പ്രവാസി ഭാരതീയരെ നെഞ്ചിലേറ്റിയ സുഷമ സ്വരാജിന് പ്രണാമം…

Print Friendly, PDF & Email

മുതിര്‍ന്ന ബിജെപി നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ സുഷമാ സ്വരാജ് (66) അന്തരിച്ചു. രാത്രി 11 ഓടെ ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമായിരുന്നു മരണകാരണം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് 7.30 ഓടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്ത്യന്‍ സംസ്ഥാന നിയമസഭാ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രിയെന്ന വിശേഷണവുമായാണ് സുഷമ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ചത്. ബിജെപിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എബിവിപിയിലൂടെയാണ് സുഷമ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. പിന്നീട് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളിലേക്കടുത്തു. ജോര്‍ജ് ഫെര്‍ണാണ്ടസിന്‍റെ നിയമോപദേശ ടീമില്‍ അംഗമായതോടെയാണ് സുഷമ സജീവ രാഷ്ട്രീത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ജയപ്രകാശ് നാരായാണന്‍റെ അടിയന്താരാവസ്ഥ വിരുദ്ധ സമരങ്ങളില്‍ സജീവമായി. ഒടുവില്‍ ബിജെപി ദേശീയ നേതാവായി വളര്‍ന്നു.

1977ല്‍ 25ാം വയസ്സില്‍ അംബാലയില്‍നിന്ന് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. ജനത പാര്‍ട്ടി ചിഹ്നത്തിലാണ് അന്ന് മത്സരിച്ചത്. അതേ വര്‍ഷം സംസ്ഥാന മന്ത്രിയുമായി. 27ാം വയസ്സില്‍ ജനതാ പാര്‍ട്ടിയുടെ ഹരിയാന പ്രസിഡന്‍റായി. പിന്നീട് ബിജെപി-ലോക്ദള്‍ സഖ്യസര്‍ക്കാറില്‍ വിദ്യാഭ്യാസ മന്ത്രിയായി. കേന്ദ്ര മന്ത്രി സ്ഥാനം രാജിവച്ചാണ് 1998ല്‍ ദില്ലി മുഖ്യമന്ത്രിയാകുന്നത്. ദില്ലിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും സുഷമാ സ്വരാജ് തന്നെയായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ തോറ്റതോടെ മൂന്നു മാസത്തിനകം മുഖ്യമന്ത്രി പദം രാജിവച്ചുവെങ്കിലും ഷീലാ ദീക്ഷിതിന് മുമ്പേ ദില്ലിയുടെ വളയം പിടിച്ച കൈകള്‍ സുഷമയുടേത് ആയിരുന്നു.

ബിജെപിയുടെ ആദ്യ വനിതാ വക്താവായി പ്രവര്‍ത്തിച്ച സുഷമ സ്വരാജ് ഏഴുതവണ ലോക്സഭ എംപിയും അഞ്ച് തവണ എംഎല്‍എയുമായി. 15ാം ലോക്സഭയില്‍ പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ച സുഷമ വാജ്പേയി സര്‍ക്കാറില്‍ ഇന്‍ഫര്‍മേഷന്‍, ആരോഗ്യ മന്ത്രിയായിരുന്നു. 2014ല്‍ മോദി സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായി. ഇന്ദിരാഗാന്ധിക്ക് ശേഷം ആദ്യമായി വിദേശ വകുപ്പ് കൈകാര്യം ചെയ്യുന്ന വനിതയാണ് സുഷമസ്വരാജ്.

ഇക്കാലഘട്ടത്തില്‍ ഒരു ട്വീറ്റിന്‍റെ അകലം മാത്രമേ ഏതൊരു വിദേശ ഭാരതീയനും വിദേശകാര്യ മന്ത്രിയുമായി അനുഭവപ്പെട്ടിരുന്നുള്ളു. സുഷമയുടെ ഇത്തരം ഇടപെടലുകള്‍ അന്താരാഷ്ട്ര രംഗത്തുതന്നെ വന്‍ ചര്‍ച്ചയായി. സോഷ്യല്‍ മീഡിയകളില്‍ സജീവമായി ഇടപെട്ടുകൊണ്ടിരുന്ന സുഷമസ്വരാജിന്‍റെ അവസാന ട്വീറ്റ് കശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അഭിനന്ദിച്ചു കൊണ്ടുള്ളതായിരുന്നു. ”ജീവിതകാലത്ത് കാണാനാഗ്രഹിച്ച ദിവസം” എന്നായിരുന്നു കാശ്മീര്‍ വിഷയത്തെ പറ്റി അവരുടെ ട്വീറ്റ്. ആ ആഗ്രഹ പൂര്‍ത്തീകരണത്തിനായി കാത്തിരുന്നതു പോലെയായിരുന്നു അവരുടെ വേര്‍പാട്. ബിജെപിയുടെ വനിതാ മുഖമായിരുന്ന സുഷമാസ്വരാജ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്‍റേതായ അടയാളം രേഖപ്പെടുത്തിയ ശേഷമാണ് വിടവാങ്ങുന്നത്.