സഭാ ഭൂമിയിടപാടിൽ ആലഞ്ചേരിക്കെതിരെ റവന്യു അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ.
വിവാദമായ സഭാ ഭൂമിയിടപാടിൽ സർക്കാർ പുറമ്പോക്ക് ഉൾപ്പെട്ടിട്ടുണ്ടോ സർക്കാർ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ കർദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ ഹൈക്കോടതി ഉത്തരവ് പ്രകാരം റവന്യു സംഘത്തിന്‍റെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. ലാൻഡ് റവന്യു വകുപ്പ് അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്
സീറോ മലബാർ സഭ ഭൂമി ഇടപാടിൽ കർദ്ദിനാൾ വിചാരണ നേരിടണമെന്ന സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി അടുത്തിടെ ശരിവെച്ചിരുന്നു. ആലഞ്ചേരിയുടെ അപ്പീൽ തള്ളിയ ഹൈക്കോടതി ആറു കേസിൽ ഒന്നിൽ കൂടുതൽ അന്വേഷണത്തിന് നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ചാണ് അന്വേഷണത്തിനുള്ള പുതിയ ടീമിനെ നിയോഗച്ചത്. സഭാ ഭൂമി ഇടപാടിൽ പുറമ്പോക്ക് ഭൂമി ഉണ്ടോ, തണ്ടപ്പേര് തിരുത്തിയിട്ടുണ്ടോ, ക്രമക്കേടിൽ സർക്കാർ ഉദ്യോഗസ്ഥർക്കും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷണ സംഘം പരിശോധിക്കും.
വ്യാജപട്ടയം ഉണ്ടാക്കിയും തണ്ടപ്പേര് തിരുത്തിയും ഇടപാട് നടന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. യഥാർത്ഥ പട്ടയത്തിൻ്റെ അവകാശിയെയും കണ്ടെത്തിയ പൊലീസും കൂടുതൽ അന്വേഷണം ശുപാാർശ ചെയ്തിരുന്നു. അതിവേഗം റിപ്പോർട്ട് നൽകാനാണ് നിദ്ദേശം. വിചാരണയിൽ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നായിരുന്നു കർദ്ദിനാൾ അറിയിച്ചത്. അതിനിടെയാണ് ഭൂമി ഇടപാടിലെ റവന്യു അന്വേഷണം.