ഗവര്‍ണറുടെ അന്തിമ ഉത്തരവ് വരുന്നതു വരെ വൈസ് ചാന്‍സലര്‍മാര്‍ക്ക് തുടരാം – ഹൈക്കോടതി
കേരളത്തിലെ വൈസ്ചാന്‍സലര്‍മാരുടെ പുറത്താക്കല്‍ സംബന്ധിച്ച ഗവര്‍ണര്‍ ഗവര്‍മ്മെന്‍റ് ഏറ്റു മുട്ടലിന് തല്‍ക്കാല പര്യസമാപ്തി. രാജിവക്കുവാന്‍ ഗവര്‍ണര്‍ നല്‍കിയ സമയപരിധി നിര്‍ദ്ദേശം തത്കാലം നടപ്പാകില്ല. രാജിവക്കാന്‍ തയ്യാറാകാത്ത വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ തന്നെ കാരണം കാണിക്കല്‍ നോട്ടീസ് കൊടുത്തതോടെ രാജിവെക്കുവാനുള്ള നിര്‍ദ്ദേശം തന്നെ അപ്രസക്തമായി. ഗവര്‍ണര്‍ ഇന്ന് കൊടുത്ത ഷോകോസ് നോട്ടീസില്‍ ഗവര്‍ണറുടെ അന്തിമ തീരുമാനം വരുന്നതുവരെ വിസിമാര്‍ക്ക് സ്ഥാനങ്ങളില്‍ തുടരാം എന്ന് കോടതി വിധിച്ചതോടെ പന്ത് വീണ്ടും ഗവര്‍ണറുടെ കോര്‍ട്ടില്‍ എത്തിയിരിക്കുകയാണ്. ഗവര്‍ണര്‍ വിസിമാര്‍ക്ക് സമയബന്ധിതമായി രാജി ആവശ്യപ്പെട്ട് കത്തയച്ചത് ശരിയായില്ല. സാധുവായി നിയമപ്രകാരം മാത്രമേ വിസി മാർക്കെതിരെ നടപടി പാടുള്ളൂ എന്നും കോടതിവ്യക്തമാക്കി
കോടതിയില്‍ അരങ്ങേറിയ വാദമുഖങ്ങള്‍
ചൂടേറിയ വാദമുഖങ്ങളാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍റെ മുന്പില്‍ കോടതിയെ സമീപിച്ച 9 വൈസ് ചാന്‍സലര്‍മാരുടെ അഭിഭാഷകര്‍ ഉയര്‍ത്തിയത്. രാജിവയ്ക്കാൻ ആവശ്യപ്പെട്ട് ചാൻസലുടെ കത്ത് കിട്ടിയെന്ന് കോടതില്‍ വ്യക്തമാക്കിയ ഹർജിക്കാർ തങ്ങളെ കേൾക്കാൻ ചാൻസലർ സമയം തന്നില്ല എന്നു വാദിച്ചു. വൈസ് ചാൻസലറെ നീക്കുന്നതിന് ചട്ടങ്ങളിൽ കൃത്യമായ വ്യവസ്ഥ ഉണ്ട്. ആ വ്യവസ്ഥകളുടെ പരിധിയിൽ വരുന്നതല്ല ചാൻസലറുടെ നടപടി. സാമ്പത്തിക ക്രമക്കേടോ, നടപടികളില്‍ വീഴ്ചയോ ഉണ്ടെങ്കിൽ മാത്രമേ ചാന്‍സലറെ നീക്കാന്‍ സാധിക്കൂ. അല്ലെങ്കിൽ നോട്ടീസ് നൽകാൻ തയ്യാറാകണം. ഹർജി ഫയല്‍ ചെയ്ത ശേഷം മാത്രം ആണ് ചാൻസലർ കാരണം കാണിക്കല്‍ നോട്ടീസ് നൽകിയതു തുടങ്ങിയ വാദമുഖങ്ങളാണ് കോടതിക്കു മുന്പില്‍ വൈസ് ചാന്‍സലര്‍ മാര്‍ അവതരിപ്പിച്ചത്.
