ചു. ഇതോടെ പ്രതിപക്ഷ നിരയിലെ പ്രധാന പാർട്ടി തങ്ങളാണെന്ന് കോൺ​ഗ്രസിന് ഇതര പാർട്ടികളെ ബോധ്യപ്പെടുത്താനും കഴിയും. കർണാടകക്ക് ശേഷം മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്​ഗഢ് എന്നീ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കും. 2018ൽ മൂന്നിടത്തും കോൺ​ഗ്രസ് ജയിച്ചെങ്കിലും മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യ കാലുവാരിയതോടെ ഭരണം നഷ്ടമായി. രാജസ്ഥാനും ഛത്തീസ്​ഗഢും നിലനിർത്താനും മധ്യപ്രദേശ് പിടിച്ചെടുക്കാനും കഴിഞ്ഞാൽ കോൺ​ഗ്രസിന് വലിയ നേട്ടമാകും. എന്നാൽ രാജസ്ഥാനിലെ പാർട്ടിക്കുള്ളിലെ തമ്മിൽത്തല്ല് നേതാക്കളെ ആശങ്കപ്പെടുത്തുന്നതാണ്.

അതേസമയം, തെര‍ഞ്ഞെടുപ്പ് തോൽവി ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. ദക്ഷിണേന്ത്യയിൽ കൈവശമുണ്ടായിരുന്ന ഏകസംസ്ഥാനവും ബിജെപിയെ കൈവിട്ടു. ഇതോടെ ബിജെപി ദക്ഷിണേന്ത്യയിൽ ഒരിടത്തും അധികാരത്തിലില്ലാത്ത പാർട്ടിയായി. കർണാടക തെരഞ്ഞെടുപ്പ് വളരെ ​ഗൗരവത്തോടെയാണ് ബിജെപി സമീപിച്ചത്. സംസ്ഥാനം നിലനിർത്താനായി നരേന്ദ്രമോദിയും അമിത് ഷായും രം​ഗത്തിറങ്ങി പ്രചാരണം കൊഴുപ്പിച്ചു. എന്നാൽ, ഫലം വന്നപ്പോൾ വെറും 65 സീറ്റിലേക്ക് ബിജെപി ചുരുങ്ങി. 2018ലെ പ്രകടനം പോലും കാഴ്ചവെക്കാൻ സാധിച്ചില്ല.