രാജ്യത്തെ വാഹനം പൊളിക്കൽ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
പരിസ്ഥിതിയെ സംരക്ഷിക്കാനും, രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും ലക്ഷ്യം വച്ചുകൊണ്ട് വെഹിക്കിൾ സ്ക്രാപേജ് പോളിസി (പഴയ വാഹനങ്ങൾ പൊളിക്കല്‍) എന്ന പുതിയ നയത്തിന്‍റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ബജറ്റിൽ അവതരിപ്പിച്ച കേന്ദ്ര സർക്കാരിന്റെ പുതിയ വാഹന സ്ക്രാപ് പോളിസി പ്രകാരം 20 വർഷമാണ് സ്വകാര്യ വാഹനത്തിന്റെ കാലാവധി. വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന വാഹനത്തിന്റെ കാലാവധി15 വർഷമാണ്. ഈ കാലാവധി കഴിഞ്ഞ വാഹനങ്ങൾ പൊളിച്ച് നീക്കുമ്പോൾ വാഹന ഉടയമക്ക് ഒരു സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇവർക്ക് പിന്നീട് പുതിയ വാഹനം വാങ്ങുമ്പോൾ രെജിസ്ട്രേഷൻ ഫീസ് നൽകേണ്ടി വരില്ല. മാത്രമല്ല, റോഡ് ടാക്സിലടക്കം ഇളവുകൾ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ നടപ്പിലാക്കിയ ഒന്നാണ് വെഹിക്കിൾ സ്ക്രാപ്പിംഗ് പോളിസി. ഒരു വാഹനത്തിന്റെ കാലാവധി നിശ്ചയിക്കുന്നതാണ് ഈ പോളിസി. വിദേശ രാജ്യങ്ങളിൽ ഇത്തരത്തിൽ കാലാവധി കഴിഞ്ഞ വാഹനങ്ങൾ സ്ക്രാപ് യാർഡ്സിലേക്ക് പോകും. അവിടെ നിന്ന് വാഹനം തകർത്ത്, സ്റ്റീൽ, ഇരുമ്പ് പോലുള്ള ലോഹവസ്തുക്കൾ എടുത്ത് മറ്റ് പല നിർമാണ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കും.
എന്നാൽ ഇന്ത്യയിൽ ഇതുവരെ ഇത്തരമൊരു നിയമം ഉണ്ടായിരുന്നില്ല. ഇന്ത്യയിലെ പഴക്കമേറിയ വാഹനങ്ങളുടെ കണക്ക് കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരി പുറത്തുവിട്ടിരുന്നു. 20 വർഷത്തിലേറെ പഴക്കമുള്ള 51 ലക്ഷം ലൈറ്റ് മോട്ടോർ വെഹിക്കിളുകളാണ് ഇന്ത്യയിൽ നിരത്തിലോടുന്നത്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ 15 വർഷത്തിന് മേൽ പഴക്കമുള്ള 17 ലക്ഷത്തോളം സ്വകാര്യ വാഹനങ്ങളാണ് നിലവിൽ ഉപയോഗത്തിലുള്ളത്. എത്ര പഴക്കമുള്ള വാഹനമാണെങ്കിലും ഇന്ത്യയിൽ ഉപയോഗിക്കുന്നതിന് വിലക്കില്ലായിരുന്നു. ഇതിന് തടയിടുന്നതാണ് പുതിയ തീരുമാനം.
2022 ഏപ്രിലോടെ കേന്ദ്ര സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്കും, 2023 ഏപ്രിൽ മുതൽ വാണിജ്യ വാഹനങ്ങൾക്കും, 2024 ജൂൺ മുതൽ സ്വകാര്യ വാഹനങ്ങൾക്കും പുതിയ നയം നടപ്പാക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. ഇതോടെ വാഹന ഉടമകളുടെ മുന്നിൽ രണ്ട് മാർഗങ്ങളാണ് ഉണ്ടാവുക. ഒന്നുകിൽ പഴയ വാഹനം മാറ്റി പുതിയവ വാങ്ങുക. അല്ലെങ്കിൽ ഫിറ്റ്നെസ് ടെസ്റ്റ് ക്ലിയറാക്കി വീണ്ടും ഇതേ വാഹനം നിരത്തിലിറക്കാം. എന്നാൽ ഫിറ്റ്നെസ് ടെസ്റ്റ് അത്ര നിസാരമല്ല.
