ഗംഗാ ശുചീകരണത്തിനായി 4000 കോടി ചിലവഴിച്ചത് NGCയുടെ ഒരു യോഗം പോലും ചേരാതെ

Print Friendly, PDF & Email

ഗംഗശുദ്ധീകരണം മുഖ്യ അജണ്ടകളില്‍ ഒന്നായി പ്രഖ്യാപിച്ച് അധികാരത്തിലേറിയ മോദിഗവര്‍മ്മെന്‍റെ കഴി‍ഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണകാലത്ത് ഗംഗാ നവീകരണത്തിനായി കാര്യമായി ഒന്നും ചെയ്തിട്ടില്ല എന്ന് വെളിപ്പെടുത്തല്‍. ഗംഗാ നവീകരണത്തിനായി 2016 ഒക്ടോബറില്‍ പ്രധാനമന്ത്രി അദ്ധ്യക്ഷനായി എന്‍ജിസി(National Ganga Council (NGC) രൂപീകരിച്ചിരുന്നുവെങ്കിലും നാളിതുവരെ എന്‍ജിസിയുടെ ഒരു യോഗം പോലും കൂടിയിട്ടില്ല എന്ന് വിവരാവകാശ രേഖപ്രകാരം തങ്ങള്‍ക്ക് മറുപടി ലഭിച്ചതായി പ്രമുഖ ന്യൂസ് പോര്‍ട്ടലായ ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ യുപിഎ ഗവര്‍മ്മെന്‍റിന്‍റെ കാലത്ത് ഗംഗാനദി സംരക്ഷണത്തിനുവേണ്ടി രൂപം കൊടുത്ത എന്‍ജിആര്‍ബിഎ (National Ganga River Basin Authority (NGRBA)യെ പിരിച്ചുവിട്ടു കൊണ്ടാണ് ഗംഗാനദിയുടെ സംരക്ഷണം, ശുദ്ധീകരണം, തുടങ്ങിയ ലക്ഷ്യങ്ങളോടെ മോദി ഗവര്‍മ്മെന്‍റ് എന്‍ജിസിക്ക് രൂപം കൊടുത്തത്. 2016 ഒക്ടോബര്‍ 7ന് ദേശീയ ജലവിഭവ നദിസംരക്ഷണ മന്ത്രാലയം പുറത്തിറക്കിയ നോട്ടിഫിക്കേഷനില്‍ വര്‍ഷത്തില്‍ ഏറ്റവും ചുരുങ്ങിയത് ഒരു പ്രാവശ്യമെങ്കിലും NGCയുടെ യോഗം കൂടിയിരിക്കണം എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും നാളിതുവരെയായിട്ടും എന്‍ജിസി യുടെ ഒരു യോഗം പോലും കൂടിയിട്ടില്ല എന്നാണ് വിവരാവകാശ നിയമ പ്രകാരം ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. പ്രധാനമന്ത്രി അദ്ധ്യക്ഷനും ജലവിഭവ വകുപ്പ് മന്ത്രി ഉപാദ്ധ്യക്ഷനുമായ NGCയില്‍ ഗംഗാ നദി കടന്നുപോകുന്ന ബീഹാര്‍, ജാര്‍ഘണ്ട്, ഉത്തരാഘണ്ട്, യുപി, ബംഗാള്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്ര പാരിസ്ഥിതി വകുപ്പ് മന്ത്രി, കേന്ദ്ര ഗ്രാമ വികസന മന്ത്രി, ധനകാര്യമന്ത്രി എന്നിവര്‍ അംഗങ്ങളുമാണ്.

2009ല്‍ യുപിഎ ഗവര്‍മ്മെന്‍റ് അധികാരത്തില്‍ വന്നതിനുശേഷം ഗംഗാ നവീകരണത്തിനായി രൂപം കൊടുത്ത NGRBAയുടെ അദ്ധ്യക്ഷനും പ്രധാനമന്ത്രി തന്നെയായിരുന്നു. അവര്‍ അധികാരത്തിലേറി അധികം താമസിക്കാതെ 2009 ഒക്ടോബര്‍ 5 ന് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിഗ്ന്‍റെ അദ്ധ്യക്ഷതയില്‍ ആദ്യ NGRBAയുടെ ആദ്യ യോഗം ചേര്‍ന്നു. തുടര്‍ന്ന് 2010-2012 കാലഘട്ടത്തില്‍ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ എന്‍ജിആര്‍ബിഎയുടെ മൂന്നുയോഗങ്ങള്‍ ചേര്‍ന്നിരുന്നു.

2014ല്‍ ഭരണമാറ്റം സംഭവിക്കുകയും നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ ഭരണം ആരംഭിക്കുകയും ചെയ്തശേഷം 2014 – 2016 കാലഘട്ടത്തിലും NGRBAയുടെ മൂന്നു യോഗങ്ങള്‍ ചേര്‍ന്നിരുന്നു. പക്ഷെ അതില്‍ രണ്ടിലും അദ്ധ്യക്ഷസ്ഥാനം വഹിച്ചത് പ്രധാനമന്ത്രിയായിരുന്നില്ല പകരം ജലവിഭവമന്ത്രി ഉമാഭാരതിയായിരുന്നു. എന്നാല്‍ 2015 മാര്‍ച്ച് 26നു ചേര്‍ന്ന NGRBAയുടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയായിരുന്നു അദ്ധ്യക്ഷത വഹിച്ചത്. ഗംഗാ നവീകരണത്തിനു രൂപീകരിച്ച പദ്ധതിയില്‍ പ്രധാനമന്ത്രി പങ്കെടുത്ത ഏക യോഗമായിരുന്നു അത്. പിന്നീടാണ് NGRBA പിരിച്ചുവിടുകയും NGC(National Ganga Council)ക്ക് രൂപം കൊടുക്കുകയും ചെയ്തത്. ഗംഗാ നവീകരണത്തിനായി പ്രധാനമന്ത്രി അദ്ധ്യക്ഷനായ NGCയുടെ ഒരു യോഗം പോലും ചേരാതെയാണ് 4000കോടി രൂപയാണ് ഗംഗാ ശുചീകരണത്തിനായി ചിലവഴിച്ചത്. ഗംഗാ നവീകരണത്തിന്‍റെ മറവില്‍ മറ്റൊരു കുംഭകോണത്തിന്‍റെ ചുരുളുകളാണ് ഇനി വരുന്ന ദിനങ്ങളില്‍ അഴിയാന്‍ പോകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗംഗാ സ്നേഹവും മറ്റൊരു പൊയ് മുഖമായിരുന്നുവെന്ന ആരോപണം ശരിവക്കുന്നതാണ് പുറത്തു വരുന്ന വിവരങ്ങള്‍.

 • 14
 •  
 •  
 •  
 •  
 •  
 •  
  14
  Shares