INDIANEWS MAIN

ചന്ദ്രയാന്‍-2ന്‍റെ പരാജയത്തില്‍ നിന്ന് ഫിനക്സ് പക്ഷിയായി ചന്ദ്രയാന്‍-3. 40ദിവസം നീളുന്ന ചാന്ദ്രയാത്രക്ക് തുടക്കം.

2019 സെപ്റ്റംബര്‍ ഏഴിന് ചന്ദ്രന്‍റെ 2കിലോമീറ്റര്‍ അടുത്ത് വച്ച് ചന്ദ്രനിലേക്ക് ഇടിച്ചിറങ്ങിയ ചന്ദ്രയാന്‍ 2 ന്‍റെ പരാജയത്തില്‍ നിന്ന് ഫിനിക്സ് പക്ഷിപോലെ കുതിച്ചുയര്‍ന്ന് ചന്ദ്രയാന്‍ 3. ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നാണ് ഉപഗ്രഹത്തെയും വഹിച്ച് ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണ വാഹനം ഉയർന്നുപൊങ്ങിയത്. ഓഗസ്റ്റ് 23 നോ 24 നോ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യയുടെ ലാൻഡർ ഇറങ്ങുമെന്നാണ് വിലയിരുത്തുന്നത്. ശാസ്ത്രജ്ഞരും കേന്ദ്രമന്ത്രിയടക്കം ആയിരക്കണക്കിന് ആളുകളെ സാക്ഷിയാക്കിയാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൌത്യ പേടകം വിജയകരമായി വിക്ഷേപിച്ചത്.

ചാന്ദ്രയാത്രാ പഥം

വിക്ഷേപണം കഴിഞ്ഞ് പതിനാറാം മിനുട്ടിൽ പേടകം റോക്കറ്റിൽ നിന്ന് വേർപെട്ട് ഭൂമിയിൽ നിന്ന് 170 കിലോമീറ്റർ എറ്റവും കുറഞ്ഞ ദൂരവും 36500 കിലോമീറ്റർ കൂടിയ ദൂരവുമായിട്ടുള്ള പാർക്കിംഗ് ഓർബിറ്റിലില്‍ വിജയകരമായി സ്ഥാപിക്കപ്പെട്ടു. ഇനി അഞ്ച് ഘട്ടമായി നടക്കുന്ന ഭ്രമണപഥ മാറ്റത്തിലൂടെ ഭൂമിയുമായുള്ള അകലം കൂട്ടി കൂട്ടി കൊണ്ടുവരുകയും പിന്നീട് ഇതിന് ശേഷമാണ് ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള പേടകത്തിന്റെ യാത്ര ആരംഭിക്കുകയും ചെയ്യും. ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ അഞ്ച് ഘട്ടമായി ചന്ദ്രനും പേടകവും തമ്മിലുള്ള അകലം കുറച്ച് കൊണ്ടു വരും. ഒടുവിൽ ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിയ ശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ചാന്ദ്രയാൻ മൂന്ന് ലാൻഡർ വേർപ്പെടുകയും ലാൻഡർ ചന്ദ്രനിൽ നിന്ന് മുപ്പത് കിലോമീറ്റർ കുറഞ്ഞ ദൂരവും നൂറ് കിലോമീറ്റ‌ർ കൂടിയ ദൂരവുമായിട്ടുള്ള ഒരു ഭ്രമണപഥത്തിലേക്ക പ്രവേശിക്കുകയും ചെയ്യും. ഇവിടെ നിന്നാണ് നിർണായകമായ ലാൻഡിംഗ് പ്രക്രിയ തുടങ്ങുന്നത്. ഭ്രമണപഥം വിട്ട് കഴിഞ്ഞാൽ 20 മിനുട്ട് കൊണ്ട് ലാൻഡ് ചെയ്യാനാണ് ഇസ്രൊ പദ്ധതിയിട്ടിരിക്കുന്നത്. ആഗസ്റ്റ് 23നോ 24നോ ആയിരിക്കും ആരും എത്തിനോക്കുവാന്‍ ദൈര്യപ്പെടാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ലാന്‍ഡ് ചെയ്യുന്ന ചരിത്ര നിമിഷം. ലാൻഡിംഗ് കഴിഞ്ഞാൽ റോവർ പുറത്തേക്ക്. പിന്നെ 14 ദിവസം നീളുന്ന പര്യവേഷണം. ഇത്രയും കഴിഞ്ഞാൽ മാത്രമേ ചന്ദ്രയാൻ മൂന്ന് ദൗത്യം വിജയകരമായി പൂർത്തിയായെന്ന് പ്രഖ്യാപിക്കാനാവൂ.

