ആഭ്യന്തര വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി ഭരണകക്ഷി എംഎല്‍എ പിവി അന്‍വര്‍…!!
സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി ആഭ്യന്തരവകുപ്പിനെതിരെ ഗുരുതര ആരോപണവുമായി ഭരണകക്ഷി എംഎല്‍എ പിവി അന്‍വര്‍. അന്‍വറിന്‍റ വെളിപ്പെടുത്തലുകള്‍ സര്‍ക്കരിലുംയും സിപിഎംലും വലിയ ഞെട്ടലാണു ഉണ്ടാക്കിയിരിക്കുന്നത്. സംസ്ഥാനത്തിന്‍റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും ഭരണകക്ഷി എംഎൽഎ ഉയര്‍ത്തിയ ഗുരുതര ആരോപണങ്ങള്‍ ചെന്നുകൊള്ളുന്നത് മുഖ്യമന്ത്രിയിലും അദ്ദേഹത്തിന്‍റെ ആഭ്യന്തര വകുപ്പിലുമാണ്. ആഭ്യന്തരവകുപ്പ് പൂർണ്ണ പരാജയമാണെന്നാണ് പിവി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിവരയിടുന്നത്.
കഴിഞ്ഞ ദിവസം പത്തനംതിട്ട എസ്.പി സുജിത് ദാസിന്റെ ഫോണ്‍ കോള്‍ ചോര്‍ത്തി പുറത്തുവിട്ടത് തന്‍റെ ഗതികേടിനാല്‍ ആണ്. കേരളത്തിലെ ജനങ്ങള്‍ക്ക് അത് മനസ്സിലാവും. പൊതു സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി ചെയ്തതാണ്. ക്രമസമാധാനം ഉറപ്പുവരുത്തേണ്ട ഓഫീസര്‍മാര്‍ രാജ്യവിരുദ്ധ പ്രവര്‍ത്തികള്‍ ചെയ്യുന്നു. ക്രിമിനലുകള്‍. ഇത് പാര്‍ട്ടിയെയും സര്‍ക്കാരിനെയും ജനങ്ങളെയും ബോധ്യപ്പെടുത്തുകയാണ് തന്റെ ദൗത്യമെന്നും പി വി അന്‍വര്‍ പറഞ്ഞു.
എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് പി വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയിരിക്കുന്നത്. നൊട്ടോറിയസ് ക്രിമിനലാണ് അദ്ദേഹം. അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിം ആണ് അദ്ദേഹത്തിന്‍റെ റോള്‍ മോഡല്‍. എം ആർ അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. എല്ലാം സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടാണ്. മാമി എന്ന് പറയുന്ന കോഴിക്കോടത്തെ കച്ചവടക്കാരനെ ഒരുവര്‍ഷമായി കാണാതായിട്ട്. കൊണ്ടുപോയി കൊന്നതാണെന്നാണ് കരുതുന്നത്. അതും ഈ സംഘവുമായി ബന്ധപ്പെട്ട മറ്റൊരു വിഷയത്തില്‍. അജിത്ത് കുമാറിന്‍റെ ഭാര്യക്കും മുബൈയിലേയും മറ്റും കള്ളക്കടത്തു സംഘവുമാായി ബന്ധമുണ്ട്. ‘അജിത് കുമാറിന്റെ ഭാര്യ മറ്റൊരാളുമായി സംസാരിക്കുന്ന കോള്‍ റെക്കോര്‍ഡ് കൈയ്യില്‍ ഉണ്ട് . അപ്പുറത്ത് മറ്റൊരാളുണ്ട്. സ്ത്രീയെന്ന പരിഗണന നൽകി ഇപ്പോൾ വിടുന്നു. ആവശ്യം വരികയാണെങ്കിൽ ചില കാര്യങ്ങൾ പറയാമെന്നും പിവി അന്‍വര്‍ പറഞ്ഞു.
ദുബായില്‍ നിന്ന് സ്വര്‍ണം വരുമ്പോ ഒറ്റുകാര്‍ വഴി സുജിത് ദാസിന് വിവരം കിട്ടും. കസ്റ്റംസില്‍ നല്ല ബന്ധമുണ്ട് സുജിത് ദാസിന്. നേരത്തെ കസ്റ്റംസില്‍ അയാള്‍ ഉദ്യോഗസ്ഥനായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്‌കാനിങ്ങില്‍ സ്വര്‍ണം കാണുന്നുണ്ട്. അവര്‍ അത് കണ്ടതായി നടിക്കില്ല. പകരം ഇവര്‍ പുറത്തിറങ്ങുമ്പോള്‍ പൊലീസിന് വിവരം കൈമാറും. പൊലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടും. എന്നിട്ട് 50, 60 ശതമാനം സ്വര്‍ണം അടിച്ചുമാറ്റും. ഇതാണ് ഇവരുടെ രീതി. സുജിത് ദാസിനെ നിയന്ത്രിക്കുന്നത് എം ആര്‍ അജിത്കുമാറാണ്. എസ് പി സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധം ഉപയോഗിച്ച് സ്വര്‍ണ്ണകള്ളക്കടത്തു നടത്തുകയും കള്ളക്കടത്തു സ്വര്‍ണ്ണം പൊട്ടിക്കുകയുമാണ് ചെയ്യുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, എഡിജിപി അജിത് കുമാര്‍ എന്നിവരെ മുഖ്യമന്ത്രി വിശ്വസിച്ചേല്‍പ്പിച്ചു. എന്നാല്‍ ഉത്തരവാദിത്തം നിറവേറ്ററുന്നതില്‍ ഇരുവരും പരാജയപ്പെട്ടു. അരീക്കോട്ടെ നവകേരള സദസ് അലങ്കോലമാക്കി. പൊലീസ് ഇടപെട്ടില്ല. നോക്കി നിന്നു. പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഇല്ലായ്മ ചെയ്യുന്ന ഗ്രൂപ്പാണിതെന്നും പി വി അന്‍വര്‍ പറഞ്ഞു. പോലീസിനെ വിട്ട് തൃശൂര്‍പൂരം കലക്കുവാന്‍ ശ്രമിച്ചത് അജിത്കുമാറാണ്. അത് ബിജെപി യെ ജയിപ്പിക്കുവാനുള്ള ഗൂഢാലോചനയുടെ ഫലമായാണ്.
