മോദിയെ സ്പെക്ട്രത്തില്‍ കുരുക്കി സിഎജി. അംബാനിക്ക് സ്പെക്ട്രം നൽകിയതുവഴി നഷ്ടം 69,381 കോടി

Print Friendly, PDF & Email

ചെറിയ ദൂരപരിധിയിൽ മൊബൈൽ സിഗ്നലുകൾ കൈമാറാൻ ഉപയോഗിക്കുന്ന മൈക്രോവേവ് സ്പെക്ട്രം ചട്ടങ്ങൾ പാലിക്കാതെ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോക്കും സിസ്റ്റെമാ ശ്യാം എന്ന കമ്പനിക്കും നൽകിയതുവഴി രാജ്യത്തിനു 69381 കോടി രൂപ നഷ്ടമുണ്ടായെന്നു കോൺഗ്രസ്. കഴിഞ്ഞ എട്ടിന് സിഎജി പാർലമെന്‍റിന്‍റെ മേശപ്പുറത്ത് വച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രടെലികോം മന്ത്രാലയത്തിനുമെതിരെ കോൺഗ്രസ് ഗുരുതരമായ അഴിമതി ആരോപണം ഉന്നയിക്കുന്നത്.

2015-ൽ 101 കമ്പനികൾ മൈക്രോവേവ് സ്പെക്ട്രത്തിനായി അപേക്ഷ നൽകി കാത്തിരിക്കുമ്പോൾ മൈക്രോവേവ് സ്പെക്ട്രം ഒരു കമ്പനിക്ക് ‘ആദ്യം വന്നവർക്ക് ആദ്യം’ (First Come First Serve) എന്ന രീതിയിൽ കരാറാക്കി നൽകി എന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്. ആദ്യം വന്നവർക്ക് ആദ്യം കരാർ നൽകുകയെന്നത് ടെലികോം മന്ത്രാലയത്തിന്‍റെ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ഏത് സ്പെക്ട്രവും ലേലം ചെയ്താണ് ടെലികോം മന്ത്രാലയം നൽകാറുള്ളത്. ഇത്തരത്തിൽ കരാർ നൽകിയത് നഷ്ടമുണ്ടാക്കും എന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്.

ജിയോക്കാണ് കേന്ദ്രസർക്കാർ ആദ്യം കരാർ നൽകിയത്. പിന്നീടാണ് സിസ്റ്റെമാ ശ്യാം എന്ന കമ്പനിക്ക് നൽകുന്നത്. ഇത്തരത്തിൽ കേന്ദ്രസർക്കാർ മൈക്രോവേവ് സ്പെക്ട്രം കരാർ നൽകിയത് അഴിമതിയാണെന്നു എഐസിസി ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് വക്താവ് പവൻ ഖേര ആരോപിച്ചു. എന്നാൽ ചട്ടങ്ങൾ പാലിച്ച് തന്നെയാണ് മൈക്രോവേവ് സ്പെക്ട്രം നൽകിയതെന്നും മാർക്കറ്റ് വിലയ്ക്കനുസരിച്ച് നിരക്ക് നിശ്ചയിച്ചാൽ ആ വില തരണമെന്ന വ്യവസ്ഥപ്രകാരമാണ് ജിയോക്കും സിസ്റ്റെമാ ശ്യാമിനും കരാർ നൽകിയിരിക്കുന്നതെന്നുമാണ് ടെലികോം മന്ത്രാലയത്തിന്‍റെ വിശദീകരണം.

ടവറുകളിൽ നിന്ന് മൊബൈൽ ഫോണുകളെ ബന്ധിപ്പിക്കുന്ന സ്പെക്ട്രത്തിന് ആക്സസ് സ്പെക്ട്രം (Access Spectrum) എന്നാണ് പറയുന്നത്. ടവറുകളെ തമ്മിൽത്തമ്മിൽ ബന്ധിപ്പിക്കാനാണ് മൈക്രോവേവ് സ്പെക്ട്രം പൊതുവേ ഉപയോഗിക്കുന്നത്. ആക്സസ് സ്പെക്ട്രം ലേലം ചെയ്യാനും എന്നാൽ മൈക്രോവേവ് സ്പെക്ട്രം ലേലം ചെയ്യേണ്ടതില്ലെന്നും കേന്ദ്രടെലികോം മന്ത്രാലയം തീരമാനമെടുത്തത് കഴിഞ്ഞ ജൂണിൽ ആണ്. 2010ല്‍ 2ജി സ്പെക്ട്രം വില്‍പനയില്‍ യുപിഎ സര്‍ക്കാര്‍ അഴിമതി ആരോപണം നേരിട്ടപ്പോള്‍ ഇനിമുതല്‍ മുതല് സ്പെക്ട്രം ലേലത്തിലൂടെ മാത്രമേ വില്‍പന നടത്താവൂ എന്ന തീരുമാനത്തിനു വിരുദ്ധമാാണ് 2015ല്‍ മോദിസര്‍ക്കാര്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോക്ക് നേരിട്ട് വില്‍പന നടത്തിയത് എന്നത് ആരോപണത്തിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
പവൻ ഖേരയുടെ വാർത്താ സമ്മേളനം:

(Visited 30 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •