വിവാദ കത്തില്‍ അന്വേഷണമോ നടപടിയോ വേണ്ടെന്ന് സെക്രട്ടേറിയറ്റില്‍ ധാരണ..
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വന്ന ജോലി ഒഴിവുകളിലേക്ക് പേര് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രന്‍ പാര്‍ട്ടി സെക്രട്ടറി ആനാവൂര്‍ നാഗപ്പന് എഴുതിയ കത്തില്‍ പാര്‍ട്ടി അന്വേഷണമോ നടപടിയോ വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണ. മേയറുടെ വിശദീകരണം പാര്‍ട്ടിക്കും ജനങ്ങള്‍ക്കും ബോധ്യപ്പെട്ടതിനാല്‍ തിടുക്കപ്പെട്ട് പാര്‍ട്ടി അന്വേഷണം നടത്തേണ്ട സാഹചര്യം ഇല്ലെന്നാണ് സെക്രട്ടേറിയറ്റിന്റെ നിലപാട്. മേയര്‍ നല്‍കിയ വിശദീകരണം മുഖവിലക്കെടുത്ത് മേയര്‍ക്ക് രാഷ്ട്രീയസംരക്ഷണം ഉറപ്പാക്കാനാണ് തീരുമാനം. പോലീസ് അന്വേഷണം നടക്കുന്നതിനാല്‍, അതില്‍ തീര്‍പ്പുണ്ടാവട്ടെയെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. എന്നാല്‍ കേസന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചാകട്ടെ എഫ്ഐആര്‍ ഇട്ട് കേസ് രജിസ്റ്റര്‍ ചെയ്യുവാന്‍ ഇതുവരേയും തയ്യാറായിട്ടില്ല. അതായത്, പാര്‍ട്ടി തലത്തിലും പോലീസ് തലത്തിലും അന്വേഷണം ഉണ്ടാവില്ല എന്ന് വ്യക്തം.
നിയമനത്തിന് പാര്‍ട്ടി പട്ടികതേടി രണ്ടുകത്തുകളാണ് പ്രചരിച്ചത്. ഇതില്‍ ഒന്ന് മേയര്‍ ആര്യാ രാജേന്ദ്രന്റേതും മറ്റൊന്ന് കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷനും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയുമായ ഡി.ആര്‍. അനിലിന്റെ പേരിലുള്ളതുമാണ്. കത്ത് മേയര്‍ നിഷേധിച്ചപ്പോള്‍, മറ്റേത് തയ്യാറാക്കിയത് താനാണെന്ന് അനില്‍ സമ്മതിച്ചു. ഇതിലും പാര്‍ട്ടി പരിശോധനയും നടപടിയുമുണ്ടാകില്ല. തിടുക്കപ്പെട്ട് പരിശോധനയും നടപടിയും ഉണ്ടാകുന്നത് കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവെക്കുമെന്നതിനാലാണ് പോലീസ് അന്വേഷണ റിപ്പോര്‍ട്ടിനെ ആശ്രയിക്കാമെന്ന നിലപാടിലേക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് എത്തിയത്.