തെലങ്കാന രാഷ്ട്ര സമിതി( ടി ആര്‍എസ്) ഇന്നു മുതല്‍ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്)
തെലങ്കാനയിലെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി( ടി ആര്‍എസ്) അവരുടെ പേര് ‘ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) ‘ എന്നാക്കി മാറ്റിക്കൊണ്ട് ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പാർട്ടിയുടെപ്രവേശനത്തിന് തുടക്കം കുറിച്ചു.
ഇതു സംബന്ധിച്ച പ്രമേയം പാർട്ടി ജനറൽ ബോഡി യോഗത്തിൽ പാസാക്കിയതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു പ്രമേയം വായിക്കുകയും ടിആർഎസ് എന്ന പേര് ബിആർഎസ് എന്നാക്കി മാറ്റാൻ പാർട്ടി ജനറൽ ബോഡി യോഗം ഐകകണ്‌ഠേന തീരുമാനിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.
പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ യോഗത്തിന് വേദിയായ പാർട്ടി ആസ്ഥാനത്തിന് പുറത്ത് തടിച്ചുകൂടിയ ടിആർഎസ് പ്രവർത്തകർ ആഘോഷത്തിൽ മുഴുകി. പാർട്ടി നേതാക്കൾ പടക്കം പൊട്ടിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
ടിആർഎസ് അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവു തെലങ്കാന ഭവനിൽ ആരംഭിക്കുന്ന പുതിയ ദേശീയ പാർട്ടി ബിആർഎസിന് (ഭാരതീയ/ഭാരത് രാഷ്ട്ര സമിതി) പിന്തുണ നൽകുന്നതിനായി ജെഡിഎസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി ബുധനാഴ്ച നഗരത്തിലെത്തി. അഖിലേഷ് യാദവ് (സമാജ്‌വാദി പാർട്ടി), തേജസ്വി യാദവ് (രാഷ്ട്രീയ ജനതാദൾ) തുടങ്ങിയ പ്രാദേശിക പാർട്ടികളുടെ നേതാക്കളെ റാവു ക്ഷണിച്ചിട്ടുണ്ടെങ്കിലും കുമാരസ്വാമി ഒഴികെ മറ്റാരും ചന്ദ്രശേഖര്‍ റാവുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.

