വിവാദ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി
ഭരണഘടനാ വിരുദ്ധമെന്ന് രാജ്യത്ത് വലിയൊരു വിഭാഗം കരുതുന്ന വിവാദ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി. 125 പേര്‍ അനുകൂലിച്ച് വോട്ടു ചെയ്തപ്പോള്‍ ബില്ലിനെ 105 പേര്‍ എതിര്‍ത്തു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടു വന്ന പ്രമേയം വോട്ടിനിട്ട് തള്ളിയതിനു ശേഷമാണ് രാജ്യസഭ ഭേദഗതി ബില്‍ വോട്ടിനിട്ടത്. രാഷ്ട്രപതി ഒപ്പു വക്കുന്നതോടെ ബില്‍ നിയമമാകും.
ആറു വര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജൈന, ബുദ്ധ, പാഴ്സി മതവിശ്വാസികള്‍ക്ക് രേഖകള്‍ ഒന്നുമില്ലെങ്കിലും ഇന്ത്യന്‍ പൗരത്വം വ്യവസ്ഥ ചെയ്യുന്ന ബില്ലിലൂടെ 1955 ലെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തുകയാണ് കേന്ദ്രം. മുസ്ലിം സമുദായത്തിന് ബില്ലിന്റെ ആനുകൂല്യം ലഭിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. മുസ്‌ലിംകളെ അവഗണിക്കുന്നതു കൊണ്ട് ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. മുന്‍പ് കുറഞ്ഞതു 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമായവര്‍ക്കു മാത്രമാണ് പൗരത്വം നല്‍കിയിരുന്നത്. എന്നാല്‍ നിലവിലെ ഭേദഗതി പ്രകാരം ഇത് ആറു വര്‍ഷമായി ചുരുക്കും.
നിലവിലെ നയമപ്രകാരം, വിസ, പാസ്‌പോര്‍ട്ട് തുടങ്ങിയ രേഖകളില്ലാതെ വിദേശരാജ്യങ്ങളില്‍നിന്നു വന്ന് ഇന്ത്യയില്‍ താമസിക്കുന്നവര്‍ അനധികൃത കുടിയേറ്റക്കാരാണ്. 1946ലെ വിദേശി നിയമം, 1920ലെ പാസ്‌പോര്‍ട്ട് എന്‍ട്രി നിയമം എന്നിവയനുസരിച്ച് രാജ്യത്ത് അനധികൃത കുടിയേറ്റം ശിക്ഷാര്‍ഹമാണ്. ഇളവ് നല്‍കുന്ന ആറു സമുദായങ്ങളിലെ അനധികൃത കുടിയേറ്റക്കാരെ 2015, 2016 വര്‍ഷങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനങ്ങളിലൂടെ ശിക്ഷാനടപടികളില്‍നിന്ന് ഒഴിവാക്കി രാജ്യത്തു തുടരാന്‍ അനുവദിച്ചു. അവര്‍ക്കു പൗരത്വാവകാശം നല്‍കാനുള്ളതാണ് പുതിയ പൗരത്വനിയമ ഭേദഗതി. പൗരത്വം നിയമം ലംഘിക്കുന്ന വിദേശികളായ ഇന്ത്യന്‍ പൗരന്മാരുടെ ഒസിഐ റജിസ്‌ട്രേഷന്‍ റദ്ദാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. പൗരത്വ ഭേദഗതി ബില്‍ നടപ്പിലാകുന്നതോടെ വിദേശികള്‍ക്ക് സംസ്ഥാന സര്‍ക്കാരുകളുടെ കൂടി അനുമതിയോടെ മാത്രമേ ഇന്ത്യന്‍ പൗരത്വം നല്‍കു. ഓരോ അപേക്ഷയും അതതു സ്ഥലത്തെ ഡപ്യുട്ടി കമ്മിഷണറോ ജില്ലാ മജിസ്‌ട്രേട്ടോ കൃത്യമായി പരിശോധിച്ച് അന്വേഷണം നടത്തണം. സംസ്ഥാന സര്‍ക്കാരുകളും അന്വേഷണം നടത്തണം. ഇരു റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ മാത്രമേ ഇവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുകയുള്ളൂ
സര്‍ക്കാറിനെതിരെ രൂക്ഷമായ പ്രതിക്ഷേധമാണ് പ്രതിപക്ഷത്തുനിന്നുണ്ടായത്. എന്നാല്‍ രാജ്യത്തു താമസിക്കുന്ന മുസ്‌ലിംകള്‍ക്ക് ഒരു ഭീതിയും വേണ്ട എന്നാണ് സര്‍ക്കാര്‍ നിലപാട്. മേല്‍ പറഞ്ഞ മൂന്നു രാജ്യങ്ങളില്‍നിന്ന് മതപരമായ പീഡനത്തെ തുടര്‍ന്നോ പീഡനം ഉണ്ടാകുമെന്ന ഭീതിയെത്തുടര്‍ന്നോ ആറു വര്‍ഷം മുന്‍പ്(2014 ഡിസംബര്‍ 31നു മുന്‍പ്) ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്കു പൗരത്വാവകാശം നല്‍കും. ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അസം, മേഘാലയ, മിസോറം, ത്രിപുര സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗ മേഖലകള്‍ക്കു ബില്‍ ബാധകമാകില്ല. അരുണാചല്‍, മിസോറം, നാഗാലാന്‍ഡ് സംസ്ഥാനങ്ങളില്‍ പ്രവേശിക്കാന്‍ പെര്‍മിറ്റ് ആവശ്യമായ പ്രദേശങ്ങളും ബില്ലിന്റെ പരിധിയില്‍ വരില്ല. എന്നാല്‍ പൗരത്വം നല്‍കുന്നതാനായി തെരഞ്ഞെടുത്ത സമുദായങ്ങളില്‍ മുസ്ലിം ജനതയെ ഉള്‍പ്പെടുത്തിയില്ലെന്നതാണ് വസ്തുത. പൗരത്വം തെളിയിക്കാനും അതിന്റെ അടിസ്ഥാന ഘടകമായി മതത്തെ ഉപയോഗിക്കുന്നതും അവകാശ ലംഘനമാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.