2019ന് ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കൻ സന്ദർശനത്തിനാണ് ഇന്ന് തുടക്കം.

Print Friendly, PDF & Email

2019ന് ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കൻ സന്ദർശനത്തിനാണ് ഇന്ന് തുടക്കം. ക്വാഡ് യോഗത്തിൽ പങ്കെടുക്കുന്നതിന് അമേരിക്കയിലെത്തുന്ന നരേന്ദ്രമോദി ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെയും അഭിസമ്പോദന ചെയ്യും. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൽ അമേരിക്ക, ഓസ്ട്രേലിയ, ബ്രിട്ടൻ, ജപ്പാൻ അടക്കമുള്ള രാജ്യങ്ങളുടെ ഭരണതലവന്മാരുമായി നരേന്ദ്രമോദി ഉഭയ കക്ഷി ചർച്ചകൾ നടത്തും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി ഹർഷ്.വി. ശൃംഗ്ല എന്നിവരടങ്ങിയ ഉന്നതതല സംഘവും പ്രധാനമന്ത്രിയെ യാത്രയിൽ അനുഗമിക്കും.

അമേരിക്കൻ പ്രസിഡന്റ് ജോബ് ബൈഡനെ വൈറ്റ് ഹൗസിൽ സന്ദർശിക്കുന്ന പ്രധാനമന്ത്രി അഫ്ഗാൻ വിഷയം, വ്യാപാര കരാർ, സൈനിക സഹകരണം , സാൻകേതിക കൈമാറ്റം അടക്കമുള്ള വിഷയങ്ങൾ ഉന്നയിക്കും. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണത്തിലേറിയതും മേഖലയിലെ ഭീകരവാദ, സുരക്ഷാ ഭീഷണികളും ബൈഡനുമായി ചർച്ചചെയ്യും. താലിബാനു കീഴിൽ ചൈനയും പാകിസ്ഥാനും അഫ്ഗാനിസ്ഥാനിൽ സ്വാധീനമുറപ്പിക്കുന്നതിലുള്ള ആശങ്ക മോദി അറിയിക്കും. വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമലാ ഹാരിസുമായുമുള്ള പ്രധാനമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ചയും ഈ സന്ദർശനകാലയളവിൽ നടക്കും.