ലോക്ഡൗണ്‍ മേയ് 31വരെ. നാലാം ഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍
രാജ്യത്ത് കോവിഡ് ലോക്ഡൗണ്‍ മേയ് 31 വരെ നീട്ടി. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണാധികാരം നല്‍കികൊണ്ട് ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ് (എന്‍ഡിഎംഎ) ഇതു സംബന്ധിച്ച പുതിയ ഉത്തരവിറക്കിയത്. ഇതോടെ രാജ്യത്ത് ലോക്‍ഡൗണ്‍ 90 ദിവസങ്ങളിലേക്ക് നീളുകയാണ്. മാര്‍ച്ച് 24നാണ് രാജ്യത്ത് ആദ്യമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 14 വരെ 21 ദിവസത്തേക്ക് യായിരുന്നു ആദ്യ ഘട്ടത്തില്‍ ലോക്ഡൗണ്‍. ഇതു പിന്നീട് മേയ് മൂന്ന് വരെയും അതിനു ശേഷം 17 വരെയും നീട്ടുകയായിരുന്നു. പുതുക്കിയ കോവിഡ് -19 മാര്‍ഗ്ഗരേഖ പ്രകാരം കോവിഡ്-19 ബാധിത സോണുകള്‍ തീരുമാനിക്കുന്നതിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കാണ്. തീവ്ര ബാധിത പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണുകളായി വേര്‍തിരിക്കുവാനും അവിടെ മാത്രം ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ബാക്കി സോണുകളില്‍ നിയന്ത്രണങ്ങളില്‍ ആവശ്യമായ ഇളവുകള്‍ വരുത്തുവാനും സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്നതാണ് പുതിയ ലോക്ഡൗണ്‍ മാര്‍ഗരേഖ. കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചായിരിക്കും സംസ്ഥാനങ്ങള്‍ ഇത് നടപ്പിലാക്കേണ്ടത്. സോണുകള്‍ക്കുള്ളിലെ കണ്ടെയ്ന്‍മെന്റ് സോണും ബഫര്‍ സോണും തീരുമാനിക്കാനുള്ള അധികാരം ജില്ലാ ഭരണകൂടങ്ങള്‍ക്കു ലഭിക്കും. ആരോഗ്യ വകുപ്പിന്റെ മാനദണ്ഡ പ്രകാരം മാത്രമാണിത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യസേവനം മാത്രമേ അനുവദിക്കുകയുള്ളൂ, ഈ മേഖലയില്‍ അകത്തേക്കും പുറത്തേക്കും പോകുന്നതിന് അനുമതിയില്ല.
പുതിയ ലോക്ഡൗണ്‍ മാര്‍ഗരേഖ പ്രകാരമുള്ള നിയന്ത്രണങ്ങള്‍:
*അത്യവശ്യ കാര്യങ്ങള്‍ക്കോ ആശുപത്രിയിലേക്കോ അല്ലാതെ 65 വയസ്സിനു മുകളിലുള്ളവര്‍ക്കും 10 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മറ്റുതരത്തിലുള്ള അവശതകളുള്ളവര്‍ക്കും പുറത്തിറങ്ങാന്‍ അനുവാദമില്ല
*സാഹചര്യങ്ങള്‍ മനസ്സിലാക്കി ആവശ്യമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് നിരോധനങ്ങള്‍ ഏര്‍പ്പെടുത്താം.
.*കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒരുതരത്തിലുമുള്ള യാത്ര അനുവദിക്കില്ല.
*കണ്ടെയ്ന്‍മെന്റ് സോണുകളൊഴികെ മറ്റു സോണുകളില്‍ ഓട്ടോ ടാക്സി സര്‍വ്വീസുകള്‍ നിയന്ത്രിത രീതിയല്‍ ആരംഭിക്കാം.
