INDIANEWS MAIN

ചൈനീസ് അജണ്ട നടപ്പാക്കാൻ ഫണ്ട് നല്കിയവരുമായി കാരാട്ടിന് ബന്ധം. കാരാട്ടിലേക്കും ഇഡി അന്വേഷണം…?

ചൈനീസ് അജണ്ട നടപ്പാക്കാൻ ന്യൂസ് ക്ലിക്കിന് ഫണ്ട് നല്കിയെന്ന ആരോപണം നേരിടുന്ന വിദേശ വ്യവസായി നെവിൽ റോയി സിംഘത്തിനോട് സിപിഎം മുൻ ജനറൽ സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ടിനേയും അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരാന്‍ ഇഡി നീക്കം. ചൈനീസ് അജണ്ട നടപ്പാക്കാനുള്ള സഹായം സിംഘം കാരാട്ടിനോട് തേടിയെന്നും സിപിഎം പോളിറ്റ് ബ്യൂറോ ഈ വിഷയം ചർച്ച ചെയ്തിരുന്നും ഉള്ള വാര്‍ത്തകള്‍ പുറത്തുവരുകയും. നെവിൽ റോയി സിംഘത്തിനും കാരാട്ടിനും ഇടയിലെ ഇമെയിൽ സന്ദേശങ്ങൾ ചർച്ചയാവുകയും ചെയ്ത സാഹചര്യത്തിലാണ് ഇഡി കാരാട്ടിനെതിരെ തിരിഞ്ഞിരിക്കുന്നത്.

എന്നാല്‍, ചൈനീസ് അജണ്ട നടപ്പാക്കുന്നതിനെക്കുറിച്ചോ സാമ്പത്തിക ഇടപാടുകളെ കുറിച്ചോ സിംഘത്തോട് സംസാരിച്ചിട്ടില്ലെന്നും വ്യക്തിപരമായ പരിചയത്തിൻറെ പേരിലുള്ള സന്ദേശങ്ങൾ മാത്രമാണ് നടത്തിയിട്ടുള്ളതെന്നാണ് കാരാട്ട് നല്‍കുന്ന വിശദീകരണം. ഇതോടൊപ്പം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സർക്കാർ നൽകിയ കാനിംഗ് റോഡിലെ വസതിയിലും റെയ്ഡ് നടത്തി. യെച്ചൂരി ഇവിടെയല്ല താമസിക്കുന്നത്. ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിക്കുന്നത് കണക്കിലെടുത്താണ് ഇവിടെ പരിശോധനനടത്തിയത്.

ന്യൂസ് പോർട്ടലിന് ചൈനീസ് ഫണ്ടിംഗ് ഉണ്ടെന്ന് ആരോപണമുയർന്നിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 38.05 കോടി രൂപയുടെ വിദേശ ഫണ്ട് തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ന്യൂസ് പോർട്ടൽ ഈ പണം ഉപയോഗിച്ചെന്നും അന്വേഷണ സംഘം ആരോപിച്ചിരുന്നു. തുടര്‍ന്ന് രാജ്യത്തെ വിവിധയിടങ്ങളിൽ ഇന്ന് പരിശോധനയും നടന്നു. ഡൽഹി, നോയിഡ, ഗാസിയാബാദ് അടക്കം മുപ്പതോളം ഇടങ്ങളിലാണ് പരിശോധന നടന്നത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഇ ഡി നൽകിയ വിവരത്തെത്തുടർന്നാണ് പൊലീസ് തെരച്ചിൽ നടത്തുന്നത്.

കേസുമായി ബന്ധപ്പെട്ട് ന്യൂസ് ക്ലിക്ക് ഓഫീസ് സീല്‍ ചെയ്ത പോലീസ്‌ സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകരുടെ വസതികളില്‍ ചൊവ്വാഴ്ച റെയ്ഡും നടത്തി. ഇതിനു പിന്നാലെ വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും എഡിറ്ററുമായ പ്രബീര്‍ പുര്‍കയാസ്ഥയെ യു.എ.പി.എ കുറ്റം ചുമത്തി അറസ്റ്റു ചെയ്തു. ന്യൂസ് ക്ലിക്ക് എച്ച്.ആര്‍ തലവനായ അമിത് ചക്രവര്‍ത്തിയേയും പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ചോദ്യംചെയ്യാനായി പ്രബീര്‍ പുര്‍കയാസ്ഥയെ ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്.