മുഖ്യമന്ത്രിക്ക് 29 വകുപ്പുകളുണ്ട്. നാല് ചായപ്പീടിക കൈകാര്യം ചെയ്യാനാകുമോ ഒരു വ്യക്തിക്ക്. ആ വ്യക്തിക്ക് 29 വകുപ്പിലും ഓരോ തലവന്മാരെ വച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് 29 വകുപ്പുകളുണ്ട്. മുഖ്യമന്ത്രിയെ വിശ്വസ്തർ കുഴിയിൽ ചാടിക്കുന്നു. പൊളിറ്റക്കൽ സെക്രട്ടറി പി.ശശി പരാജയമാണ്. പൊളിറ്റിക്കൽ സെക്രട്ടറിയെയും ,എഡിജിപിയെയും മുഖ്യമന്ത്രി വിശ്വസിച്ചാണ് ചുമതലകൾ ഏൽപ്പിച്ചത്.അവര്‍ അത് കൃത്യമായി ചെയ്തില്ലെന്നും പിവി അന്‍വര്‍ കുറ്റപ്പെടുത്തി. വിശ്വസിച്ച് ഏല്‍പിച്ചത് പി ശശിയാണ്. ശശിക്ക് ഇതില്‍ പരാജയം സംഭവിച്ചു എന്ന് തന്നെ കരുതേണ്ടിവരും. അദ്ദേഹം അത് അനലൈസ് ചെയ്തിരുന്നെങ്കില്‍ ഇത്ര വലിയ കൊള്ള നടക്കില്ല. ശശിധരന്‍ കള്ളന് കഞ്ഞിവെച്ചവനാണ്.
മുഖ്യമന്ത്രിയെ പിതാവിന്റെ സ്ഥാനത്ത് ആണ് താന്‍ കാണുന്നത്. അദ്ദേഹത്തിന് പാരവെക്കാനുള്ള ശ്രമം മകനെന്ന നിലയില്‍ അത് തടയിടും. കൊന്നും കൊല്ലിച്ചും പരിചയമുള്ള ടീമിനോടാണ് ഏറ്റുമുട്ടുന്നത്. തന്റെ ജീവന്‍ അപകടത്തിലാണ്. ഈ രീതിയില്‍ മുന്നോട്ടു പോയാല്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും ഉത്തരം പറയേണ്ടി വരും. പി വി അന്‍വര്‍ പാര്‍ട്ടിയെ നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. ഇന്ദിരാഗാന്ധി പേഴ്‌സണല്‍ സ്റ്റാഫിനാല്‍ വെടിയേറ്റ് മരിച്ചതാണ്. മുഖ്യമന്ത്രിയെ കൊലച്ചതിക്ക് വിട്ടുകൊടുക്കില്ല. പാര്‍ട്ടിക്ക് വേണ്ടി മരിക്കാനും തയ്യാറാണെന്നും പി വി അന്‍വര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പിവിഅന്‍വര്‍ നടത്തിയ എസ് പി ഓഫീസിന് മുന്നിലെ സമരത്തിലും തുടര്‍ന്ന് നടത്തിയ പത്രസമ്മേളനത്തില്‍ വിവാദ ഓഡിയോ പുറത്തുവിട്ടുകൊണ്ടു നടത്തിയ ആരോപണങ്ങളേയും തുര്‍ന്ന് അൻവറിനോട് കടുത്ത അതൃപ്തിയിലാണ് സിപിഎം. ഇതില്‍ എസ്പിയെ കൈവിട്ട് എഡിജിപിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സര്‍ക്കാര്‍ എടുത്തത്. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കരുത് എന്ന താക്കീത് പാര്‍ട്ടി അന്‍വറിന് നല്‍കുകയും ചെയ്തു. എന്നാൽ ഒതുങ്ങാൻ ഇല്ലെന്ന് പറഞ്ഞുള്ള അൻവറിന്‍റെ വെല്ലുവിളി സിപിഎമ്മിനും സർക്കാറിനും ഉണ്ടാക്കുന്നത് അത്യസാധാരണ പ്രതിസന്ധിയാണ്. ആരോപണ ശരങ്ങൾ മുഴുവൻ ക്രമസമാധാന ചുമതലയുള്ള എഡിപജിപി എംആർ അജിത് കുമാറിനും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെയാണ്. രണ്ടുപേരും പിണറായിയുടെ വിശ്വസ്തരാണ്. മുഖ്യമന്ത്രിയെ തൊടുന്നില്ലെങ്കിലും അൻവറിനറെ കല്ലുകൾ കൊള്ളുന്നത് പിണറായിക്ക് തന്നെ. ആഭ്യന്തരവകുപ്പ് കുത്തഴിഞ്ഞു. തലപ്പത്ത് അധോലോക ബന്ധമുള്ളവരാണെന്ന് തുറന്ന് പറയുന്നത് ഭരണപക്ഷത്തെ എംഎൽഎ തന്നെയായതിനാൽ വിശദീകരിക്കാൻ പാർട്ടി പാടുപെടും.