*ഓരോ സംസ്ഥാനത്തെയും കേന്ദ്ര ഭരണ പ്രദേശത്തെയും യാത്ര എപ്രകാരം വേണമെന്ന് ബന്ധപ്പെട്ട സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശ അധികൃതര്‍ക്കു തീരുമാനിക്കാം. സംസ്ഥാനങ്ങളുടെ പരസ്പര സമ്മതത്തോടെ സംസ്ഥാനാന്തര ബസ് സര്‍വ്വീസുകള്‍ ആരംഭിക്കാം. ജില്ലാനന്തര സര്‍വ്വീസുകള്‍ ആരംഭിക്കുവാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുവാദം നല്‍കാം.
*കാലിയായ ട്രക്കുകള്‍ ഉള്‍പ്പെടെ എല്ലാ ചരക്ക്-കാര്‍ഗോ വാഹനങ്ങളുടെയും സംസ്ഥാനാന്തര സഞ്ചാരം തടസ്സപ്പെടുത്തരുത്.
*ട്രെയിന്‍ യാത്ര സൗകര്യങ്ങള്‍ സ്പെഷ്യല്‍ ട്രെയുകളില്‍മാത്രം ഒതുക്കും.
*ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് തുടരും. മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ക്കും മേയ് 31 വരെ വിലക്കുണ്ട്.
*ആളുകള്‍ കൂടിച്ചേരുന്ന ഒരു പരിപാടിയും അനുവദിക്കില്ല. വിവാഹ ചടങ്ങുകള്‍ക്ക് പരമാവധി 50 പേരും മരണചടങ്ങുകള്‍ക്ക് 20 പേരുമേ പങ്കെടുക്കുവാന്‍ പാടുള്ളൂ.
*എല്ലാ തരത്തിലുമുള്ള സാമൂഹിക-രാഷ്ട്രീയ-വിനോദ-വിദ്യാഭ്യാസ-സാംസ്‌കാരിക-മതപരമായ ചടങ്ങുകളും മറ്റ് കൂടിച്ചേരലുകളും 31 വരെ പൂര്‍ണമായും വിലക്കി.
*ആരാധനാലയങ്ങള്‍, റസ്റ്ററന്റുകള്‍, തീയറ്ററുകള്‍, മാളുകള്‍, ജിംനേഷ്യം, സ്വിമ്മിങ് പൂള്‍, പാര്‍ക്കുകള്‍, ബാറുകളും ഓഡിറ്റോറിയങ്ങളും 31 വരെ അടഞ്ഞുകിടക്കും.
*റെസ്റ്റോറന്‍കള്‍ ഹോം ഡെലിവറിക്കായി അടുക്കളകള്‍ പ്രവര്‍ത്തിപ്പിക്കാം.
*ബസ് ഡിപ്പോകള്‍, റെയില്‍വേ സ്റ്റേഷന്‍, എയര്‍പോട്ട് എന്നിവിടങ്ങളിലെ കന്റീനുകള്‍ക്ക് പ്രവര്‍ത്തിക്കാം.
*ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ രാജ്യത്ത് കുടുങ്ങിപ്പോയവര്‍ എന്നിവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവയും ക്വാറന്റീനു വേണ്ടി ഉപയോഗപ്പെടുത്തുന്നതുമായ ഹോട്ടലുകളും റസ്റ്ററന്റുകളും ഉള്‍പ്പെടെയുള്ള ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.
*സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളും സ്റ്റേഡിയങ്ങളും ഉപാധികളോടെ തുറക്കാന്‍ അനുമതി നല്‍കും, എന്നാല്‍ പ്രേക്ഷകരെ അനുവദിക്കില്ല.
*31 വരെ ഒരു വിദ്യാഭ്യാസ സ്ഥാപനവും തുറന്നു പ്രവര്‍ത്തിക്കരുത്.
