കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഉത്ഘാടനം ഇന്ന്

Print Friendly, PDF & Email

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഉത്ഘാടനം ഇന്ന്. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്യുക. രാവിലെ പത്തിനാണ് ഉദ്ഘാടന ചടങ്ങ്. ഒമ്പതരയ്ക്ക് ഡിപ്പാർച്ചർ ഹാളിൽ നിലവിളക്ക് കൊളുത്തിയ ശേഷം 9.55ന് ഇരുവരും ചേർന്ന് അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് രാവിലെ 9.55-ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ പത്തിന് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനം രാത്രി ഏഴിന് തിരിച്ചെത്തും.

ആദ്യ വിമാനത്തിലെ യാത്രികരെ രാവിലെ ആറിന് വായന്തോട്ട് സ്വീകരിക്കും. എട്ടുമണിക്ക് വിമാനത്താവളത്തിലെ എ.ടി.എം. മന്ത്രി എ.കെ. ശശീന്ദ്രനും ഫോറിൻ എക്സ്ചേഞ്ച് കൗണ്ടർ മന്ത്രി കെ.കെ. ശൈലജയും മലബാർ കൈത്തറി ഇൻസ്റ്റലേഷൻ അനാവരണം മന്ത്രി ഇ.പി. ജയരാജനും ഫുഡ് ആൻഡ് ബിവറേജ് സർവീസ് മന്ത്രി ഇ. ചന്ദ്രശേഖരനും ഉദ്ഘാടനംചെയ്യും.

ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് മുഖ്യവേദിയിൽ ഉത്തരകേരളത്തിലെ തനത് കലകളുടെ അവതരണം നടക്കും. മട്ടന്നൂർ ശങ്കരൻകുട്ടിയും സംഘവും അവതരിപ്പിക്കുന്ന കേളികൊട്ട് തീരുമ്പോഴാണ് സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങ് ആരംഭിക്കുക. കേന്ദ്രമന്ത്രിമാരായ സുരേഷ് പ്രഭു, സഹമന്ത്രി ജയന്ത് സിൻഹ, സംസ്ഥാന മന്ത്രിമാർ, എം.പി.മാർ, മുൻ കേന്ദ്രമന്ത്രി സി.എം. ഇബ്രാഹിം തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങിലേക്ക് എത്തുന്ന ജനത്തിരക്ക് നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടവും പോലീസും വിപുലമായ സന്നാഹങ്ങളാണൊരുക്കുന്നത്.

മുൻ മുഖ്യമന്ത്രിമാരായ വ എസ് അച്യുതാനന്ദനേയും ഉമ്മൻചാണ്ടിയേും ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഉദ്ഘാടനം ബഹിഷ്കരിച്ചിരിക്കുകയാണ്. ശബരിമല വിഷയത്തിൽ പ്രതിഷേധിച്ച് ബിജെപി വേദിയിലേക്ക് മാർച്ചും മന്ത്രിമാരെ തടയലും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് വിമാനത്താവളത്തിലും പരിസരത്തും പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.