ചങ്കിലെ ചൈന ചതിച്ചു. 5,000 കോടി രൂപയുടെ നിക്ഷേപവുമായി ഗുജറാത്തിലേക്ക്.
ചൈനീസ് വാഹന ബ്രാൻഡായ എംജി മോട്ടോർ ഇന്ത്യയില്‍ 5,000 കോടി രൂപയുടെ നിക്ഷേപം നടത്തും. ഗുജറാത്തിൽ ആയിരിക്കും പുതിയ നിർമ്മാണ പ്ലാന്റ് വികസിപ്പിക്കുക. പ്ലാന്‍റിന്റെ വാർഷിക ഉൽപ്പാദന ശേഷി മൂന്ന് ലക്ഷം യൂണിറ്റുകളായി വർധിപ്പിക്കുകയും 20,000 പുതിയ തൊഴിലവസരം സൃഷ്ടിക്കുകയും ചെയ്യും.
2028 ഓടെ ഇന്ത്യയിൽ നാല് മുതൽ അഞ്ച് വരെ പുതിയ മോഡലുകൾ കൊണ്ടുവരുമെന്നും അവയിൽ മിക്കതും ഇലക്ട്രിക് വാഹനങ്ങളായിരിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മൊത്തം വിൽപ്പനയുടെ 65 മുതൽ 75 ശതമാനം വരെ ഇവികൾ കൈവരിക്കുമെന്ന് എംജി മോട്ടോഴ്‍സ് പ്രതീക്ഷിക്കുന്നു.
നിലവിൽ, കമ്പനിക്ക് അതിന്റെ ഇന്ത്യൻ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിൽ ഇസെഡ്എസ് ഇവി, കോമറ്റ് ഇവി എന്നിങ്ങനെ രണ്ട് ഇലക്ട്രിക് ഓഫറുകളുണ്ട്. 50.3kWh ബാറ്ററി പാക്കും ഫ്രണ്ട് ആക്‌സിൽ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുമായാണ് എംജി ZS ഇവി വരുന്നത് (176bhp/280Nm). ഒറ്റ ചാർജിൽ 419 കിലോമീറ്റർ റേഞ്ച് ഈ എസ്‌യുവി വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. അടുത്തിടെ പുറത്തിറക്കിയ എംജി കോമറ്റ് ഇവി 17.3kWh ബാറ്ററിയിലും 42bhp ഇലക്ട്രിക് മോട്ടോറിലും ലഭ്യമാണ്. 230 കിലോമീറ്റർ ദൂരമാണ് കോംപാക്ട് ഇവി വാഗ്ദാനം ചെയ്യുന്നത്.
ഉൽപ്പാദനം പ്രതിവർഷം 1.2 ലക്ഷം യൂണിറ്റിൽ നിന്ന് മൂന്നു ലക്ഷം യൂണിറ്റായി ഉയർത്തുകയെന്ന ലക്ഷ്യത്തോടെ, എംജി മോട്ടോർ ഇന്ത്യ ഗുജറാത്തിൽ തങ്ങളുടെ രണ്ടാമത്തെ ഉൽപ്പാദന കേന്ദ്രം സ്ഥാപിക്കും. ഇതുകൂടാതെ, ഇലക്ട്രിക് വാഹന ഘടകങ്ങളുടെ പ്രാദേശിക നിർമ്മാണത്തിലും, വരാനിരിക്കുന്ന പ്രൊഡക്ഷൻ പ്ലാന്റിൽ ബാറ്ററി അസംബ്ലി സജ്ജീകരിക്കുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. ഇത് തീർച്ചയായും കാർ നിർമ്മാതാവിനെ മത്സരാധിഷ്ഠിത വിലനിർണ്ണയം നേടാനും അതിന്റെ ഉൽപ്പാദനച്ചെലവ് കുറയ്ക്കാനും സഹായിക്കും. ഇത് പ്രാദേശികവൽക്കരണം വർദ്ധിപ്പിക്കുകയും പങ്കാളിത്തത്തിലൂടെയോ മൂന്നാം കക്ഷി നിർമ്മാണത്തിലൂടെയോ സെൽ നിർമ്മാണത്തിലും ഹൈഡ്രജൻ ഫ്യൂവൽ സെൽ (HFC) സാങ്കേതികവിദ്യയിലും അവസരങ്ങൾ പര്യവേക്ഷണം ചെയ്യുകയും ചെയ്യും എന്നും കമ്പനി പറയുന്നു.
ഇന്ത്യൻ വിപണിയിൽ തങ്ങളുടെ അഞ്ച് വർഷത്തേക്കുള്ള പദ്ധതികളും കന്പനി വെളിപ്പെടുത്തി. പുതിയ നിർമ്മാണ പ്ലാന്‍റുകളുടെ നിര്‍മ്മാണം, പുതിയ സാങ്കേതികവിദ്യ പ്രാദേശികവൽക്കരിക്കുക, പുതിയ ഉൽപ്പന്ന ലോഞ്ചുകൾ (മിക്കവാറും ഇവികൾ), പുതിയ നിക്ഷേപങ്ങൾ എന്നിവ കമ്പനിയുടെ പദ്ധതി രൂപരേഖയിലുണ്ട്.