ജനക്കൂട്ടം ഇരച്ചുകയറി.. പ്രസിഡന്റ് രാജ്യംവിട്ടു… പ്രധാനമന്ത്രി രജിവച്ചു. അനാഥമായി ലങ്ക

Print Friendly, PDF & Email

ഇല്ലായ്മകളിൽ പൊറുതിമുട്ടിയ ശ്രീലങ്കയിൽ ജനം, പ്രസിഡന്റ് ഗോതാബയ രാജപക്സെയുടെ വസതിയിലേക്കും ഓഫീസിലേക്കും ഇരച്ചുകയറി. പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും വസതികൾ കയ്യടക്കിയ ജനക്കൂട്ടം പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്കടക്കം തീയിട്ടു.പ്രതിഷേധക്കാർ വസതി വളഞ്ഞപ്പോൾതന്നെ പ്രസിഡന്റ് ഗോതാബയ രാജപക്‌സെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. പ്രസിഡന്‍റ് രാജ്യം വിട്ടതായി വിദേശ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതിനിടെ പ്രസിഡന്‍റും പ്രധാനമന്ത്രിയും സ്ഥാനമൊഴിയണമെന്ന ജനങ്ങളുടെ ആവശ്യം യാഥാർത്ഥ്യത്തിലേക്കെത്തുകയാണ്. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ ആദ്യം തന്നെ രാജി പ്രഖ്യാപിച്ചു. പ്രസിഡന്‍റ് ഗോതബയ രജപക്സെ രാജ്യം വിട്ടെന്ന സൂചനകൾക്കിടെ സ്പീക്കർ, പ്രസിഡന്‍റ് രാജിസന്നദ്ധത അറിയിച്ചെന്ന് വ്യക്തമാക്കി രംഗത്തെത്തി. പ്രസിഡന്‍റ് സ്ഥാനം രജപക്സേ ബുധനാഴ്ച രാജിവയ്ക്കുമെന്ന് സ്പീക്കർ അറിയിച്ചു.

ജനകീയ പ്രക്ഷോഭത്തിന്റെ അസാധാരണ കാഴ്ചകൾക്കാണ് തലസ്ഥാനമായ കൊളംബോ ശനിയാഴ്ച വീണ്ടും വേദിയായത്. പ്രതിഷേധം മുൻകൂട്ടിക്കണ്ട് പ്രസിഡന്റിന്റെ വസതിക്ക് ശക്തമായ കാവലേർപ്പെടുത്തിയിരുന്നു. 20,000 പോലീസുകാരെയാണ് വിന്യസിച്ചത്. കർഫ്യൂ ഏർപ്പെടുത്തിയെങ്കിലും പ്രതിപക്ഷത്തിന്റെയും മനുഷ്യാവകാശ സംഘടനകളുടെയും എതിർപ്പിനെത്തുടർന്ന് അന്നുതന്നെ പിൻവലിക്കേണ്ടിവന്നു.

ശനിയാഴ്ച രാവിലെമുതൽ രാജ്യത്തിന്റെ പലഭാഗങ്ങളിൽനിന്ന് ആളുകൾ തലസ്ഥാന നഗരിയിലേക്ക് എത്തിക്കൊണ്ടിരുന്നു. റെയിൽവേ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് പല സ്ഥലങ്ങളിലും സര്‍വ്വീസ് നടത്തിയത്. ഇന്ധനക്ഷാമം അവഗണിച്ച് സ്വകാര്യ ബസുകളും നിരത്തിലിറങ്ങി. ബാരിക്കേഡുകൾ തകർത്തും മതിൽ ചാടിക്കടന്നും ആളുകൾ മുന്നോട്ടുകുതിച്ചു. സുരക്ഷാസേന വെടിവെച്ചതിൽ മൂന്നു പേർക്ക് പരിക്കേറ്റു. കണ്ണീർവാതകം ശ്വസിച്ച് ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച 36 പേർ ചികിത്സയിലുണ്ട്. ആദ്യഘട്ടത്തില്‍ ജനക്കൂട്ടത്തെ പ്രതിരോധക്കുവാന്‍ പോലീസ് ശ്രമിച്ചുവെങ്കിലും ജനക്കൂട്ടത്തിന്‍റെ തള്ളിക്കയറ്റത്തില്‍ പ്രതിരോധങ്ങളെല്ലാം തകര്‍ന്ന് പോലീസും സൈനികരും ജനങ്ങളോടൊപ്പം ചേരുന്ന കാഴ്ചക്കാണ് കൊളംബോ സാക്ഷ്യം വഹിച്ചത്.

  •  
  •  
  •  
  •  
  •  
  •  
  •