ചാന്ദ്രയാൻ മൂന്ന് ലാൻഡർ ചന്ദ്രോപരിതലത്തിലേക്ക് (മാതൃകാ ചിത്രം)

ചന്ദ്രയാൻ മൂന്നിലെ മൂന്ന് വ്യത്യസ്തഘടകങ്ങളെ വിശദമായി പരിചയപ്പെടാം. ചന്ദ്രനിൽ ഇറങ്ങാൻ പോകുന്ന ലാൻഡർ, ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കാൻ പോകുന്ന റോവർ. പിന്നെ ലാൻഡറിനെ ചാന്ദ്ര ഭ്രമണപഥം വരെയെത്തിക്കാൻ പോകുന്ന പ്രൊപ്പൽഷൻ മൊഡ്യൂൾ. അങ്ങനെ മൂന്ന് ഘടകങ്ങൾ ചേ‍‌ർന്നതാണ് ഇന്ത്യയുടെ ചന്ദ്രയാൻ മൂന്ന് ദൗത്യം. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ വിക്ഷേപണത്തിനുള്ള 25 അരമണിക്കൂര്‍ നീളുന്ന കൗണ്ട് ഡൗണ്‍ തുടങ്ങിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയില്‍ നിന്നും ചന്ദ്രയാന്‍ മൂന്ന് ദൗത്യവുമായി എല്‍വിഎം 3 കുതിച്ചുയർന്നു.

ഇന്ധനമടക്കം 2,148 കിലോഗ്രാം ഭാരമുണ്ട് പ്രൊപ്പൽഷൻ മൊഡ്യൂളിന്. കഴിഞ്ഞ തവണത്തേതിൽ നിന്നുള്ള പ്രധാന മാറ്റങ്ങളിൽ ഒന്ന് ഓ‌‌ർബിറ്റ‍ർ അഥവാ പ്രൊപ്പൽഷൻ മൊഡ്യൂളിൽ കാര്യമായ ശാസ്ത്ര ഗവേഷണ ഉപകരണങ്ങളില്ല എന്നുള്ളതാണ്. SHAPE അഥവാ Spectro-polarimetry of HAbitable Planet Earth (SHAPE) എന്ന ഒരേയൊരു പേ ലോഡാണ് ഓർബിറ്ററിൽ ഉള്ളത്. (ചാന്ദ്ര ഭ്രമണപഥത്തിൽ നിന്ന് ഭൂമിയെ നിരീക്ഷിക്കാനുള്ളതാണ് ഈ ഉപകരണം). നിലവില്‍ ചന്ദ്രനെ ഭ്രമണം ചെയ്യുന്നതിൽ വച്ച് എറ്റവും ശേഷിയുള്ള ഉപഗ്രഹങ്ങളിലൊന്നാണ് ചന്ദ്രയാൻ രണ്ടിന്‍റെ ഓർബിറ്റർ. അത് കൊണ്ടാണ് ഇക്കുറി പ്രൊപ്പൽഷൻ മൊഡ്യൂളിൽ കാര്യമായ ഉപകരണങ്ങൾ ഇല്ലാത്തതെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നു.

അതേ സമയം ചന്ദ്രയാന്‍ ദൗത്യത്തിലെ താരം ലാൻഡറാണ്. ചാന്ദ്ര ഉപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ പോകുന്ന ലാൻഡറിന്‍റെ ഭാരം 1,726 കിലോഗ്രാമാണ്. നാല് പേ ലോഡുകളാണ് ലാൻഡറിലുള്ളത്.

  1. റേഡിയോ അനാട്ടമി ഓഫ് മൂൺ ബൗണ്ട് ഹൈപ്പ‍ർസെൻസിറ്റീവ്
    ഐയണോസ്ഫിയ‍‌‌‌‌ർ ആൻഡ് അറ്റ്മോസ്ഫിയ‍ർ അഥവാ രംഭ. ചന്ദ്രോപരിതലത്തിലെ പ്ലാസ്മ സാന്നിധ്യം പഠിക്കാനുള്ള ഉപകരണമാണ് ഇത്.
  2. ചന്ദ്ര സ‍ർഴേസ് തെർമോ ഫിസിക്കൽ എക്സ്പെരിമന്‍റ് അഥവാ ചേസ്റ്റ്. ചന്ദ്രന്‍റെ ധ്രുവ പ്രദേശങ്ങളിലെ താപ വ്യതിയാനം പഠിക്കുകയാണ് ഈ ഉപകരണത്തിന്‍റെ ലക്ഷ്യം.
  3. ഇൻസ്ട്രുമെന്‍റ് ഫോ‌‌‌ർ ലൂണാർ സീസ്മിക് ആക്റ്റിവിറ്റ് അഥവാ ഇൽസ. ചന്ദ്രോപരിതലത്തിലെ കുലുക്കങ്ങൾ പഠിക്കാനായി ഈ ഉപകരണത്തിന്‍റെ സാഹായം തേടുന്നു.
  4. ലേസ‍‌ർ റിട്രോഫ്ലക്റ്റ‍ർ അറേ. നാസയിൽ നിന്നുള്ള പേ ലോഡ് ഉപകരണമാണിത്.

കൂടുതൽ കരുത്തേറിയ കാലുകളും കൂടുതൽ മെച്ചപ്പെട്ട സെൻസറുകളുമായാണ് ഇത്തവണ ഇസ്രൊ ലാൻഡറിനെ ഒരുക്കിയിരിക്കുന്നത്. ലാൻഡറിന്‍റെ അടിയിലുള്ള നാല് ലിക്വിഡ് എഞ്ചിനുകളാണ് ബഹിരാകാശ പേടകത്തിന്‍റെ സോഫ്റ്റ് ലാൻഡിംഗ് സാധ്യമാക്കുക. ലാൻഡറിൽ നിന്നുള്ള വിവരങ്ങൾ രണ്ട് ഓ‍ർബിറ്റ‍ർ വഴിയും പ്രൊപ്പൽഷൻ മൊഡ്യൂൾ വഴിയുമായിരിക്കും ഭൂമിയിലേക്ക് എത്തുക.

ലാൻഡറിന് അകത്താണ് ഈ ദൗത്യത്തിലെ എറ്റവും ഭാരം കുറഞ്ഞ ഘടകമുള്ളത്. അതാണ്, ചന്ദ്രയാൻ 3 റോവ‍ർ. വെറും 26 കിലോ മാത്രം ഭാരമുള്ള, ആറ് ചക്രങ്ങളുള്ള ഈ ചെറു റോബോട്ടിലുള്ളത് രണ്ട് പേ ലോഡുകളാണ്. ചന്ദ്രന്‍റെ മണ്ണിനെക്കുറിച്ച് പഠിക്കാനുള്ള ലേസ‍ർ ഇൻഡ്യൂസ്ഡ് ബ്രേക്ക് ഡൗൺ സ്പെക്ട്രോസ്കോപ്പും, ചന്ദ്രനിലെ മൂലക സാന്നിധ്യം പഠിക്കാനുള്ള ആൽഫ പാ‍‌ർട്ടിക്കിൾ എക്സ് റേ സ്പെക്ട്രോ മീറ്ററും ഇതില്‍ ഉള്‍പ്പെടുന്നു.

ഒരു ചാന്ദ്ര പകൽ മാത്രമാണ് ലാൻഡറിന്‍റെയും റോവറിന്‍റെയും ആയുസ്. അതായത്, ചന്ദ്രനിൽ സൂര്യൻ ഉദിക്കുന്നത് മുതൽ അസ്തമിക്കുന്നത് വരെയുള്ള സമയം മാത്രം. ഭൂമിയിലെ കണക്ക് വച്ച് നോക്കിയാൽ ഇത് വെറും 14 ദിവസമാണ്. ലാൻഡിംഗ് വിജയകരമായി പൂ‍ർത്തിയാക്കി, തുടര്‍ന്നുള്ള 14 ദിവസവും ഉപകരണങ്ങളെല്ലാം പ്രവര്‍ത്തിച്ചാലാണ് ദൗത്യം സമ്പൂർണ വിജയമായി പ്രഖ്യാപിക്കുക. അതിനായുള്ള കാത്തിരിപ്പിലാണ് രാജ്യത്തെ 140 കോടി ജനങ്ങളും ഐഎസ്ആര്‍ഒ(ഇസ്രോ)യിലെ ശാസ്ത്രസമൂഹവും.

0