കോലാര്‍ സീറ്റിനെ ചൊല്ലി കോൺഗ്രസില്‍ പൊട്ടിത്തെറി.

Print Friendly, PDF & Email

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കോലാർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ടിക്കറ്റിനെച്ചൊല്ലി കോൺഗ്രസിൻ്റെ കർണാടക ഘടകത്തിൽ വൻ കലാപം. സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയും മുതിര്‍ന്ന നേതാവുമായ കെ എച്ച് മുനിയപ്പയുടെ മരുമകൻ ചിക്കപ്പേടണ്ണയെ കോലാര്‍ ലോക്‌സഭാ സീറ്റിൽ നിന്ന് മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചാൽ മൂന്ന് എംഎൽഎമാരും രണ്ട് എംഎൽസിമാരും അടക്കം അഞ്ച് പാർട്ടി സമാജികര്‍ രാജിവെക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്.

മന്ത്രിസഭയിലെ സഹപ്രവർത്തകരുടെ മക്കൾക്ക് കോൺഗ്രസ് ടിക്കറ്റ് നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് തന്‍റെ മരുമകന് കോലാർ ടിക്കറ്റ് ലഭിക്കുന്നതിനായി മുനിയപ്പ ചരടുവലിച്ചത്. ദളിത് നേതാവും മുൻ രാജ്യസഭാംഗം എൽ ഹനുമന്തയ്യക്ക് സീറ്റ് ഉറപ്പിക്കുന്നതിനായി അദ്ദേഹത്തിന്‍റെ പക്ഷവും തീവ്രമായി ശ്രമിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ പൊട്ടിത്തെറിയിലേക്ക് എത്തിയിരിക്കുന്നത്.

കോലാർ എംഎൽഎ കോട്ടൂർ മഞ്ജുനാഥ്, മാലൂർ എംഎൽഎ കെ വൈ നഞ്ചെഗൗഡ, മന്ത്രി എം സി സുധാകർ, എംഎൽഎ അനിൽ കുമാർ, എംഎൽഎ നസീർ അഹമ്മദ് എന്നിവർ ഉൾപ്പെടെയുള്ളവരാണ് രാജി ഭീഷണി മുഴക്കിയിരിക്കുന്നത്. മുനിയപ്പയുടെ കുടുംബത്തിന് കോൺഗ്രസിൽ നിന്ന് അവസരങ്ങൾ വേണ്ടത്ര പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും അതിനാൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഏതെങ്കിലും നേതാവിനെ സീറ്റിൽ നിന്ന് മത്സരിപ്പിക്കണമെന്നുമാണ് അമർഷമുള്ള നിയമസഭാ സാമാജികരുടെ വാദം.

“മുനിയപ്പയുടെ മകൾ രൂപകല കെജിഎഫിൽ എംഎൽഎയാണ്, അതില്‍ ഞങ്ങൾക്ക് പ്രശ്‌നങ്ങളൊന്നുമില്ല. എന്നാല്‍, വീണ്ടും മരുമകനെ കൂടി സ്ഥാനാർത്ഥിയാക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. അതില് ഞങ്ങള്‍ക്ക് കടുത്ത പ്രതിക്ഷേധം ഉണ്ട്. പാര്‍ട്ടിക്കു വേണ്ടി ഒരുപാട് കഷ്ടപ്പെട്ടവര്‍ ധാരാളം ഉള്ളതിനാൽ മറ്റുള്ളവർക്ക് പ്രാതിനിധ്യം നൽകണം എന്ന് മുഖ്യമന്ത്രിയോടും ഉപമുഖ്യമന്ത്രിയോടും ഹൈക്കമാൻഡിനോടും അഭ്യർത്ഥിച്ചു. പാർട്ടി ഹൈക്കമാൻഡിനോട് ഞങ്ങള്‍ക്ക് ബഹുമാനമുണ്ട്, എന്നാൽ. ചിലർ ടിക്കറ്റിനായി ഹൈക്കമാൻഡിന്മേൽ സമ്മർദ്ദം ചെലുത്തുന്നു, അതിനാൽ ഇനിയും ഇങ്ങനെ തുടരുന്നതിൽ അർത്ഥമില്ല, ഞങ്ങള്‍ക്ക് ഞങ്ങളുടെ വീട്ടിൽ ഇരിക്കാം. വിഷയത്തിൽ സംസാരിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രി എം സി സുധാകർ പറഞ്ഞു,

ഉത്തര കന്നഡയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, ‘ആരും ലക്ഷ്മണരേഖ’ കടക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. കോലാറിൻ്റെ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ആരും ആശങ്കപ്പെടേണ്ടതില്ല. കോൺഗ്രസ് പാർട്ടിയിൽ അച്ചടക്കം പ്രധാനമാണ്. ലക്ഷ്മണരേഖയെ ആരും മറക്കരുത്. ഒരു പാർട്ടി ഉണ്ടെങ്കിൽ, എല്ലാവരും അവിടെ ഉണ്ടാകും. പാർട്ടി ഇല്ലെങ്കിൽ നമ്മൾ ആരുമല്ല. ഞാൻ അവരോട് സംസാരിച്ചിട്ടുണ്ട്. അവരും അംഗീകരിച്ചിട്ടുണ്ട്. ഞാനും മുഖ്യമന്ത്രിയും ബാംഗ്ലൂരിൽ പോയി അവരോട് ഇരുന്ന് സംസാരിക്കും,” ഡികെ ശിവകുമാർ പറഞ്ഞു.

Pravasabhumi Facebook

SuperWebTricks Loading...