കുമാരസ്വാമി മന്ത്രിസഭ വീഴുന്നത് എപ്പോള്‍…?. അന്ത്യവിധി ഇന്ന്.

Print Friendly, PDF & Email

രണ്ടു പ്രാവശ്യം ഗവര്‍ണ്ണറുടെ അന്ത്യശാസനം തള്ളികളഞ്ഞ കർണാടകത്തിലെ വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടക്കുവാന്‍ സാധ്യത. അതോടെ കുമാരസ്വാമി മന്ത്രിസഭ രാജിവച്ചേക്കും. വിപ്പില്‍ കൃത്യത ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയില്‍ കൊടുത്ത അപേക്ഷയില്‍ ഇന്നു തീരുമാനം ഉണ്ടായാല്‍ ഇന്നു തന്നെ രാജിവക്കുവാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനിടയില്‍ ഇന്ന് അഞ്ച് മണിക്കുള്ളിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന കർശന നിർദേശം സ്പീക്കർക്ക് നൽകണം എന്നാവശ്യപ്പെട്ട് കെപിജെപി എംഎൽഎ ആർ ശങ്കർ, സ്വതന്ത്രൻ എച്ച് നാഗേഷ് എന്നിവരും സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

വിമതരെ അനുനയിപ്പിക്കാൻ ബെംഗളൂരുവിൽ അവസാനവട്ട ശ്രമങ്ങൾ ആണ് നടക്കുന്നത്. എന്നാല്‍, ഒരു കാരണവശാലും വഴങ്ങില്ലെന്ന ശക്തമായ നിലപാടിലാണ് വിമതരിപ്പോഴുമുള്ളത്. ഈ സാഹചര്യത്തില്‍ വിമതരെ അയോഗ്യരാക്കി മന്ത്രിസഭ പിരിച്ചുവിടുവാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. അതിന് രാജിവച്ച വിമതരെ സഭയില്‍ ഹാജരാകുന്നതിന് നിര്‍ബ്ബന്ധിക്കുവാന്‍ പാടില്ല എന്ന സുപ്രീം കോടതി വിധിയില്‍ കൂടുതല്‍‍ കൃത്യത ആവശ്യപ്പെട്ടും, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിപ്പ് നല്‍കുവാനുള്ള ഭരണഘടനാപരമായ അവകാശത്തെ ലംഘിക്കുന്നതാണ് സുപ്രിം കോടതിയുടെ ഈ ഉത്തരവ് എന്ന് ചൂണ്ടികാട്ടിയുമുള്ള പരാതിയില്‍ സുപ്രീംകോടതിയുടെ വിധിയെ ആശ്രയിച്ചിരിക്കും കുമാരസ്വാമി സര്‍ക്കാരിന്‍റെ രാജി തീരുമാനം.

കഴിഞ്ഞ രണ്ട് ദിവസവും സഭയിൽ ന്യൂനപക്ഷമായിരുന്നു കുമാരസ്വാമി സർക്കാർ. ഭൂരിപക്ഷമുറപ്പിക്കാൻ വേണ്ട സംഖ്യ ഇപ്പോഴും ഇല്ല. 15 വിമതരും നിലപാടിൽ നിന്ന് പിന്നോട്ടുപോയിട്ടില്ല. രാമലിംഗ റെഡ്ഡി വഴി നടത്തിയ അനുനയ നീക്കവും ഫലിച്ചില്ല. മുംബൈയിൽ ആശുപത്രിയിലുളള ശ്രീമന്ത് പാട്ടീലും ബെംഗളൂരുവിൽ ചികിത്സയിലുളള ബി നാഗേന്ദ്രയും സഭയിലെത്തില്ല. മുംബൈയിലുളളവരെ മൂന്ന് സംഘങ്ങളാക്കി രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റുവാനുള്ള നീക്കത്തിലാണ് ബിജെപി. മുംബൈക്ക് പുറമെ പൂനെ, ലൊണാവാല എന്നിവിടങ്ങളിലേക്ക് മാറ്റാനാണ് നീക്കം.

വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് നേരത്തേ പറഞ്ഞ ബിഎസ്‍പി നിലപാട് മാറ്റി. വോട്ടെടുപ്പിൽ പങ്കെടുത്ത് കുമാരസ്വാമിക്ക് അനുകൂലമായി വോട്ട് ചെയ്യാൻ ബിഎസ്‍പി അധ്യക്ഷ മായാവതി, എംഎൽഎ എൻ മഹേഷിന് നിർദേശം നൽകി എന്നത് മാത്രമാണ് കുമാരസ്വാമി മന്ത്രിസഭക്ക് ആശ്വാസം നല്‍കുന്ന ഏക സംഭവo. അങ്ങനെയെങ്കിൽ സ്പീക്കർ ഉൾപ്പെടെ 101 പേരുടെ മാത്രം പിന്തുണയേ ഉണ്ടാകൂ കുമാരസ്വാമി മന്ത്രിസഭക്ക്. നടപടികൾ തിങ്കളാഴ്ച പൂർത്തിയാക്കുമെന്നാണ് മുഖ്യമന്ത്രി സ്പീക്കർക്ക് നല്‍കിയ ഉറപ്പ്. അങ്ങനെയെങ്കിൽ ഇന്ന് തന്നെ വോട്ടെടുപ്പ് നടക്കും. രണ്ട് സ്വതന്ത്രരില്‍ ആരെയെങ്കിലും പ്രതിപക്ഷത്തിന് അനുകൂലമായി സഭയിലെത്തിച്ചാൽ 106പേർ ബിജെപിക്ക് ഒപ്പം ഉണ്ടാകും. അതോടെ സഖ്യസർക്കാർ വീഴും. ഇന്നു ഉണ്ടാകുവാനിരിക്കുന്ന സുപ്രീം കോടതി വിധിയെ ആശ്രയിച്ചായിരിക്കും വിമതരുടെ ഭാവി. ഏതെങ്കിലും വിധത്തില്‍ വിമതരെ അയോഗ്യരാക്കുവാനുള്ള വഴിതേടുകയാണ് കോണ്‍-ദള്‍ നേതൃത്വം. അതേസമയം, വിപ്പ് ഒരുകാരണവശാലും വിമതര്‍ക്ക് ബാധകമാവില്ലെന്ന നിലപാടിലാണ് ബിജെപി.

  •  
  •  
  •  
  •  
  •  
  •  
  •