സുപ്രീം കോടതി ഉത്തരവ് തങ്ങൾക്ക് ബാധകമല്ല വാദമുഖമുന്നയിച്ച ഹര്‍ജിക്കാരോട് സുപ്രീം കോടതി വിധി ഈ കോടതിക്കും ബാധകം ആണ് എന്ന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. ചാൻസലറുടെ ഇപ്പോഴത്തെ നടപടി സുപ്രീം കോടതിയുടെ പുതിയ വിധിയുടെ അടിസ്ഥാനത്തിലാണ്. യോഗ്യത ഇല്ലാത്തവർ തൽസ്ഥാനത്തു തുടരുന്നത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകും “നിങ്ങൾ മികച്ചത് ആയിരിക്കും. പക്ഷെ നിങ്ങൾ മാത്രം ആയിരിക്കില്ല” അതാണ് സുപ്രീംകോടതി പറഞ്ഞത്. അത് കൊണ്ടാണ് പാനൽ വേണം എന്ന് സുപ്രീംകോടതി പറയുന്നത്.ചാൻസലർ മനുഷ്യൻ അല്ലെ, അദ്ദേഹത്തിന് തെറ്റ് പറ്റിയാൽ തിരുത്താൻ ഉള്ള അധികാരം വേണ്ടതല്ലേ എന്നും കോടതി ചോദിച്ചു. ഇതോടെ തന്ത്രം മാറ്റിയ വൈസ് ചാന്‍സലര്‍മാര്‍ കോടതിക്ക് മാത്രമേ വൈസ് ചാന്‍സലറെ നീക്കം ചെയ്യാൻ പറ്റൂ എന്ന് കോടതിയില്‍ വാദിച്ചു.
വൈസ് ചാന്‍സലര്‍ എന്ന നിലയില്‍ നിങ്ങൾ എടുത്ത നടപടിയിൽ അല്ല, വൈസ് ചാന്‍സലറായി നിങ്ങളെ എടുത്ത രീതി ആണ് ചോദ്യം ചെയ്യപ്പെട്ടത് എന്ന് കോടതിയില്‍ ഗവര്‍ണറുടെ അഭിഭാഷകന്‍ വ്യക്തമാക്കി. പദവിയിലുള്ളവര്‍ക്ക് യോഗ്യത ഇല്ല എങ്കില്‍ ചാൻസലർക്കു താൻ നടത്തിയ നിയമനം തെറ്റ് ആണ് എന്ന് പറയാൻ ആവില്ലേ എന്ന് കോടതി വൈസ് ചാന്‍സലര്‍ മാരോട് ചോദിച്ചു. പ്രഥമ ദൃഷ്ട്യാ ഒരാൾക്ക് യോഗ്യത ഇല്ല എങ്കിൽ ചാൻസലർക്കു ഇടപെടാൻ ആവില്ല എന്ന് പറയാൻ പറ്റുമോ ?. അതിനാണ് മറുപടി നൽകേണ്ടത്. യോഗ്യതയില്ലാത്തവരാണ് പദവികളിൽ ഇരിക്കുന്നതെങ്കിൽ അത് പരിശോധിക്കപ്പെടേണ്ടതല്ലെ എന്ന് കോടതി ചോദിച്ചു. കോടതിക്ക് രാഷ്ട്രീയം നോക്കേണ്ടത് ഇല്ല. യോഗ്യത ഇല്ലാത്ത ആളുകൾ ഇത്തരം പൊസിഷനിൽ വരുന്നത് തെറ്റാണ് എന്ന് കോടതി പറഞ്ഞു.
വൈസ് ചാന്‍സലര്‍മാാരെ പുറത്താക്കാന്‍ എന്തിനാണ് ധൃതി പിടിച്ചതെന്നും ഗവർണറോട് ചോദിച്ച കോടതി നിയമം അനുശാസിക്കുന്ന ചട്ടങ്ങള്‍ പാലിച്ചു മാത്രമേ ഗവര്‍ണര്‍ നടപടികള്‍ എടുക്കാവൂ എന്ന് നിര്‍ദ്ദേശിച്ചു. വിസിമാര്‍ക്ക് മാന്യമായി പുറത്തേക്ക് പോകാനുള്ള അവസരമാണ് ഗവര്‍ണര്‍ നല്‍കിയത്. വിശദീകരണം നൽകാനും വി സി മാരുടെ ഭാഗം ബോധിപ്പിക്കാനും 10 ദിവസത്തെ സവാകാശം നോട്ടീസിൽ നൽകിയിട്ടുണ്ട്. അത് പരിഗണിച്ചതിന് ശേഷം മാത്രമേ തുടർനടപടി സ്വീകരിക്കുകയുള്ളൂ.എന്ന് ഗവർണറുടെ അഭിഭാഷകന്‍ അറിയിച്ചു. അതംഗീകരിച്ചകരിച്ച കോടതി ഗവര്‍ണറുടെ അന്തിമ തീരുമാനം വരുന്നതുവരെ സ്ഥാനത്തു തുടരാന്‍ വൈസ്ചാന്‍സലര്‍മാരെ അനുവദിക്കുകയായിരുന്നു. അതോടെ കേരളത്തിലെ യൂണിവേര്‍സിറ്റി വൈസ്ചാന്‍സലര്‍മാര്‍ക്ക് സ്ഥാനത്തു തുടരുവാന്‍ 10 ദിവസത്തേക്കു കൂടി ആയസ് നീട്ടി കിട്ടിയിരിക്കുകയാണ്.

