നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി ആക്‌സസ് ചെയ്‌തു
നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായി പൊലീസ് ചൂണ്ടിക്കാണിക്കുന്ന മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി ആക്‌സസ് ചെയ്‌തെന്ന സ്ഥിരീകരണം. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മൂന്ന് തവണ മാറിയെന്നാണ് ഐഎഫ്എസ്എല്‍ ല്‍ നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്. ആദ്യം അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ പക്കലും രണ്ടാമത് എറണാകുളം ജില്ലാ കോടതിയുടെ പക്കലും ഒടുവിൽ വിചാരണക്കോടതിയുടെ പക്കലും ഉണ്ടായിരുന്നപ്പോഴാണ് ഹാഷ് വാല്യു മാറിയത്. 2018 ജനുവരി 9 നാണ് ആദ്യം ഹാഷ് വാല്യു മാറിയിരിക്കുന്നത്. അന്നേദിവസം രാത്രി 9.58 ന് ഒരു കംപ്യൂട്ടറിലിട്ടാണ് മെമ്മറി കാർഡ് പരിശോധിച്ചിരിക്കുന്നത്. 2018 ഡിസംബർ 13 നാണ് ഹാഷ് വാല്യൂ പിന്നീട് മാറിയത്. 2021 ജൂലൈ 19 നാണ് അവസാനമായി പരിശോധിച്ചിരിക്കുന്നത്. ആ ദിവസം ഉച്ചയ്ക്ക് 12.19 മുതൽ 12: 54 വരെയുളള സമയത്ത് ഒരു വിവോ ഫോണിലിട്ടാണ് മെമ്മറി കാർഡ് തുറന്നത്. തിന് പിന്നില്‍ വിചാരണക്കോടതിയുടെ ഗുരുതരമായ കൃത്യവിലോപം ഉണ്ടായിട്ടുണ്ടെന്ന് ശാസ്ത്രീയ പരിശോധനാ ഫലം ചൂണ്ടിക്കാണിക്കുന്നു.
ജഡ്ജ് ഹണി എം വര്‍ഗീസിന്റെ കോടതിയിലിരിക്കെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ആക്സസ് ചെയ്തത്. 2021 ജൂലൈ 19ന് ട്രഷറി ചെസ്റ്റില്‍ ആണ് മെമ്മറി കാര്‍ഡ് എന്നാണ് കോടതി തന്നെ പറഞ്ഞിട്ടുള്ളത്. 12.19 മുതല്‍ 12.54 വരെ വിവോ ഫോണില്‍ മെമ്മറി കാര്‍ഡ് ഇട്ട് മെമ്മറി കാര്‍ഡ് ആക്സസ് ചെയ്തിരിക്കുന്നത്. ജിയോ സിം ആയിരുന്നു ഫോണില്‍ ഉണ്ടായിരുന്നത്. അതുപയോഗിച്ച് ആ വിവോ ഫോണില്‍ വാട്സപ്പും ടെലിഗ്രാമും ഓപ്പറേറ്റ് ചെയ്തിരുന്നുവെന്ന് എഫ്എസ്എല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി ഷെയര്‍ ചെയ്യപ്പെട്ടിരിക്കാനുള്ള സാധ്യതയാണ് ഇതിലൂടെ മറനീക്കുന്നത്. മെമ്മറി കാര്‍ഡ് വിവോ ഫോണില്‍ ഇട്ടപ്പോള്‍ മെസേജിങ് ആപ്പുകള്‍ ഓപ്പറേറ്റ് ചെയ്തു. ദൃശ്യങ്ങള്‍ വാട്സാപ്പിലൂടെയോ ടെലിഗ്രാമിലൂടെയോ പുറത്തേക്ക് അയച്ചിട്ടുണ്ടാകും.
എഫ്എസ്എല്‍ റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷം കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഫോറന്‍സിക് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി അന്വേഷണം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. മെമ്മറി കാര്‍ഡ് തുറക്കാനുപയോഗിച്ച കംപ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും ആരുടേതെന്ന് കണ്ടെത്തണം. അതിനായി വിചാരണക്കോടതിയിലെ തൊണ്ടി ക്ലാര്‍ക്കിനെ ഉള്‍പ്പെടെ വ്യക്തമായി ചോദ്യം ചെയ്തതിന് ശേഷം മാത്രമേ കൂടുതല്‍ വ്യക്തത വരുത്താനാകു എന്നാണ് ക്രൈം ബ്രാഞ്ച് കരുതുന്നത്. കൂടാതെ, കോടതികളില്‍ വച്ച് തൊണ്ടി ആര്‍ക്കാണ് കൈമാറിയതെന്ന് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കും. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ആക്‌സസ് ചെയ്തത് ആര്? കണ്ടത് ആരൊക്കെ? ദൃശ്യങ്ങള്‍ ആര്‍ക്കെങ്കിലും കൈമാറിയോ? എത്ര നേരം മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്തു? സമൂഹ മാധ്യമങ്ങളിലൂടെ ഈ ദൃശ്യങ്ങള്‍ ആര്‍ക്കെങ്കിലും പങ്കുവെച്ചോ? ഇതെല്ലാം എന്തിന് വേണ്ടി? എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നത് കേസില്‍ വലിയ വഴിത്തിരിവാകും.
പൊലീസും പ്രോസിക്യൂഷനും ഉന്നയിച്ച കാര്യം വാസ്തവമാണെന്ന് തെളിയിക്കുന്ന വലിയൊരു തെളിവ് തന്നെയാണ് ഇന്ന് പുറത്തുവന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കുന്ന രേഖയില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ അതില്‍ ജുഡീഷ്യറി തന്നെയാണ് അന്വേഷണത്തിനായി തുടര്‍ നടപടി സ്വീകരിക്കേണ്ടത്. കോടതിയുടെ മുന്‍പിലുള്ള രേഖയേക്കുറിച്ച് കോടതിയുടെ അനുമതിയില്ലാതെ ഇനി അന്വേഷിക്കാന്‍ കഴിയില്ല. ഇതില്‍ അന്വേഷണം ആവശ്യപ്പെടാന്‍ പൊലീസിന് കഴിയും.