കെ റെയില്‍ പദ്ധതി അപ്രായോഗികമെന്ന് യുഡിഎഫ് ഉപസമിതി പഠന റിപ്പോര്‍ട്ട്
കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഏറ്റവും വലിയ നാഴികക്കല്ലാവാന്‍ പോകുന്നു എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന കെ റെയില്‍ പദ്ധതിക്കെതിരെ പഠന റിപ്പോര്‍ട്ടുമായി യുഡിഎഫ്. എം കെ മുനീറിന്റെ നേതൃത്വത്തിലുളള സമിതി നടത്തിയ പഠനത്തിലാണ് കെ റെയില്‍ പദ്ധതി പ്രായോഗികമല്ലെന്നു യുഡിഎഫ് നേതൃത്വത്തിനു റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അതിവേഗ റെയില്‍ പാത പരിസ്ഥിതിക്ക് വന്‍ ദോഷം ഉണ്ടാക്കുകയും കേരളത്തെ നെടുകെ മുറിക്കുകയും ചെയ്യും. പദ്ധതി സംസ്ഥാനത്തിന് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെ റെയില്‍ പദ്ധതിയുടെ സ്ഥലമേറ്റെടുക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം നിലനില്‍ക്കെയാണ് യുഡിഎഫ് ഉപസമിതിയുടെ റിപ്പോര്‍ട്ട് വരുന്നതെന്നതും ശ്രദ്ധേയമാണ്. വ്യാഴാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും.
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള 529 കിലോമീറ്ററില്‍ പുതിയ ഒരു സ്റ്റാന്‍ഡേര്‍ഡ് ഗേജ് ലൈന്‍ നിര്‍മിച്ച് അതിലൂടെ ശരാശരി 200 കിലോമീറ്റര്‍ വേഗതയില്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ ഓടിക്കാനുള്ള സംവിധാനമൊരുക്കുകയാണ് കെ റെയില്‍ പദ്ധതിയുടെ ലക്ഷ്യം. പദ്ധതി യാഥാര്‍ഥ്യമായാല്‍ നാല് മണിക്കൂറിനുള്ളില്‍ കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരം വരെയുള്ള യാത്ര ചെയ്യാനാവുമെന്നാണ് സര്‍ക്കാര്‍ അവകാശവാദം.
കെ റെയില്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോവുന്നതിനിടെയാണ് യുഡിഎഫ് ഉപസമിതി റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. അതിവേഗ പാത ഒരുക്കാന്‍ നിരപ്പായ സ്ഥലത്ത് നാലു മീറ്ററും ചതുപ്പില്‍ പത്ത് മീറ്റര്‍ ഉയരത്തിലും മണ്ണിട്ട് നിരത്തിയും പാളം നിര്‍മ്മിക്കേണ്ടിവരും. ഈ നടപടി കേരളത്തെ കീറിമുറിക്കും. നദികളുടെ ഒഴുക്കിനെയും ഇത് ബാധിക്കും. 63000 കോടി ചെലവ് എന്ന് പറയുമ്പോഴും നീതി ആയോഗ് കണക്കില്‍ ചെലവ് ഒന്നേകാല്‍ ലക്ഷം കോടിയിലേറെ വരും. ഇത്രയേറെ ചെലവില്‍ ഉണ്ടാക്കുന്ന പാളങ്ങള്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആയതിനാല്‍ മറ്റ് ട്രെയിനുകള്‍ക്കൊന്നും ഓടാനുമാകില്ല. നിലവിലെ റെയില്‍വെ പാതകളുടെ നവീകരണവും ചുരുങ്ങിയ ചെലവില്‍ വിമാനത്താവളങ്ങള്‍ ബന്ധിപ്പിച്ചുള്ള വിമാനസര്‍വ്വീസും ആണ് ഉപസമിതി മുന്നോട്ട് വെക്കുന്ന ബദലുകള്‍.