*ഓണ്‍ലൈന്‍/ഡിസ്റ്റാന്‍സ് ലേണിങ് പ്രോത്സാഹിപ്പിക്കും
*എല്ലാ മതസ്ഥാപനങ്ങളും ആരാധനാലയങ്ങളും അടഞ്ഞുകിടക്കും. മതപരമായ കൂടിച്ചേരലുകള്‍ക്ക് കര്‍ശന വിലക്ക് തുടരും.
*നൈറ്റ് കര്‍ഫ്യൂ നടപ്പാക്കുന്നയിടങ്ങളില്‍ വൈകിട്ട് ഏഴിനും രാവിലെ ഏഴിനും ഇടയ്ക്ക് ജനത്തിനു പുറത്തിറങ്ങാന്‍ അനുവാദമില്ല. അവശ്യ സേവനത്തിലേര്‍പ്പെടുന്നവര്‍ക്ക് പുറത്തിറങ്ങാം. ഇതു സംബന്ധിച്ച് പ്രാദേശിക ഭരണകൂടങ്ങള്‍ക്കു തീരുമാനമെടുക്കാം
*പ്രത്യേകമായി നിരോധിച്ചതല്ലാതെ മറ്റെല്ലാ സേവനങ്ങളും അനുമതിയുണ്ട്. അതിനിടെ കേന്ദ്ര കാബിനറ്റ് സെക്രട്ടറി ഞായറാഴ്ച രാത്രി ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. 2005ലെ ദുരന്ത നിവാരണ നിയമ പ്രകാരമാണ് ലോക്ഡൗണ്‍ നീട്ടുന്നതു സംബന്ധിച്ച നിര്‍ദേശം എന്‍ഡിഎംഎ വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നല്‍കിയത്.
*വിവിധ സ്ഥാപനങ്ങളിലുള്ളവരുടെ മൊബൈലുകളില്‍ ആരോഗ്യ സേതു ആപ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോയെന്ന് സ്ഥാപന ഉടമകള്‍ ഉറപ്പാക്കണം.
*വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പരസ്പര സമ്മതത്തോടെ ഇവിടങ്ങളിലേക്കുള്ള യാത്ര അനുവദിക്കും. മെഡിക്കല്‍ പ്രവര്‍ത്തകര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ശുചീകരണ തൊഴിലാളികള്‍, ആംബുലന്‍സ് എന്നിവയുടെ സഞ്ചാരം സംസ്ഥാനങ്ങള്‍ക്ക് അകത്തും അതിര്‍ത്തിയിലും തടയരുത്.
*പൊതു-തൊഴിലിടങ്ങളില്‍ മാസ്‌ക് തുടര്‍ന്നും നിര്‍ബന്ധo
*പൊതു-തൊഴിലിടങ്ങളില്‍ തുപ്പിയാല്‍ പില ചുമത്തും
*പൊതുഇടങ്ങളിലെ മദ്യപാനം, പാന്‍, ഗുഡ്ക, പുകയില എന്നിവ ചവയ്ക്കുന്നതും നിരോധിച്ചു
*ഒരു സമയം 5 പേരില്‍ കൂടുതല്‍ കടകളിലുണ്ടാകരുത്. ഓരോരുത്തര്‍ക്കുമിടയില്‍ ആറടി അകലമുണ്ടായിരിക്കണം.
*പരമാവധി വര്‍ക്ക് ഫ്രം ഹോമിനുള്ള അവസരങ്ങള്‍ തൊഴിലുടമകള്‍ ഒരുക്കണം
*തെര്‍മല്‍ സ്‌ക്രീനിങ്ങും ഹാന്‍ഡ് വാഷും സാനിറ്റൈസര്‍ ഉപയോഗും എല്ലാ തൊഴിലിടങ്ങളിലും ഉറപ്പാക്കണം
*തൊഴിലിടങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ വാതില്‍പ്പിടികള്‍ ഉള്‍പ്പെടെ കൃത്യമായി വൃത്തിയാക്കണം.
*സാമൂഹിക അകലo പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും ഉറപ്പാക്കണം.

