KERALANEWS MAIN

കട്ടവനെയല്ല; കട്ടു എന്ന് പറയുന്നവനെ പിടിച്ച് കേസാക്കി പുതു ചരിത്രം കുറിച്ച് പിണറായി പോലീസ്!!!

കട്ടവനെ കണ്ടില്ലങ്കില്‍ കണ്ടവനെ പിടിക്കും എന്നത് കേരള പോലീസിന്‍റെ പഴയ തിയറി എന്നാല്‍ ഇപ്പോള്‍ കട്ടവനെ പിടിക്കില്ല എന്ന് മാത്രമല്ല കട്ടു എന്നു പറയുന്നവനേയും പറയുന്നത് കേട്ടവനേയും പിടിച്ചു കേസാക്കുകയാണ് പിണറായി പോലീസ്. മഹാരാജാസ് കോളജിലെ മാർക്ക് ലിസ്റ്റ് വിവാദം റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടറെയും ഗൂഢാലോചനാ കേസിൽ പ്രതിചേർത്ത് കൊച്ചി സിറ്റി പൊലീസ് പോലീസ് ചരിത്രത്തില്‍ തങ്ക ലിപികളില്‍ എഴുതി ചേര്‍ക്കേണ്ട വിചിത്ര നടപടിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതി അതേപടി മുഖവിലയ്ക്കെടുത്താണ് പ്രാഥമികാന്വേഷണം പോലും നടത്താതെ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടര്‍ അഖില നന്ദകുമാറിനെ പ്രതിയാക്കിയത്.

ഇക്കഴി‍ഞ്ഞ ആറിനാണ് മഹാരാജാസ് കോളജിലെ മുൻ എസ് എഫ് ഐ നേതാവ് കെ.വിദ്യയുടെ വ്യാജരേഖാ കേസിലെ വിശദാംശങ്ങൾ തേടി അഖിലയും ക്യാമറാമാനും കാമ്പസിലെത്തിയത്. കെ.വിദ്യയുടെ വ്യാജരേഖാ കേസ് മഹാരാജാസ് കാമ്പസിൽ നിന്ന് തത്സമയം റിപ്പോർട്ട് ചെയ്യുന്നതിനിടെ ആർഷോക്കെതിരെ കെ എസ് യു നേതാക്കൾ ഉന്നയിച്ച ആരോപണവും അഖില ലൈവായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെയാണ് പൊതു സമൂഹത്തിന് മുന്നിലേക്ക് വ്യാജരേഖാക്കേസിനൊപ്പം എസ്‌എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ മാർക്ക് ലിസ്റ്റ് വിവാദവും ഉയ‍ർന്നത്. ഇതാണ് ഭരണകക്ഷിയെ ചൊടിപ്പിച്ചത്. സിപിഎം നേതാക്കളുടെ താല്‍പര്യം സംരക്ഷിക്കുവാനായി ഈ റിപ്പോര്‍ട്ടിനെ ഗൂഢാലോചനയായി അവതരിപ്പിച്ച് പൊലീസ് ശരവേഗം എഫ് ഐ ആർ ഇടുകയായിരുന്നു. വിഷയത്തെക്കുറിച്ച് അഖില അഭിമുഖം എടുത്ത മഹാരാജാസ് കോളേജിലെ പ്രിൻസിപ്പൽ വി എസ് ജോയി, ആർക്കിയോളജി വിഭാഗം മേഥാവി ഡോ. വിനോദ് കുമാർ എന്നിവരാണ് ആദ്യ രണ്ടു പ്രതികൾ. ആരോപണം ഉന്നയിച്ച കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ, കെ എസ് യു മഹാരാജാസ് യൂണിറ്റ് പ്രസിഡന്‍റ് ഫാസിൽ എന്നിവരാണ് മൂന്നും നാലും പ്രതികൾ.

ഈ സംഭവത്തെ തനിക്കെതിരായ ഗൂഢാലോചനയെന്ന പേരിൽ വ്യാഖ്യാനിച്ച് പി എം ആർഷോ പൊലീസിനെ സമീപിച്ചു. ഈ പരാതിയിലാണ് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെ പ്രതിയാക്കി കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തത്. വ്യാജരേഖാ കേസിൽ പ്രതിയായ വിദ്യയെ കണ്ടെത്താൻ പോലും കഴിയാത്ത സംസ്ഥാന ആഭ്യന്തര വകുപ്പാണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ പരാതിയിൽ മിന്നൽ വേഗത്തിൽ കേസെടുത്ത് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിനെക്കൊണ്ട് അന്വേഷിപ്പിച്ച് എഫ് ഐ ആര്‍ ഇട്ടിരിക്കുന്നത്. മാധ്യമ പ്രവർത്തനത്തിന്‍റെ ഭാഗമായി വ്യാജരേഖാക്കേസിലെ വിവരങ്ങൾ പൊതു സമൂഹത്തിലേക്കെത്തിക്കാൻ കാമ്പസിൽ പോയ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർക്കെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തിയ പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിക്ഷേധം ഉയര്‍ന്നിരിക്കുകയാണ്.

0