കസവ് മുണ്ടും നേര്യതും ധരിച്ച് കേരളീയ വേഷത്തില്‍ പ്രധാനമന്ത്രി കൊച്ചിയിൽ.
തനി കസവ് മുണ്ടും നേര്യതും അതിനൊത്ത ഷർട്ടും ധരിച്ച് തനി കേരളീയ വേഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വൈകിട്ട് അഞ്ച് മണിയോടെ കൊച്ചിയിൽ വിമാനമിറങ്ങി. പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറുമടക്കമുള്ളവർ ചേർന്നാണ് സ്വീകരിച്ചത്. ചെറു സംഭാഷണത്തിന് ശേഷം ഇന്നത്തെ ആദ്യ പരിപാടിയായ ബിജെപി പൊതുയോഗ സ്ഥലത്തെത്തിയ പ്രധാനമന്ത്രിയെ അവിടെ കാത്തുനിന്ന ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഓണക്കോടി നൽകി സ്വീകരിച്ചു. ബി ജെ പി പൊതുയോഗത്തിൽ മലയാളത്തിൽ സംസാരിച്ചാണ് മോദി തുടങ്ങിയത്. മലയാളികൾക്കെല്ലാം ഓണാശംസ നേർന്ന പ്രധാനമന്ത്രി ഓണക്കാലത്ത് എത്താനായത് വലിയ സൗഭാഗ്യമാണെന്നും വിവരിച്ചു. കേരളം സാംസ്‌കാരിക വൈവിദ്ധ്യവും പ്രകൃതി ഭംഗിയും കൊണ്ട് മനോഹരം എന്നായിരുന്നു മോദി പറഞ്ഞത്. പ്രധാനന്ത്രി ആവാസ് യോജന പ്രകാരം കേരളത്തിൽ രണ്ട് ലക്ഷം വീട് നൽകിയെന്നും ഇതിൽ ഒരു ലക്ഷം വീടുകൾ ഇതിനകം പൂർത്തിയാക്കി എന്ന് മോദി പറഞ്ഞു. മഹാമാരി കാലത്ത് കേരളത്തിൽ ഒന്നര കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ കൊടുത്തെന്നും ഇതിനായി 6000 കോടി ചെലവഴിച്ചെന്നും വ്യക്തമാക്കി.
വിപുലമായ പരിപാടികളാണ് പ്രധാനമന്ത്രിക്ക് കേരളത്തിലുള്ളത്. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യവിമാനവാഹിനി യുദ്ധക്കപ്പലായ വിക്രാന്ത് രാജ്യത്തിനു സമര്‍പ്പിക്കുക എന്ന അതിപ്രധാന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തിയത്. നാളെ വെള്ളിയാഴ്ച 9.30 9.30 മുതൽ കൊച്ചി കപ്പൽശാലയിലാണ് വിക്രാന്തിന്റെ കമ്മിഷൻ ചടങ്ങുകൾ. കേരളത്തിലെ റെയില്‍വേ വികസനത്തിനായി 4600 കോടിയുടെ പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്ത് സമര്‍പ്പിച്ചു. ഇത് മലയാളികള്‍ക്കുള്ള ഓണസമ്മാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കൂടാതെ മെട്രോ രണ്ടാംഘട്ട പദ്ധതിയുടെ തറക്കല്ലിടല്‍, നിര്‍മാണം പൂര്‍ത്തിയായ മെട്രോ പേട്ട-എസ്.എന്‍ ജംഗ്ഷന്‍ പാതയുടെ ഉദ്ഘാടനം, കോട്ടയം-എറണാകുളം ജംഗ്ഷന്‍ സ്‌പെഷ്യല്‍ ട്രെയിന്‍, കൊല്ലം-പുനലൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ എന്നിവയുടെ ഫ്‌ളാഗോഫ്, റെയില്‍വെ വൈദ്യുതീകരണം, കുറുപ്പന്തറ-കോട്ടയം-ചിങ്ങവനം ഇരട്ടപ്പാത എന്നിവയടക്കം വിവിധ പദ്ധതികള്‍ ഇന്ന് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു.