രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന്. കോണ്‍ഗ്രസ്സില്‍ കലാപം

Print Friendly, PDF & Email

ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ തീരുമാനമായി. സീറ്റ് കൈമാറ്റത്തിന് രാഹുല്‍ ഗാന്ധിയുടെ അനുവാദം ലഭിച്ചതായി നേതൃത്വം അറിയിച്ചു. സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കണമെന്ന് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേരള നേതൃത്വവുമായും കുഞ്ഞാലിക്കുട്ടി, ജോസ് കെ മാണിയുമായും രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി. യുഡിഎഫിന്റെ വിശാല താല്‍പര്യം പരിഗണിച്ചു കൊണ്ട് ഇക്കാര്യത്തില്‍ ഇളവ് നല്‍കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടത്. കേരള നേതൃത്വത്തിന്റെ നിലപാടിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കുകയായിരുന്നു.

രാജ്യസഭ സീറ്റ് വണ്‍ ടൈമായി കണക്കിലെടുത്താണ് കേരള കോണ്‍ഗ്രസിന് നല്‍കുന്നത്. നാല് കൊല്ലം കഴിഞ്ഞ് കേരള കോണ്‍ഗ്രസിന്റെ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കും. ജനാധിപത്യ ശക്തികളുടെ ഏകീകരണമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. നാളെ യുഡിഎഫ് യോഗം തുടര്‍ നടപടികള്‍ ആലോചിക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ യുഡിഎഫ് നേതൃത്വം പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, എംഎം ഹസ്സന്‍, പികെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് മാധ്യമങ്ങളെ കണ്ട് ഇക്കാര്യം വ്യക്തമാക്കിയത്. കേരള കോണ്‍ഗ്രസ് എം പാര്‍ലമെനന്ററി പാര്‍ട്ടി യോഗം നാളെ തിരുവനന്തപുരത്ത് നടക്കും. യോഗത്തില്‍ കേരള ഗോണ്‍ഗ്രസ് യു ഡി എഫ് പ്രവേശനം പ്രഖ്യാപിക്കും തുടര്‍ന്ന് നാളെ യു ഡി എഫ് യോഗം തുടര്‍ നടപടികള്‍ ആലോചിക്കുമെന്നും ഇവര്‍ പറഞ്ഞു.

രാജ്യസഭയില്‍ ബിജെപി ശക്തിപ്രാപിച്ചു വരുന്ന സാഹചര്യത്തില്‍ പരമാവധി കോണ്‍ഗ്രസ് എംപിമാരെ അവിടെ എത്തിക്കണം എന്നായിരുന്നു ഹൈക്കമാന്‍ഡ് നിലപാട്. യുഡിഎഫിലേക്കുള്ള തിരിച്ചു വരവിന്റെ ഭാഗമായി രാജ്യസഭാ സീറ്റ് എന്ന ആവശ്യം കേരള കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നുവെങ്കിലും അതില്‍ നിര്‍ബന്ധബുദ്ധി കാണിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് രാവിലെ കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് നിലപാട് മാറിയത്. കേരള കോണ്‍ഗ്രസിന്റെ ഈ ആവശ്യത്തെ മുസ്ലീംലീഗും ശക്തമായി പിന്തുണച്ചതോടെ കോണ്‍ഗ്രസ് നേതൃത്വം വഴങ്ങുകയായിരുന്നു.കേരള കോണ്‍ഗ്രസുമായി സ്ഥായിയായ ബന്ധമാണ് ആവശ്യമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഓരോ പ്രശ്‌നങ്ങള്‍ പരിഹരിച്ചു പോയാ? മാത്രം മുന്നണിയാകില്ല. കേരള കോണ്‍ഗ്രസ് മുന്നണിയില്‍ വേണ്ടന്ന് ആരും പറഞ്ഞിട്ടില്ല. എന്നാല്‍ രാജ്യസഭ സീറ്റിനു വേണ്ടിയല്ല മാണി മുന്നണി വിട്ടതെന്നും തിരുവഞ്ചൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയെന്ന് പി ജെ കുര്യന്‍ പ്രതികരിച്ചു. കുര്യന് സീറ്റ് നല്‍കണമെന്ന കാര്യത്തില്‍ ചര്‍ച്ച നടക്കുന്തിനിടെയാണ് സീറ്റ് കേരള കോണ്‍ഗ്രസിന് കൈമാറിയത്. ഇത് തന്നോട് ചര്‍ച്ച ചെയ്തിട്ടില്ലെന്നും കുര്യന്‍ പറഞ്ഞു. ഇതിനിടെ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയ നടപടിയില്‍ എതിര്‍പ്പ് അറിയിച്ച് ആറ് യുവ എംഎല്‍എമാര്‍ രാഹുല്‍ ഗാന്ധിയ്ക്ക് കത്തയച്ചു.

ഹൈബി ഈഡന്‍, വി ടി ബല്‍റാം, റോജി എം ജോണ്‍, ഷാഫി പറമ്പില്‍, കെ എസ് ശബരി നാഥന്‍ അനില്‍ അക്കര എന്നിവരാണ് കത്തയച്ചത്. തീരുമാനം അവിശ്വസനീയമാണെന്നും ഇത് കീഴടങ്ങലെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു. തീരുമാനം ആത്മഹത്യാപരമെന്ന് ഹൈബി ഈഡന്‍ എംഎല്‍എയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് വി.ടി ബല്‍റാം എം എല്‍എയും പറഞ്ഞു.