പി.യു.സി സർട്ടിഫിക്കേറ്റ് ടെസ്റ്റ് അഥവാ പൊല്യൂഷൻ കണ്ട്രോൾ ടെസ്റ്റിന് സമാനമാകും ഈ പരിശോധനയും. നിരത്തിലറങ്ങുന്ന വാഹനം പരിസ്ഥിതിക്ക് ആഘാതമേൽപ്പിക്കുന്നുണ്ടോ എന്നതാണ് ഫിറ്റ്നെസ് ടെസ്റ്റിൽ പ്രധാനമായും പരിശോധിക്കുക. ഇതിന് പുറമെ വാഹനത്തിന്റെ ശേഷി തുടങ്ങിയ മറ്റ് കാര്യങ്ങളും പരിശോധിക്കും. ഒരു ശരാശരി വാഹനത്തിന് ഫിറ്റ്നെസ് സർട്ടിഫിക്കേറ്റ് ലഭിക്കാൻ കുറഞ്ഞത് 40,000 രൂപയാകുമെന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ റോഡ് ടാക്സ്, ഗ്രീൻ ടാക്സ് എന്നിവയും അടയ്ക്കണം. അഞ്ച് വർഷമാണ് ഈ ഫിറ്റ്നസ് സർട്ടിഫിക്കേറ്റിന്റെ കാലാവധി. അഞ്ച് വർഷം കഴിഞ്ഞാൽ വീണ്ടും ഈ പ്രക്രിയയിലൂടെയെല്ലാം കടന്ന്, ഇതേ തുക ചെലവാക്കേണ്ടി വരുമെന്ന് ചുരുക്കം.
ഫിറ്റ്നെസ് ടെസ്റ്റ് പാസായില്ലെങ്കിൽ വാഹനത്തിന് രജിസ്ട്രേഷൻ സർട്ടിഫിക്കേറ്റ്, അഥവാ ആർസി കിട്ടില്ല. ആർസിയില്ലാതെ വാഹനം നിരത്തിലിറക്കാൻ കഴിയില്ല. ആർസിയില്ലാത്ത വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമാണ്. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ആർസിയില്ലാതെ വണ്ടിയോടിച്ചാൽ 2000 രൂപ മുചൽ 5000 രൂപ വരെയാണ് പിഴ.
ആദ്യ തവണ ഫിറ്റ്നെസ് ടെസ്റ്റ് പാസായില്ലെങ്കിൽ രണ്ട് തവണ കൂടി വണ്ടി ഫിറ്റ്നെസ് ടെസ്റ്റിന് അപേക്ഷിക്കാം. എന്നിട്ടും പാസാകാൻ സാധിച്ചില്ലെങ്കിൽ വണ്ടി നിർബന്ധമായും സ്ക്രാപേജ് അധവാ ആക്രിക്ക് നൽകേണ്ടി വരും. ഇനി, വാഹന ഉടമ, വാഹനം ഫിറ്റ്നെസ് ടെസ്റ്റിന് കൊണ്ടുപോകുന്നില്ല, മറിച്ച് വാഹനം മാറ്റി വാങ്ങാനാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ എന്ത് ചെയ്യും? സാധാരണഗതിയിൽ ഒരു പഴയ വാഹനം മാറ്റി വാങ്ങാൻ ഉദ്ദേശിക്കുന്ന ഉടമ, കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല വിലയ്ക്ക് വാഹനം വിറ്റ് പുതിയത് വാങ്ങും. എന്നാൽ നിയമപ്രകാരം കാലാവധി കഴിഞ്ഞ വാഹനം ആര് വാങ്ങാൻ ? ആരും വാങ്ങാനില്ലാത്ത ഈ വാഹനം എവിടെ കളയും ?
ഇവിടെയാണ് സ്ക്രാപേജ് പോളിസിയുടെ ആത്മാവ്. പഴയ വാഹനം നിരത്തുകളിൽ നിന്ന് ഒഴിവാക്കുക എന്നത് ലക്ഷ്യം വച്ച് അവതരിപ്പിച്ചിരിക്കുന്ന ഈ നിയമപ്രകാരം പഴയ വാഹനങ്ങൾ ആക്രി അഥവാ സ്ക്രാപ്പേജിന് നൽകുന്ന വാഹന ഉടമകൾക്ക് സർക്കാർ പണം നൽകും. ഷോറൂം വിലയുടെ 20ശതമാനം വരെയായിരിക്കും സ്ക്രാപേജ് വില എന്നാണ് പുറത്തു വരുന്ന വിവരം. വിന്റേജ് കാറുകൾക്കും ഫിറ്റ്നെസ് പുതുക്കേണ്ടി വരും. ഇവ പൈതൃക വിഭാഗത്തിൽ ഉൾപ്പെടുന്നതുകൊണ്ട് തന്നെ ടാക്സുകളിൽ ഇവയ്ക്ക് ചെറിയ ഇളവുകളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പരിസ്ഥിതിയെ സംരക്ഷിക്കാനും, രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും ലക്ഷ്യം വച്ചുകൊണ്ടാണ് ഈ പുതിയ നയത്തിന് രൂപം നൽകിയിരിക്കുന്നത്. ഒരു പഴയ വാഹനം പുതിയ വാഹനത്തേക്കാൾ 10-12 ശതമാനം കൂടുതൽ വായുമലിനീകരണമുണ്ടാക്കും. അതുകൊണ്ട് തന്നെ പരിസ്ഥിതിയെ സംരക്ഷിക്കാൻ പഴയ വാഹനങ്ങൾ നിരത്തിൽ നിന്ന് ഒഴിവാക്കിയേ മതിയാകൂ. കാലാവധി കഴിഞ്ഞ വാഹനങ്ങൾ മാറ്റി വാങ്ങുകയെന്നത് വാഹന ഉടമയെ സംബന്ധിച്ച് ഒരു ആവശ്യമായി മാറും. ഇത് ഓട്ടോമൊബൈൽ രംഗത്ത് ഡിമാൻഡ് വർധിപ്പിക്കും. വാഹനങ്ങളുടെ നിർമാണം, സ്പെയർ പാർട്ട്സുകളുടെ നിർമാണം, വിതരണം, പാക്കിംഗ്, എക്സ്പോർട്ടിംഗ്, ഇംപോർട്ടിംഗ്, അസംബ്ലിക്, വിൽപ്പന, വിതരണം, തുടങ്ങി ഒരു വാഹനത്തിന്റെ നിർമാണം മുതൽ വിൽപ്പന വരെയുള്ള എല്ലാ മേഖലകളിലും കൂടുതൽ തൊഴിലാളികൾ വേണ്ടി വരും.ഇതിലൂടെ 35,000 ൽ അധികം തൊഴിൽ സാധ്യത സൃഷ്ടിക്കപ്പെടുo. ഓട്ടോമൊബൈൽ രംഗം 4.5 ലക്ഷം കോടിയിൽ നിന്ന് ആറ് ലക്ഷം കോടിയിലേക്ക് വളർച്ച നേടാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. അതോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിനും ഗുണകരമാണ് ഈ പോളിസി. പുതിയ വാഹനങ്ങൾ ഇന്ധന ക്ഷമതയിൽ മുന്നിലായിരിക്കും. ഇത് രാജ്യത്തിന്റെ ക്രൂഡ് ഇംപോർട്ട് ബിൽ കുറയ്ക്കുന്നത് സഹായിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.